Lekhakan News Portal

ഞങ്ങളുടെ നുണകൾ

0

അവർക്ക് പേയിളകിയിരിക്കുകയാണ്. ശരിക്കും നീ അവരോട് എന്താണു ചെയ്തത്?”
“ഞാൻ സത്യം വിളിച്ചുപറയുകയായിരുന്നു.”
“സത്യം… എന്താണതിന്റെ അർത്ഥം?” ഒരു പുഞ്ചിരിയോടെ പീലാത്തോസ് അവനെ ഉറ്റു നോക്കി.
ഞൊടിയിടയിൽ യേശു ദുഃഖിതനായി, ‘ഇതാണ് ലോകം. ഇത്തരക്കാരാണ് ലോകത്തിന്റെ അധികാരികൾ. സത്യത്തെക്കുറിച്ച് ആരാഞ്ഞ് ഒടുവിൽ ചിരിച്ചുകൊണ്ടിരിക്കുന്നു.’
(നിക്കോസ് കസൻദ്‌സാക്കിസ് / ദ് ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ക്രൈസ്റ്റ്)

നുണകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെന്നതായിരുന്നു ഇന്നലത്തെ പുലർവിചാരത്തിലെ പ്രാർത്ഥന. A New Kind of Fool എന്ന ക്രിസ്റ്റഫർ കൊയ്ലോയുടെ പുസ്തകത്തിൽ നിന്നായിരുന്നു അത്. ജിജോ കുര്യൻ അത് ഭാഷാന്തരം ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ നുണകൾ! നുണകളുടെ പിതാവെന്നാണ് യേശു ഇരുട്ടിന്റെ അധികാരിയെ വിളിച്ചത്. കുലീനവും കമനീയവുമെന്ന് ധരിച്ചവയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ, പിന്നിൽ മറഞ്ഞിരിക്കുന്ന അപകടം പിടിച്ച നുണകളെ കാണാം. വികസനമെന്ന പകിട്ടുള്ള വാൾപേപ്പറെടുക്കൂ. അതിനു പിന്നിൽ ഓരങ്ങളിലേക്ക് എറിയപ്പെട്ടവരുടെ കഥകളുണ്ട്. ദാരിദ്ര്യത്തിൽ നിന്ന് പിന്നെയും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയവരുടെ ദൈന്യതയുണ്ട്. കുടിയിറക്കപ്പെട്ടവരുടെ നിശ്വാസമുണ്ട്. അതുകൊണ്ടാണ് നഗരങ്ങളിൽ മതിലുയർത്തിക്കെട്ടുക തങ്ങളുടെ ബാധ്യതയായി ഭരണാധികാരികൾ എണ്ണുന്നത്.

2016-ന്റെ പദമായി ഓക്സ്‌ഫഡ് ഡിക്ഷണറി തിരഞ്ഞെടുത്തത് Post-truth ആയിരുന്നു; സത്യാനന്തരകാലം. രാഷ്ട്രീയവും സാംസ്കാരികവുമായ മാനിപ്പുലേഷനുകളെയാണ് ആ പദം സൂചിപ്പിക്കുന്നത്. വസ്തുതകളും യുക്തികളും പിന്നാമ്പുറത്തേക്കു തള്ളപ്പെടുകയും നുണ ക്ഷീരബല പോലെ ആവർത്തിച്ചാവർത്തിച്ച് തിടപ്പെടുകയും ചെയ്യുന്നു. ‘Governments are supposed to lie to their citizens’ എന്ന് നോം ചോംസ്കിയുടെ കറുത്ത ഫലിതം.

എന്തിനും ഒരു മറുവശമുണ്ടായിരിക്കും എന്ന ലളിതമായ യുക്തി അട്ടിമറിക്കപ്പെടുന്നു. ഒരു other side ഉണ്ട് എല്ലാത്തിനും. പുതിയ നിയമത്തിലെ ‘നമുക്ക് മറുകരയിലേക്കു പോകാം’ എന്ന യേശുവിന്റെ ക്ഷണത്തെ സാംസ്കാരികമായ ഒരു ജാഗ്രതയുടെ പാഠമായി കരുതിയാലും കുഴപ്പമില്ല.

എല്ലായിടത്തും ഈ നുണകളുണ്ടെന്നു തന്നെയാണ് തോന്നുന്നത്; വീട്ടകങ്ങളിൽ പോലും. എന്റെ ശാഠ്യങ്ങളൊക്കെ സ്നേഹമാണെന്നാണ് ഞാൻ എന്നോടുതന്നെ പറഞ്ഞുപഠിപ്പിക്കുന്നത്. അവനവനോടു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നും വൈകാതെ ആത്മാദരം നഷ്ടമായി കടശിയിൽ സ്നേഹശൂന്യതയിൽ എത്തുമെന്നും കാരമസോവ് സഹോദരന്മാരിൽ ഫ്യോദർ ദൊസ്തയ്‌വിസ്‌കിപറയാൻ ശ്രമിക്കുന്നുണ്ട്.

സത്യം ഒരു റെഡി-റ്റു-കുക്ക് മിശ്രിതമല്ല. വെയിലത്തുണക്കിയും പാറ്റിയും ഉരലിലിട്ട് ഇടിച്ചുമൊക്കെ ക്ലേശങ്ങളിലൂടെ ചുട്ടെടുക്കേണ്ട അപ്പമാണ്. അതുകൊണ്ടാണ് പീലാത്തോസിന്റെ ചോദ്യം വെറുതെ കുശലമാണെന്നു മനസ്സിലാക്കിയ യേശു നിശ്ശബ്ദനായത്. ചാരുകസേരയിൽ അലസമായി ഇരിക്കുന്നവർക്ക് കൊറിക്കനുള്ളതല്ല അതിന്റെ ഉത്തരം.

സത്യം സഞ്ചാരത്തിനായി ചെരിപ്പണിഞ്ഞു തുടങ്ങുന്ന നേരത്ത് നുണ ലോകം ചുറ്റി മടങ്ങിയെത്തിയിട്ടുണ്ടാവും എന്നു പറഞ്ഞതാരാണ്!
-ബോബി ജോസ് കട്ടികാട്

Leave A Reply

Your email address will not be published.