Lekhakan News Portal

കൊഴിഞ്ഞു വീണ ചെറിപ്പൂക്കളുടെ ഇതളുകൾ പോലും പറയുന്നതിതാണ് വേഗം വേഗം

0

പറഞ്ഞുവരുമ്പോൾ മുപ്പതിനായിരം ദിവസങ്ങളുടെ കേസുകെട്ടാണ് ജീവിതം. എൺപതിനെ 365 കൊണ്ട് ഗുണിക്കുമ്പോൾ അത്രയും പോലും വരുന്നില്ല; ബോണസായി എണ്ണിയാൽ മതി. പിശുക്കന്റെ പൊൻനാണയം പോലെ സൂക്ഷിച്ചും ശ്രദ്ധിച്ചും വിനിമയം ചെയ്യപ്പെടേണ്ട നേരമാണ് ഓരോരോ കൗതുകങ്ങളിൽ പൊങ്ങുതടി പോലെ ഒഴുകി ആഴിയിലേക്ക് കുതിക്കുന്നത്.

കാലം ചെറുതാണെന്ന ബോധം ഓരോന്നിനേയും അപാരതയുടെ പൊൻവെളിച്ചത്തിലും സ്നേഹത്തിന്റെ ഏകാഗ്രതയിലും കാണുവാൻ നിങ്ങളെ സഹായിക്കും. മകളുടെ മരംകയറിത്തരത്തേക്കുറിച്ച് പരാതി പറയുന്ന അമ്മ അറിയുന്നുണ്ടോ വളരെ കുറച്ചു കാലത്തെ അവളുടെ കാവൽക്കാരി മാത്രമാണ് താനെന്ന്. ഈ പരാതിക്കെട്ടുകളൊക്കെ പരിഹരിച്ചുകഴിയുമ്പോഴേക്കും നമ്മൾ വൃദ്ധരായിട്ടുണ്ടാവും എന്ന് ആ ചെറിയ ദമ്പതികൾക്ക് വീണ്ടുവിചാരമുണ്ടായാൽ എത്ര ഹർഷത്തോടെ അവർ ഗാഢാലിംഗനം ചെയ്തേനെ. വീടിന്റെ കുഴമ്പുമണമുള്ള ഇരുട്ടുമുറിയിൽ അവരൊക്കെ ഇനി എത്ര കാലം കൂടിയുണ്ടാവും? ഏറ്റവും കുറുമ്പനായ കുട്ടി പോലും പരമാവധി ഒരു ഗർഭകാലമാണ് നിങ്ങളുടെ ക്ലാസ് റൂമിൽ ഇരിക്കാൻ പോകുന്നത്. ഈ ചെറിയ കാലത്തിനു ശേഷം നമ്മളിലൊരാൾ വേഗത്തിൽ പോകുമ്പോൾ ഏറ്റവും ഹൃദ്യമായ ഓർമ്മ അവർക്കും നമുക്കും കൂട്ടായിട്ടുണ്ടാവുമോ?

ആരിലും ഏതിലുമാണ് നിങ്ങളുടെ സമയം നിക്ഷേപിച്ചിരിക്കുന്നത് എന്നതാണ് ജീവിതത്തിന്റെ മെരിറ്റിനെ നിർണയിക്കുന്ന ഘടകം. ഓരോരുത്തരേയും അഭിമുഖീകരിക്കുമ്പോൾ മനസ്സിനോടു പറയണം, ഞങ്ങളിനി ഒരിക്കലും കാണാൻ പോകുന്നില്ല. മിക്കവാറും പള്ളികളുടെ സങ്കീർത്തിയിൽ ഒരു ചെറിയ കുറിപ്പ് പതിപ്പിച്ചിട്ടുണ്ട്- ഈ കുർബാന നിങ്ങളുടെ ആദ്യത്തേതും അവസാനത്തേതുമെന്ന ബോധത്തിൽ അർപ്പിക്കുക.

“കൊഴിഞ്ഞു വീണ ചെറിപ്പൂക്കളുടെ
ഇതളുകൾ പോലും പറയുന്നതിതാണ്
വേഗം വേഗം… ” (കൊബായാഷി ഇസ്സ)
(ബോബിയച്ചൻ

Leave A Reply

Your email address will not be published.