Lekhakan News Portal

ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു: വീണ്ടും അമേരിക്കൻ കമ്മീഷൻ

0

വാഷിംഗ്ടൺ ഡി‌സി: ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര കമ്മീഷൻ. ഇന്ത്യയിലും പാക്കിസ്ഥാൻ, ചൈന, സൗദി അറേബ്യ, വടക്കൻ കൊറിയ, സിറിയ, ഇറാൻ, റഷ്യ തുടങ്ങിയ 14 രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര ലംഘനങ്ങൾ ആശങ്കാജനകമാണെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷ്ണൽ റിലിജിയസ് ഫ്രീഡമാണ് (യുഎസ്സിഐആർഎഫ്) പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമം നടത്തുന്ന ചില ഗ്രൂപ്പുകൾക്ക് പരോക്ഷ സംരക്ഷണം കിട്ടുന്നുണ്ടെന്നു കാണാനായെന്ന് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ ചെയർമാൻ ടോണി പെർകിൻസ് പറഞ്ഞു. നേരത്തെ രണ്ടാം തട്ടിലായിരുന്ന ഇന്ത്യയെ ഇക്കുറി ആശങ്കാജനകമായ രാജ്യങ്ങളുടെ ഒന്നാം പട്ടികയിലേക്ക് ഉയർത്തിയിട്ടുണ്ട്.

ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകുന്നതിനു യുഎസ് കോൺഗ്രസ് രൂപീകരിച്ച സ്വതന്ത്ര കമ്മീഷനാണ് യുഎസ്സിഐആർഎഫ്. എന്നാൽ അമേരിക്കയുടെ കണ്ടെത്തലിനെ ഇന്ത്യ പാടെ നിരാകരിച്ചു. അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ ഇന്ത്യ തളളുന്നതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യക്കെതിരായ പരാമർശങ്ങൾ പക്ഷപാതപരവും തെറ്റായ പ്രവണതയുമാണ്. ഇതു പുതിയ സംഭവമല്ല. എന്നാൽ ഇത്തവണ തെറ്റായ റിപ്പോർട്ടിംഗ് പുതിയ തലത്തിലാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

കമ്മീഷന്റെ ഇന്ത്യക്കെതിരായ പരാമർശങ്ങൾ വേദനാജനകമെങ്കിലും സ്വാഗതാർഹമാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് സംഘടന വ്യക്തമാക്കി. വിശ്വാസ്യതയുള്ള ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച അമേരിക്കൻ കമ്മീഷനു ഹൈന്ദവ സംഘടന നന്ദി പറഞ്ഞു. സത്യം പറഞ്ഞ അമേരിക്കൻ കമ്മീഷനെ കുറ്റപ്പെടുത്തുന്നതിൽ നിന്ന് ഇന്ത്യയിലെ മോദി സർക്കാർ പിൻവാങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു. ഭാരതത്തിൽ കഴിഞ്ഞ നാലു മാസത്തിനിടെ ക്രൈസ്തവർക്ക് നേരെ നിരവധി അക്രമ സംഭവങ്ങൾ ഉണ്ടായതായി യൂണൈറ്റൈഡ് ക്രിസ്ത്യൻ ഫോറം കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിരിന്നു.

Leave A Reply

Your email address will not be published.