Lekhakan News Portal

എന്താണ് സൂയസ് കനാൽ?

0
കൊറോണ വന്ന് ലോകം മുഴുവൻ നിശ്ചലമായപ്പോഴും, കടുത്ത മാനസിക സംഘർഷങ്ങൾക്കിടയിലും, കപ്പലുകളോ അതിലെ ജീവനക്കാരോ പണി മുടക്കിയില്ല എന്നൊക്കെ മുൻപ് പറഞ്ഞപ്പോൾ, കപ്പലുകളങ്ങ് പണി മുടക്കിയാലിപ്പോ എന്താണ്, കപ്പൽ നിർത്തി ഇടണം ഹെ, കപ്പലുകൾ നിന്നു പോയാൽ ലോകം നിന്നു പോകത്തൊന്നുമില്ല എന്നൊക്കെ പറഞ്ഞു വന്ന ആളുകൾക്കുള്ള ചെറിയ ഒരു മറുപടിയാണ് ഈ കുറിപ്പ്.
ഈ കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാൽ, മാർച്ച് 23 ഇന്ത്യൻ സമയം 11:10 am ന്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഷിപ്പിംങ് കനാലുകളിൽ ഒന്നായ സൂയസ് കനാലിൽ ഒരു കപ്പൽ വിലങ്ങനെ നിന്നു പോയി. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. വേറെയാരേയും കടത്തി വിടുകയുമില്ല. നമ്മുടെ റോഡിൽ ഒരു വലിയ ബസ് അല്ലെങ്കിൽ ലോറി വട്ടം വെച്ചാൽ (വിലങ്ങനെ) ഉണ്ടാകുന്ന അതേ അവസ്ഥ.
എന്താണ് സൂയസ് കനാൽ എന്നാദ്യം നോക്കാം.
റെഡ് സീയും മെഡിട്രേനിയൻ സീ യും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കനാൽ ആണിത്. ചുരുക്കി പറഞ്ഞാൽ ഏഷ്യയിൽ നിന്ന് യൂറോപ്പിലോട്ട് കടക്കാനുള്ള ഒരു ഷോർട്ട് കട്ട്. ഇത് , ഇന്നുമിന്നലേയും ഒന്നും തുടങ്ങിയതല്ല. 1869 മുതൽ ഈ മാർച്ച് 23 വരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കപ്പൽ ഗതാഗതം സുഖുമമാക്കുന്നു, ഒറ്റപ്പെട്ട കുറച്ച് സംഭവ വികാസങ്ങൾ ഒഴിച്ച് നിർത്തിയാൽ.
193 കിലോമീറ്റർ നീളവും 200 മീറ്ററിൽ അധികം വീതിയും 25 മീറ്ററോളം താഴ്ചയും ഉളള ഈ കനാൽ വഴി പ്രതിദിനം അമ്പതിൽ അധികം കപ്പലുകൾ രണ്ട് ദിശയിലുമായി കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. അതായത് ലോകത്തിലെ 12% ചരക്ക് നീക്കങ്ങൾക്ക് സൂയസ് കനാൽ കാരണമാകുന്നു. രാവിലെ നാല് മണി മുതൽ ഏകദേശം വൈകുന്നേരം 7 മണി വരെയാണ് പ്രവർത്തനം. നാളെ രാവിലെ എൻ്റെ കപ്പലുമായി എനിക്ക് സൂയസ് കനാൽ വഴി പോകണമെന്നുണ്ടേൽ ഇന്നു രാത്രി 11 മണിക്ക് മുൻപായി എൻ്റെ കപ്പൽ കനാലിന് പുറത്ത് നങ്കൂരമടിച്ചിരിക്കണം. ഏത് വിഭാഗത്തിലുള്ള കപ്പൽ എന്നതനുസരിച്ചിരിക്കും കനാൽ ട്രാൻസിറ്റിനുള്ള ചാൻസ് നമ്പർ കിട്ടുക. യുദ്ധ കപ്പലുകൾക്കാണ് ആദ്യ സ്ഥാനം. പിന്നീട്, വേഗതയും കപ്പലിൻ്റെ ടൈപ്പും അടിസ്ഥാനമാക്കി ചാൻസ് കിട്ടുന്നു. പുലർച്ചെ 4 മണിയ്ക്ക് തന്നെ രണ്ട് ദിശയിൽ നിന്നും (North & South) യാത്ര തുടങ്ങും. തുടക്കം മുതൽ ഒടുക്കം വരെ 3 Pilots മാറി മാറി വരും (പൈലറ്റ് എന്നാൽ, കപ്പൽ ഏതെങ്കിലും പോർട്ടിൽ അടുക്കുമ്പോൾ, അല്ലെങ്കിൽ കരയോട് ചേർന്ന് പോകുംമ്പോൾ, ഏതെങ്കിലും നദികൾ വഴി കടന്നു പോകുംമ്പോളൊക്കെ കപ്പലിൻ്റെ നാവിഗേഷൻ എളുപ്പമാക്കാൻ സഹായിക്കുന്ന അതാത് രാജ്യങ്ങളിലെ ഗവൺമെൻ്റ് അല്ലെങ്കിൽ പോർട്ട് അതോരിറ്റി നിയമിക്കുന്ന ആളാണ്. അതൊരു മുൻ ക്യാപ്റ്റനോ നാവിഗേഷണൽ ഓഫീസറോ ആകാം.) നമുക്ക് അത്ര പരിചയം ഇല്ലാത്ത സ്ഥലത്ത് ടൂർ പോകുകയാണെങ്കിൽ ഒരു ലോക്കൽ ഗൈഡ് നമ്മളെ സഹായിക്കാൻ വരില്ലേ, ഏതാണ്ട് അത് പോലെ.
ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ സൂയസ് കനാൽ ഉപയോഗിക്കാതെ ഇരുന്നാൽ ഏകദേശം 9000 കിലോമീറ്ററിൽ അധികമാണ് ഒരു കപ്പലിന് സഞ്ചരിക്കേണ്ടി വരിക. ഇപ്പോൾ ഏകദേശം മനസ്സിലായി കാണുമല്ലോ സൂയസ് കനാലിൻ്റെ പ്രാധാന്യം.
തായ് വാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “Ever Green” കമ്പനിയുടെ “Ever Given” എന്ന കണ്ടെയ്നർ കപ്പൽ ആണ് സൂയസിൻ്റെ വഴി മുടക്കി കിടക്കുന്നത്. 400 മീറ്റർ നീളവും 59 മീറ്റർ വീതിയും ഉളള ഈ ഭീമൻ കപ്പലിൽ 20 അടി നീളുമുള്ള 20000 കണ്ടെയ്നറുകൾ വരെ കയറ്റാം. കപ്പലിൻ്റേയും അതിൽ ഉളള കാർഗോയുടേയും എല്ലാം ആകെ ഭാരം, രണ്ട് ലക്ഷത്തിലധികം ടൺ ആണ്. വലിപ്പമൊന്ന് compare ചെയ്യാൻ നമ്മുടെ റോഡുകളിൽ കൂടി കണ്ടെയ്നറുമായി പോകുന്ന ലോറികളെ ഒന്നോർത്തു നോക്കുക. ചൈനയിൽ നിന്ന് റോട്ടർഡാമിന് (നെതർലാൻഡ്സ് ) പോകുന്ന വഴി സൂയസ് കനാലിൽ വെച്ച് black out ( കപ്പലിൻ്റെ എഞ്ചിൻ പെട്ടന്ന് നിലച്ച് പോകുന്ന അവസ്ഥ) സംഭവിച്ച്, അത് വഴി കപ്പലിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് അത് ‘gust’ മൂലമാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പറയപ്പെടുന്നു. ‘Gust’ എന്നാൽ, കാറ്റിൻ്റെ വേഗതയിൽ പെട്ടന്ന് ഉണ്ടാവുന്ന, എന്നാൽ കുറച്ച് നേരത്തേയ്ക്ക് മാത്രം നിലനിൽക്കുന്ന വർദ്ധനവ് എന്നാണ്. എന്തായാലും “Ever Given” എന്ന കപ്പൽ aground ആയി, അതായത് കപ്പലിൻ്റെ അടിഭാഗം കടലിൻ്റെ അടിത്തട്ടിൽ ഉറച്ചു പോയി. നമ്മുടെ കാർ കല്ലും ചെളിയും നിറഞ്ഞ ഒരിടത്ത് അൽപം താഴ്ന്നു പോയി എന്നു കരുതുക, വണ്ടിയുടെ അടി തട്ടി എന്ന് നമ്മൾ പറയും. അതേ അവസ്ഥ ഇവിടേയും കപ്പൽ ആകുംമ്പോൾ അതിൻ്റെ complications/consequences വളരെ കൂടുതലായിരിക്കുമെന്നു മാത്രം.
ഒരു കപ്പൽ കാരണം Global market ൽ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചപ്പോൾ ഇന്നലെ മാത്രം ക്രൂഡ് ഓയിൽ വില 4% ആണ് വർധിച്ചത്. ഒരു മണിക്കൂറിൽ 400 മില്യൺ ഡോളർ ആണ് നഷ്ടം കണക്കാക്കുന്നത്. ഈജിപ്തിൻ്റെ പ്രധാന വരുമാന ശ്രോതസ്സുകളിൽ ഒന്നായ സൂയസ് കനാൽ, ഈ സംഭവത്തിലൂടെ വലിയൊരു നഷ്ടം വരുത്തി വെയ്ക്കുന്നു.
90 ശതമാനത്തിലധികം ചരക്ക് നീക്കങ്ങൾ കപ്പൽ വഴിയാണെന്നറിയാമല്ലോ. ദൈനംദിന ജീവിതത്തിൽ കപ്പലിൻ്റെ പ്രാധാന്യം വളരെ വലുതാണെന്ന വസ്തുത ഊട്ടിയുറപ്പിക്കുകയാണ് സൂയസ് കനാലിൽ ഉണ്ടായ ഈ അപകടം.

Leave A Reply

Your email address will not be published.