Lekhakan News Portal

വാസ്തവമായി സ്നേഹിക്കുന്നുവോ?

0

ഈ ലോകത്തിൽ ഏറ്റവും പ്രകടമായി കേൾക്കുന്ന ഒരു ചോദ്യമാണ് “നീ എന്നെ വാസ്തവമായി സ്നേഹിക്കുന്നുവോ?” മാതാപിതാക്കൾ മക്കളോട്, മക്കൾ മാതാപിതാക്കളോട്, ഭാര്യ ഭർത്താവിനോട്, ഭർത്താവു ഭാര്യയോട്, കമിതാക്കൾ തമ്മിൽ ഈ ചോദ്യം മുഴങ്ങികേൾകാം. കപടത നിറഞ്ഞ ഈ ലോകത്തു സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രമായി സ്നേഹം എന്ന വികാരം ചുരുങ്ങിപോയിരിക്കുന്നു. തിരികെ എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടുള്ള സ്നേഹമാണ് നമുക്ക് ചുറ്റും കാണാൻ കഴിയുക. എങ്കിലും യഥാർത്ഥമായി സ്നേഹിക്കുന്ന ചില മനുഷ്യരേ ഈ പ്രളയങ്ങളും ദുരന്തങ്ങളും അലയടിച്ചപ്പോൾ ചിലയിടങ്ങളിൽ കാണാൻ കഴിഞ്ഞു. സ്വയ പ്രശംസക്ക് വേണ്ടിയല്ലാതെ ആരാലും അറിയപ്പെടാൻ ആഗ്രഹിക്കാതെ തന്റെ നന്മകൾ പകുത്തു നൽകാൻ തയ്യാറായവർ, സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞു പോയവർ ഇവരൊക്കെയല്ലേ സ്വാര്ഥതയിൽ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂമിയെ സ്നേഹം കൊണ്ട് മനോഹരമാക്കുന്നത്? ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നാഴികയ്ക്ക് നൂറുവട്ടം പറയുന്നവർ സ്നേഹം അഭിനയിക്കുകയല്ലേ ചെയ്യുന്നത്? സ്നേഹം എന്ന വികാരം വെറും വാക്കിൽ ഒതുങ്ങി നിൽക്കേണ്ടതാണോ? വീടിനു ചുറ്റും മതിലിന്റെ ഉയരം കൂടുന്നതും, വലിയ ഗേറ്റിനു പുറത്തു അന്യർക്ക് പ്രവേശനമില്ല എന്ന ബോർഡ് വെക്കുന്നതുമെല്ലാം സ്നേഹം നഷ്ട്ടപെട്ടു സ്വാര്ഥതയെന്ന പുതപ്പിനുള്ളിലേക്കു കയറി ഒളിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ ജീവിതം അല്ലെ പ്രതിധ്വനിക്കുന്നത്? ഈ കാലത്തു വിവാഹ മോചനങ്ങളുടെ നിരക്ക് വർധിക്കുന്നതും, അമ്മത്തൊട്ടിലുകൾ വർധിക്കുന്നതും, കുറ്റവാളികളുടെ എണ്ണം പെരുകുന്നതുമെല്ലാം സ്നേഹമില്ലായ്മയെ അല്ലേ കാണിക്കുന്നത്? ഈ പ്രളയങ്ങളും ദുരന്തങ്ങളും എന്താണ് നമ്മെ മനസിലാക്കി തന്നത്? നമ്മുടെ ജീവന് യാതൊരു ഉറപ്പും ഇല്ല എന്ന് തന്നെയല്ലേ… അങ്ങനെയുള്ള ഈ കാലത് എന്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആണ് മനുഷ്യൻ? എന്ത് വെട്ടിപ്പിടിക്കാൻ വേണ്ടിയാണ്? വെട്ടിപിടിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ട്ടപെടുത്തേണ്ടവരല്ലേ നമ്മൾ. വെറുംകൈയായ് വേണ്ടേ നാം ഇവിടം വിട്ടു പോകാൻ, ഈ ഒരു വിചാരം നമ്മെ യഥാർത്ഥ സ്നേഹത്തിലേക്ക് നയിക്കും.
വിശുദ്ധ വേദപുസ്തകത്തിൽ യേശു തന്റെ പ്രിയ ശിഷ്യനായ പത്രൊസിനോടും പലവട്ടം ആവർത്തിക്കുന്ന ഒരു ചോദ്യമാണ് നീ എന്നെ വാസ്തവമായി സ്നേഹിക്കുന്നുവോ? എന്നത്. സ്വാർത്ഥതയ്ക്കുവേണ്ടി സ്നേഹിക്കുന്ന നമ്മോടും ചോദിക്കപ്പെടാൻ സാധ്യതയുള്ള ചോദ്യം.കുടുംബബന്ധങ്ങളിൽ, വ്യക്തി ബന്ധങ്ങളിൽ നാം വാസ്തവമായി സ്നേഹിക്കുന്നുണ്ടോ? അതോ എല്ലാം ഒരു കടപ്പാടിന്റെ പേരിൽ ചെയ്തു തീർക്കുന്നതോ? സ്നേഹം ഉണ്ടെന്നുള്ള മിഥ്യധാരണകളുടെ അത്യുച്ച കൊടിയിലേക്ക് ഉയർന്ന ഒരാൾക്കു പിന്നീട് സ്നേഹത്തെ പുനഃപരിശോധിക്കേണ്ടി വരുന്നു. ഈ കാണിക്കുന്ന ശാഠ്യങ്ങൾ, പരാതികൾ, കുറ്റപ്പെടുത്തലുകൾ, കൊടിയ പോസ്സസീവ്നെസ്സ് (അധീനപ്പെടുത്തലുകൾ) സൗന്ദര്യപിണക്കങ്ങൾ, വഴക്കുകൾ ഇതൊക്കെ തന്നെ ആയിരുന്നോ സ്നേഹം? വീണ്ടും ആ ചോദ്യം ആവർത്തിക്കപ്പെടുമ്പോൾ ആർക്കാണ് കരയാതിരിക്കാൻ കഴിയുക? അതിനു കാരണം നമ്മുടെ തിരിച്ചറിവാണ്, നാം വാസ്തവമായി സ്നേഹിച്ചട്ടില്ല എന്ന തിരിച്ചറിവ്. എല്ലാം അഭിനയമായിരുന്നു എന്ന തിരിച്ചറിവ്. ഒരു തവണയെങ്കിലും തന്റെ സ്നേഹത്തെ പുനഃപരിശോധിക്കേണ്ട ഗതികേടുണ്ടായ ഒരാൾക്കു വാവിട്ട കരയാതിരിക്കാനാകുമോ? എന്തായിരുന്നു പിന്നെ ഇത്രെയും നാൾ കാണിച്ചു കൂട്ടിയത്? അത് പല ആവേഗങ്ങൾ ഉള്ള ഇഷ്ട്ടങ്ങൾ മാത്രം. കാരണം ഇഷ്ട്ടം എന്നത് ഒരു വികാരവും സ്നേഹം എന്നത് ഒരു സ്വഭാവ സവിശേഷതയുമാണ്… കാണുന്ന എന്തിനോടും ഇഷ്ട്ടം തോന്നാം പക്ഷെ സ്നേഹം തോന്നണമെന്നില്ല.സ്വഭാവം അത്രപെട്ടെന്നൊന്നും മാറില്ല, മാറി മാറി പോകുന്നത് വെറും ഇഷ്ടങ്ങളും ആകര്ഷണങ്ങളും മാത്രം.
താൻ ഇതുവരെ കാണിച്ചതോ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നതോ അല്ല സ്നേഹം എന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്റെ വ്യക്തമായ മാനസാന്തരം. തള്ളിപറഞ്ഞാ പത്രോസ് എന്തിനാണ് പുറത്തു പോയി പൊട്ടി കരഞ്ഞത്? താനിതുവരെ കാണിച്ചു കൂട്ടിയതല്ലാരുന്നു യഥാർത്ഥ സ്നെഹം എന്നും തന്നെ നോക്കുന്ന യേശുവാണ് യഥാർത്ഥ സ്നേഹമെന്നും തിരിച്ചറിഞ്ഞപ്പോൾ ആ സ്നേഹത്തിന്റെ മുൻപിൽ, തള്ളിപ്പറഞ്ഞവനെ ചേർത്തുപിടിക്കുന്ന ആ സ്നേഹത്തിനു മുൻപിൽ എങ്ങനെ പിടിച്ചു നില്കാനാവും, പൊട്ടിക്കരഞ്ഞുപോകും. എത്രയൊക്കെ വാങ്ങി കൊടുത്താലും പല കുടുംബങ്ങളിൽ നിന്നും ഉയർന്നു വരുന്ന ശബ്ദമാണ് ” എന്നോട് ഇപ്പോ ഒട്ടും സ്നേഹമില്ല” പല കുഞ്ഞുങ്ങളും നെടുവീർപ്പോടെ പറയുന്നു, അപ്പയ്ക്കും അമ്മക്കും എന്നോട് സ്നേഹമില്ല… അതിനു മറുപടിയായി നമുക് പറയാൻ ഒരുപാട് ഉപാധികൾ ഉണ്ടാകും. നാം കാണിച്ചതാണോ സ്നേഹം? ഈ സ്നേഹക്കുറവുകൾ പെട്ടെന്ന് മനസിലാക്കാൻ കഴിയും. കൈമാറി എടുക്കുന്ന പിഞ്ചുകുഞ്ഞുപോലും വാവിട്ടു കരയുന്നത് എന്തിനാണ്? തന്റെ അമ്മയുടെ സ്നേഹാർദ്രമായ കരങ്ങൾ അല്ല എന്ന് ആ കുഞ്ഞിനുപോലും വേഗത്തിൽ മനസിലാകുന്നുവെങ്കിൽ പെട്ടെന്ന് തിരിച്ചറിയാനാകും നമ്മുടെ ജീവിതത്തിലെ സ്നേഹക്കുറവുകൾ. യഥാർത്ഥ സ്നേഹം വ്യവസ്ഥകൾ ഇല്ലാത്തതാണ്, ഉപാധികൾ ഇല്ലാത്തതാണ്.പക്ഷെ നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ നാം സ്നേഹിച്ചു എന്ന് പറയുന്നതിൽ ലഭിക്കുകയും കൊടുക്കുകയും ചെയ്ത എല്ലാ അനുഭവങ്ങൾക്കും കൃത്യമായും വ്യക്തമായും ഉള്ള കണക്കുകളും ഉടമ്പടികളും ഉണ്ടായിരുന്നു. എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടുള്ള സ്നേഹപങ്കുവെക്കലുകൾ.
എന്നിട്ട് നാം അത് നഷ്ട്ടപെട്ടു കഴിയുമ്പോൾ കരഞ്ഞുകൊണ്ട് പറയും ഒരിക്കലൂടെ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ … മരിച്ചു കിടക്കുന്ന ആ സ്ത്രീക്ക് അരികിൽ നിന്നുകൊണ്ട് അവളുടെ ഭർത്താവ് വാക്കിട്ടു കരയുന്നു, ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ കുറേക്കൂടെ അവളെ സ്നേഹിക്കാമായിരുന്നു, ഒരുപാട് നേരം അവളുടെ അടുത്ത് ഇരിക്കാമായിരുന്നു. താനിതുവരെയും സ്നേഹിച്ചിട്ടില്ല എന്നുള്ള തിരിച്ചറിവിൽ നിന്നുള്ള കുറ്റബോധമാണ് ആ കരച്ചിൽ “ഇനിയും ഒരു അവസരം കൂടെ കിട്ടിയിരുന്നെങ്കിൽ…!!”.
വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയിൽ തൻ പറയുന്നപോലെ, അതിന്റെ ആറാം ശ്ലോകത്തിൽ,
‘പൂങ്കുല നുള്ളിയ മകനെ വഴക്കുപറഞ്ഞ അവന്റെ അമ്മയുടെ കുറ്റബോധത്തിൽ നിന്നുള്ള ഒരു നിലവിളി, ആ കുഞ്ഞിന്റെ മരണ ശേഷം അവനെ മറവു ചെയ്ത സ്ഥലത്തുനിന്നു പൊട്ടിക്കരയുന്ന ആ ‘അമ്മ.

“ഉണ്ണികൈകെടുക്കാനായ് ഉണ്ണിക്കുകഴിക്കാനായ്
വന്നതാണീ മാമ്പഴം, പിണങ്ങി നീ പോയാലും പിന്നെ
ഞാൻ വിളിക്കുമ്പോൾ കുണുങ്ങി കുണുങ്ങി നീ
ഉന്നം വന്നില്ലേ , വരികെൻ കണ്ണാൽ കാണാൻ വയ്യാത്തൊരെൻ
മകനെ വന്നീ മാമ്പഴം കഴിച്ചാലും ,
അപ്പോഴാ കുഞ്ഞിൻ ആത്മാവൊരിളം കാറ്റായ് അമ്മയെ പൊതിഞ്ഞു…

നഷ്ടപ്പെട്ടുപോയ സ്നേഹത്തിന്റെ കുറ്റബോധങ്ങളിൽ അലയുന്ന ഒരുപാട് ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. നാളെ നമ്മുക്കുള്ളതാണോ എന്നറിയില്ലാ. തിരിഞ്ഞു നിന്നു ഒരു ക്ഷമ ചോദിക്കാൻ കഴിഞ്ഞെന്നു വരില്ല… അതുകൊണ്ട് കുറ്റബോധങ്ങളിൽ അകപ്പെടാതിരിക്കാൻ വ്യവസ്ഥകൾ ഇല്ലാതെ നമ്മുക് സ്നേഹിക്കാം. യോഹന്നാന്റെ സുവിശേഷം 13:34 ൽ യേശു പയഞ്ഞു.. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ.”
(കടപ്പാട്: ജിൻസി റൂബിൾ)

Leave A Reply

Your email address will not be published.