Lekhakan News Portal

പെട്രോള്‍, ഡീസല്‍ നികുതി വരുമാനം കുത്തനെകൂടി: സര്‍ക്കാരിന് ലഭിച്ചത് 1.6 ലക്ഷംകോടി

ഈവര്‍ഷം തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് സര്‍ക്കാരിന് പ്രതീക്ഷിക്കാത്തതിലേറെ വരുമാനംനേടിക്കൊടുത്തു. ആഗോള വിപണിയിലെ വിലയിടിവിന് അനുസൃതമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകുറയ്ക്കാതെ എക്‌സൈസ് തീരുവവര്‍ധിപ്പിച്ച് ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്.

0

പെട്രോള്‍, ഡീസല്‍, ക്രൂഡ് ഓയില്‍ എന്നിവയില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താല്‍ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവര്‍ധന. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക തളര്‍ച്ചയില്‍ മറ്റിനങ്ങളില്‍നിന്നുള്ള നികുതിവരുമാനം 16ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്.

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ് തീരുവയിനത്തില്‍ ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേകലായളവില്‍ ലഭിച്ചതാകട്ടെ 1.14 ലക്ഷം കോടി രൂപയാണെന്നും കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈവര്‍ഷം തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് സര്‍ക്കാരിന് പ്രതീക്ഷിക്കാത്തതിലേറെ വരുമാനംനേടിക്കൊടുത്തു. ആഗോള വിപണിയിലെ വിലയിടിവിന് അനുസൃതമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകുറയ്ക്കാതെ എക്‌സൈസ് തീരുവവര്‍ധിപ്പിച്ച് ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്.

മാര്‍ച്ചിനുശേഷം എക്‌സൈസ് തീരുവ രണ്ടുഘട്ടമായി ഉയര്‍ത്തി. അതോടൊപ്പം റോഡ് ഇന്‍ഫ്രസ്ട്രക്ചര്‍ സെസുംകൂടി ചേര്‍ന്നപ്പോള്‍ ഒരുലിറ്റര്‍ പെട്രോളില്‍നിന്ന് 13 രൂപയും ഡീസലില്‍നിന്ന് 16 രൂപയും സര്‍ക്കാരിന് അധികമായി ലഭിച്ചു.

നികുതി വര്‍ധിപ്പിച്ച സമയത്ത് അസംസ്‌കൃത എണ്ണവില കുറഞ്ഞുനില്‍ക്കുകയായിരുന്നതിനാല്‍ ചില്ലറ വിലയില്‍ പ്രതിഫലിച്ചില്ല. ആഗോളതലത്തില്‍ ഇന്ധന വിലകുറഞ്ഞതിന്റെ നേട്ടം പൊതുജനത്തിന് നിഷേധിച്ചു. ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളറിന് താഴെയെത്തിയ സമയത്തും രാജ്യത്തെ വിലയില്‍ കുറവുണ്ടായില്ല. ഇപ്പോള്‍ ബാരലിന് 48 ഡോളറിലേയ്ക്ക് ഉയര്‍ന്നപ്പോള്‍ ചില്ലറ വില വന്‍തോതിലാണ് വര്‍ധിച്ചത്.

Source mathrubhumi.com

Leave A Reply

Your email address will not be published.