Lekhakan News Portal

ദൈവസഭയും തുഗ്ലക്ക് പരിഷ്കാരങ്ങളും

0 608

ദൈവസഭയും  തുഗ്ലക്ക് പരിഷ്കാരങ്ങളും !!

ആമുഖമായി ചില സൂചനകൾ… ആരാണ് ഈ തുഗ്ലക്ക്…   പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ്‌ ഇബ്നു തുഗ്ലക്. ചരിത്രകാരന്മാർ ‘ബുദ്ധിമാനായ മണ്ടൻ’ എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണ് ഉണ്ടാക്കിയത്. അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന അപ്രായോഗികങ്ങളും  ബുദ്ധിശൂന്യവുമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ വേണ്ടി  ‘തുഗ്ലക്ക്’എന്ന ശൈലിപ്രയോഗം ഉപയോഗിച്ചുവരുന്നു.  അത്തരം ചില പരിഷ്കാരങ്ങളെക്കുറിച്ച് ഇനി പറയാം.

എങ്ങനെയോ അധികാരം  കയ്യിൽ കിട്ടി.  ‘എന്തെങ്കിലും  ചെയ്തില്ലെങ്കിൽ എങ്ങനാ’ എന്നുള്ളൊരു ചിന്തയാൽ നേതാവ് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി. ഫേസ്ബുക്കിലും  വാട്ട്സാപ്പിലും  ലൈക് അടിച്ചും ലൈക് മേടിച്ചും സമയം പോയതറിഞ്ഞില്ല.   അങ്ങനെ  ആണ്ട് രണ്ടങ്ങ് തീർന്നുകിട്ടി..  പ്രജകളുടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും പരിഷ്ക്കാരങ്ങൾ നടത്തിയേപറ്റൂ!! എന്നാൽ ഒരു കാര്യം  ചെയ്യാം   തിരുവല്ലയുടെ ഹൃദയഭാഗത്തുള്ള ദൈവസഭയുടെ സ്റ്റേഡിയം പാട്ടത്തിനു കൊടുത്തേക്കാം എന്നങ്ങ്  തീരുമാനിച്ചു.  ബിനാമികളെ കണ്ടും വെച്ചു.  അത് ഒന്നാമത്തെ തുഗ്ലക്ക്  പരിഷ്‌കാരം.   പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും പോകും  എന്ന്  പറയുംപോലെ   വല്ലതും ഒക്കെ ഇതുപോലെ  ചെയ്‌താൽ പോക്കറ്റും നിറയും പരിഷ്കാരവുമായി.  ആ  സ്വപ്നം ഗർഭം  ധരിച്ചു  ജനറൽ കൺവൻഷനിൽ  ഒരു  പദ്ധതിയെ പ്രസവിച്ചു.  പിൻസീറ്റിൽ ഇരുന്നു ഭരണം നടത്തുന്ന ചിലർ നാവു നന്നായി നുണഞ്ഞു. എന്നാൽ ആ സ്റ്റേഡിയം എങ്ങനെ ഉണ്ടായതെന്നും അതിന്റെ പിന്നിലെ വേദനകൾ എന്തെന്ന് അറിയാവുന്നതുമായ ദൈവജനത്തിന്റെ ഉള്ളിൽ വെള്ളിടിവെട്ടി.   സ്റ്റേഡിയം കൈവിട്ടു പോകുന്നതിനെതിരേ  പലരും വിയോജിപ്പുമായെത്തി. പക്ഷേ ആരുടേയും ശബ്ദം പുറത്തേക്ക് വന്നില്ല.  അപ്പോഴാണ് ലേഖകന്റെ രംഗപ്രവേശം.  ശക്തമായ നിലപാടുമായി ലേഖകൻ എത്തിയപ്പോൾ  ആ പദ്ധതി  പാലം കടന്നില്ല.  അങ്ങനെ ഒന്നാം തുഗ്ലക്ക്  പരിഷ്‌കാരം എട്ടു നിലയിൽ പൊട്ടി.

ഇനിയെന്ത് ചെയ്യും.  എന്നാൽ  എതിർത്തവരെ ഇല്ലാതാക്കാം.  ആദ്യം വിലക്കുകൾ !! പിന്നെ വ്യാജപ്രചരണങ്ങൾ, പെണ്ണ് കേസിൽപ്പെട്ടവരെ സംരക്ഷിക്കുകയും അതേസമയം  പെണ്ണ് കേസ് ആരോപിച്ചു ലേഖകനെ ഒതുക്കാമെന്നും നിരൂപിച്ചു.  ഈ അടുത്ത ദിവസം ആ “ഉമ്മാക്കി” എടുത്തങ്ങ് വീശി.  എന്നിട്ടും ലേഖകന് കുലുക്കമില്ല.  അടുത്ത പരിഷ്‌കാരം എന്ന് പറയുന്നത് അണികളെ കൂടെ നിർത്താൻ പലപല  തസ്തികകൾ സൃഷ്ടിക്കുക എന്നതാണ്.  മൂന്നുവർഷം തികയ്ക്കുമ്പോൾ മുന്നൂറു തസ്തികകൾ സൃഷ്ടിച്ച് മുന്നൂറു വോട്ടുകൾ ഉറപ്പിച്ചു.   അതിനടിയിൽ അർഹതയില്ലാത്തവന് അയ്യപ്പൻറെ നാട്ടിൽ  ഒരു സെന്റർ പാസ്റ്റർ പദവി   നൽകിയാദരിച്ചു.  പണ്ടേ മാധ്യമങ്ങളെ പേടിച്ചിരുന്നതിനാൽ  ആവണം മാധ്യമനേതാവിന് ആ സ്ഥാനം നൽകിയത്.   പിന്നെ കുറേ  വോട്ടുയാത്ര നടത്തി അതിനെല്ലാം ആത്മീയ സംഗമങ്ങളുടെ പേരും നൽകി. സോണൽ സമ്മേളനം, പ്രാർത്ഥനാ സംഗമം അങ്ങനെ  വിവിധ രീതികൾ അവലംബിച്ചു. അങ്ങനെ തുഗ്ലക്ക്  പരിഷ്‌കാരങ്ങൾ ബഹുവിധം തുടരുന്നു.

ഏറ്റവും ഒടുവിലെ പരിഷ്‌കാരം അല്പം അതിരുകടന്നു പോയി. റ്റി. എം. വർഗ്ഗീസ് മെമ്മോറിയൽ ഹാളും,  മുൻ ഓവർസീയറുടെ കാലത്ത് നിർമ്മിച്ച  1500 മുതൽ 2000 വരെ  ഇരിപ്പിടശേഷിയുള്ള ആർ. എഫ്. കുക്ക്   സ്മാരക ആഡിറ്റോറിയവും  നിലവിൽ ഉള്ളപ്പോൾ കേവലം 1000  പേർക്കിരിക്കാവുന്ന  ഒരു ആഡിറ്റോറിയം അവയുടെ മുമ്പിൽ തന്നെ ഉണ്ടാക്കിയേക്കാമെന്നു നേതാവ് തീരുമാനിച്ചു. മനുഷ്യദൃഷ്ടിയിൽ നിന്നും മുൻ ഓവർസീയറുമാർ നിർമ്മിച്ച സംരഭങ്ങൾ മറയ്ക്കുക മാത്രമാണ് ലക്ഷ്യം!!  സീയോൻ കുന്നിലെ സന്ദർശകർക്ക് പ്രഥമദൃഷ്ടിയിൽ തെളിയുന്നത് മാർബിളിൽ വലിയ അക്ഷരങ്ങളിൽ കൊത്തിവച്ച തന്റെ പേര് തന്നെയായിരിക്കും.  പൊങ്ങച്ചം അങ്ങനെ  തുഗ്ലക്ക്  പരിഷ്കാരങ്ങൾക്കു വഴിമാറി എന്നുവേണം പറയാൻ !!  മുൻഓവർസീയർമാർ ദീർഘവീക്ഷണത്തോടു കൂടെ ചെയ്തവയെല്ലാം താനാണ് ചെയ്തതെന്ന് വരുത്തിത്തീർക്കുകയും,   ഞാൻ എത്ര മഹാൻ എന്ന് നോക്കുവിൻ എന്ന ആപ്തവാക്യത്തിനു ജീവൻ നൽകുകയും ചെയ്യാം.  നിലവിലുള്ള   പാർക്കിംഗ് സൗകര്യം ഇല്ലാതാക്കിയാണ് അശാസ്ത്രീയവും അപ്രായോകികവുമായ ഈ വിചിത്രനിർമ്മാണം.   ഭാവിയിൽ വണ്ടി പാർക്ക് ചെയ്തിട്ട്  ആഡിറ്റോറിയത്തിൽ  എത്തണമെങ്കിൽ  ആട്ടോറിക്ഷാ  പിടിക്കേണ്ട ഗതികേടിൽ ആവും ദൈവജനങ്ങൾ.       അങ്ങനെ  ഇപ്പോൾ ഒരാവശ്യമില്ലാത്ത ആഡിറ്റോറിയതിന്റെ   നിർമ്മാണം  കഴിഞ്ഞ ദിവസം സീയോൻകുന്നിൽ ആരംഭിച്ചിതായറിയുന്നു. പുതിയ പ്രേക്ഷകമണ്ഡപത്തിന്റെ വാനം തോണ്ടുമ്പോൾ വാനത്തേക്കു നോക്കി നിൽക്കുന്ന വിശ്വാസവൃന്ദങ്ങളുടെ  മനസ്സിൽ  ഒട്ടനേക ചോദ്യങ്ങൾ  ഉയർന്നുവന്നത് .  മെസ്സ് ഹാൾ പണിയാനെന്ന വ്യാജേന സ്വദേശ-വിദേശ രാജ്യങ്ങളിലെ ദൈവമക്കളിൽ നിന്നും    പിരിച്ചെടുത്ത പണം  നേതാവിന്റെ  പുകൾ മാലോകർ വാഴ്ത്തുവാൻ വേണ്ടി ധൂർത്തടിക്കുന്നത്  അപലപനീയമാണ്..  വിദേശഫണ്ടുകൾ ഉത്തരവാദിത്തത്തോടെ  ഉപയോഗിക്കേണ്ടതിനു പകരം “കാട്ടിലെ തടി തേവരുടെ ആന”യെന്ന ലാഘവത്തോടെ കൈകാര്യം  ചെയ്യുന്നത് കാണുമ്പോൾ  ദുഃഖം തോന്നുന്നു.   സഹോദരിമാരുടെ വിഭാഗത്തിന്റെ  സെമിനാർ നടന്നപ്പോൾ നിലവിലുള്ള  വലിയ ആഡിറ്റോറിയത്തിന്റെ  സ്ഥലപരിമിതി മൂലം അവരെ ഉൾക്കൊള്ളിക്കുവാൻ കഴിയാതെ അനേകർ പുറത്ത് നിൽക്കേണ്ടിന്നത് നമുക്കറിയാം.  എന്നാൽ അതിനേക്കാൾ  വലിപ്പം കുറഞ്ഞ ആഡിറ്റോറിയം നിർമ്മിക്കുന്നത് യുക്തമല്ലെന്ന്  മുളക്കുഴ സന്ദർശിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും മനസിലാക്കാൻ കഴിയും. ദൈവസഭയുടെ ആരംഭം കുറിച്ച RF കുക്കിന്റെ സ്മരണാർത്ഥം നിർമ്മിച്ച ദൈവസഭയുടെ അഭിമാനമായ നിലവിലുള്ള  ആഡിറ്റോറിയം ആധുനികവൽക്കരിക്കുകയോ വികസിപ്പിക്കുകയോ ചെയ്‌താൽ ചിലവ്  തുലോം കുറയുമെന്നതാണ്  വാസ്തവം.  അതാണ്   പ്രായോഗിക ബുദ്ധി. ഹിതപരിശോധനയിലേക്ക്   അടുക്കുമ്പോൾ 30 ശതമാനമെങ്കിലും  ജനഹിതം അനുകൂലമായില്ലെങ്കിൽ    നാണംകെട്ട്  ഇറങ്ങിനടക്കുന്നത് സ്വപ്നം പോലും കാണാൻ ആഗ്രഹിക്കാത്ത നേതാവിന് തുഗ്ലക്ക് പരിഷ്‌കാരങ്ങൾ അല്ലാതെ  മറ്റൊന്നും  അറിയില്ലേ!!   പ്രവാസികളുടെ  മാത്രമല്ല നമ്മുടെ  ഓരോ വിശ്വാസിയുടെയും  വിയർപ്പിന്റെ ഫലം ധൂർത്തടിക്കുന്നത് ദൈവസന്നിധിയിൽ  പാപമല്ലേ ?  മുൻ ഓവർസിയർ ഇറങ്ങിപോകുമ്പോൾ  ബൈബിൾ   കോളേജിന്റെ അറ്റകുറ്റ പണിയ്ക്കു ഉണ്ടാക്കിവെച്ച   വാതിലും  ജനാലയും ഇപ്പോഴും യഥാസ്ഥാനത്ത് ഉറപ്പിക്കാതെ പൊടിപിടിച്ചു അവിടെ തന്നെ കിടക്കുന്നു.  കോടികൾ ചിലവഴിച്ചുണ്ടാക്കിയ ആർ. എഫ്. കുക്ക്   സ്മാരക ആഡിറ്റോറിയം കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ  പോലും കഴിയാതെ   അതിനെ അവഗണിക്കുന്നു.  കവർ ചിത്രത്തിൽ നിന്ന് അതിന്റെ ശോചനീയാവസ്ഥ മനസിലാക്കാം.  കെടുകാര്യസ്ഥതയുടെ  പ്രതീകമായ  ഇപ്പോഴത്തെ കൗൺസിൽ  നോക്കുകുത്തിയുടെ വേഷം അണിഞ്ഞു നിൽക്കുന്നു.

ദൈവസഭയ്ക്ക്  ഒരു പൈതൃകമുണ്ട്.  പൂർവ്വപിതാക്കന്മാർ സ്നേഹത്തിന്റെ ആത്മാവിൽ  ചെയ്തെടുത്ത മാതൃകാപരമായ അനേക സംരംഭങ്ങളുണ്ട്.  അവയെല്ലാം  പാഴാക്കുകയും ധൂർത്തടിക്കുകയും ചെയ്യുവാൻ  ആരെയും അനുവദിച്ചുകൂടാ.   സൽപ്രവർത്തികൾക്ക്  ലേഖകന്റെ പിന്തുണയെന്നും ഉണ്ടാവും.  ഞങ്ങൾ  ദൈവസഭയ്ക്ക്  എതിരല്ല.  നന്മയിലേക്കുള്ള ചൂണ്ടുവിരൽ മാത്രം.  സത്യം തിരിച്ചറിയേണ്ടത്  നിങ്ങളുടെ കടമയും…  വെറും വാക്കു പറഞ്ഞു പുകഴ്‌ത്താൻ അറിയില്ല.    അപ്രിയസത്യങ്ങളുടെ മുഖപത്രമായി എന്നും  നിലകൊള്ളും.   ചിന്തിക്കൂ….

 

നിങ്ങളുടെ സ്വന്തം

ലേഖകൻ

 

Get real time updates directly on you device, subscribe now.

Comments
Loading...