Lekhakan News Portal

ക്രിസ്തുവിൽ വിശ്വസിച്ചു: ഇറാനിൽ 12 പരിവർത്തിത ക്രിസ്ത്യാനികൾ അറസ്റ്റിലെന്നു ദേശീയ മാധ്യമം

0

ടെഹ്‌റാൻ: യേശു ക്രിസ്തുവിൽ വിശ്വസിച്ചതിന്റെ പേരിൽ ഇറാനിൽ സ്ത്രീകൾ ഉൾപ്പെടെ പന്ത്രണ്ടു പരിവർത്തിത ക്രൈസ്തവ വിശ്വാസികളെ റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ അന്യായമായി അറസ്റ്റ് ചെയ്തു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാനിയൻ മാധ്യമമായ ഇറാൻ ഫോക്കസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ പുൽകിയിരിക്കുന്നവരാണ്. ഇക്കഴിഞ്ഞ ജൂൺ 30ന് ടെഹ്റാനിലെ യാഫ്താബാദ് ജില്ലയിലെ ഒരു ഭവനത്തിൽ ചേർന്ന മുപ്പതുപേരടങ്ങുന്ന ക്രിസ്ത്യൻ കൂട്ടായ്മയിലേക്ക് ഇരച്ചുകയറിയ പത്തു പേരടങ്ങുന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് അംഗങ്ങളാണ് അറസ്റ്റ് നടത്തിയത്.

കാമറ ഓഫ് ചെയ്തതിനു ശേഷം പുരുഷന്മാരെ സ്ത്രീകളിൽ നിന്നും മാറ്റിനിർത്തി പുസ്തകങ്ങളും ഫോണുകളും പിടിച്ചു വാങ്ങുകയും, അതിക്രൂരമായി മർദ്ദിച്ചതിന് ശേഷം അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന് പ്രസ്താവിക്കുന്ന പേപ്പറിൽ നിർബന്ധമായി ഒപ്പിട്ട് വാങ്ങുകയും ചെയ്തുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇവരിൽ ആറു പേരെ കൈവിലങ്ങണിയിച്ച് കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജോസഫ് ഷഹ്ബാസിയാൻ, റേസാ എൻ. സാലർ എ, സോണിയ എന്നിവർക്ക് പുറമേ മിനാ, മറിയം എന്നിവരെയാണ് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. ക്രൈസ്തവർക്കും അക്രൈസ്തവരായ അവരുടെ കുടുംബാംഗങ്ങൾക്കും മർദ്ദനമേൽക്കേണ്ടി വന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

രാഷ്ട്രവിരുദ്ധ പ്രചാരണം നടത്തുന്നു എന്ന വ്യാജ ആരോപണത്തിന്റെ പേരിൽ ജൂൺ 21-ന് ഹബീബ് ഹെയ്ദാരി, സാം ഖോസ്രാവി, സാസൻ ഖോസ്രാവി, മറിയം ഫല്ലാഹി, മാർജൻ ഫല്ലാഹി, പൊരിയ പിമ, ഫത്തേമെ തലേബി എന്നീ ക്രൈസ്തവ വിശ്വാസികളും അറസ്റ്റിലായിരുന്നു. ഇറാനു പുറത്തുള്ള ഇറാനിയൻ സുവിശേഷകരുമായുള്ള ബന്ധം, ക്രിസ്ത്യൻ ഗ്രന്ഥങ്ങളും പ്രതീകങ്ങളും, ഭവന കൂട്ടായ്മ എന്നിവയാണ് കുറ്റാരോപണമായി ഇവർ നിരത്തിയത്. ഇവരിൽ ചിലർക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷയും, ചിലർക്ക് തൊഴിൽ വിലക്കും, ഉയർന്ന പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനിൽ മതന്യൂനപക്ഷങ്ങൾക്ക് നിയമപരമായ അംഗീകാരം ഉണ്ടെങ്കിലും രാജ്യത്തെ ക്രൈസ്തവ സമൂഹം കടുത്ത പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്.

Leave A Reply

Your email address will not be published.