തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ അതുലീർ ഗ്രാമം, ഭൂമിയിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലമുകളിലുള്ള ഒരു ഗ്രാമമാണ്. ആ ഗ്രാമത്തിൽ 72 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഈ ഉയരത്തിൽ നിന്ന് താഴെ എത്താനുള്ള ഏക മാർഗ്ഗം നീളത്തിൽ കുത്തനെയുള്ള ഒരു ഗോവണി മാത്രമാണ്. ആ ഗോവണിയിറങ്ങി വേണം എന്തിനും ഏതിനും ആര്ക്കായാലും താഴെയെത്താന്. മുകളിലാവട്ടെ അത്യാവശ്യം സൗകര്യങ്ങള് പോലുമുണ്ടായിരുന്നില്ല.

200 വർഷം പഴക്കമുള്ള ആ ഗ്രാമം കുറച്ച് കാലം മുൻപ് ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. 2016 -ൽ ഇളകിക്കൊണ്ടിരിക്കുന്ന ഗോവണിയിൽ പിടിച്ച് പാറയിടുക്കിനിടയിലൂടെ സ്‌കൂൾ കുട്ടികൾ താഴേക്കിറങ്ങുന്നതിന്റെ ഫോട്ടോകൾ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ, അത് കണ്ട് ലോകം ഞെട്ടി. 2016 -ൽ ബേയ്ജിംഗ് ന്യൂസ് ഫോട്ടോഗ്രാഫർ ചെൻ ജി ആണ് ഇവരുടെ ദുരിതങ്ങൾ പുറംലോകത്തെ അറിയിച്ചത്.

അതിനുശേഷം ആ മരത്തിന്റെ ഗോവണി മാറ്റി ഇരുമ്പിന്റെ ഉറപ്പുള്ള ഗോവണി അധികൃതർ സ്ഥാപിച്ചു കൊടുത്തു. അങ്ങനെ രണ്ടുമണിക്കൂർ യാത്ര ഒരു മണിക്കൂറായി ചുരുങ്ങി. പക്ഷേ, ആ യാത്രയുടെ ദുരിതങ്ങൾ അവസാനിച്ചില്ല. എല്ലാ ദിവസവും ഇങ്ങനെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കുട്ടികൾ താഴ്വരയിലുള്ള സ്കൂളിൽ തന്നെ തങ്ങാൻ തുടങ്ങി. മാസത്തിൽ രണ്ട് തവണ മാത്രമാണ് അവർ തങ്ങളുടെ മാതാപിതാക്കളെ കണ്ടിരുന്നത്.
ഒരാശുപത്രിയോ, സ്കൂളോ അത്തരം ഒരു സൗകര്യവും ഇല്ലാത്ത ആ ഗ്രാമത്തിലെ ജനങ്ങൾക്ക് എന്തിനും ഏക ആശ്രയം കുത്തനെയുള്ള ഈ വഴി മാത്രമാണ്. മുൻപ് മരം കൊണ്ടുണ്ടാക്കിയ പൊട്ടിപ്പൊളിയാറായ ഒരു ഗോവണി വഴി രണ്ടു മണിക്കൂറോളം യാത്ര ചെയ്താണ് ആളുകൾ താഴെ ഇറങ്ങിയിരുന്നത്. കമ്പുകളും കയറും കൊണ്ട് മാത്രം കെട്ടിയ അതിൽ കയറി യാത്ര ചെയ്യുന്നത് തീർത്തും അപകടകരമായിരുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ അതിൽ പിടിച്ചാണ് താഴെ ഇറങ്ങുന്നത്. അതിൽ നിന്ന് വീണ് മരിച്ചവരും, പരിക്കേറ്റവരും അനവധിയാണ്.
Related Posts
കാണുമ്പോള് തന്നെ പേടി തോന്നുന്ന കിഴുക്കാം തൂക്കായ മല… സ്കൂൾ ബാഗും ചുമന്ന് ഇത്രയും ദൂരം ആ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നത് ഒന്നാലോചിച്ചു നോക്കൂ? കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഈ യാത്ര വളരെ ആയാസകരമാണ്. അവിടത്തെ ഗ്രാമവാസികൾ ധാന്യവും ഉരുളക്കിഴങ്ങും കൃഷിചെയ്താണ് ജീവിക്കുന്നത്. മലഞ്ചെരിവിൽ നിന്ന് മൈലുകൾ അകലെയുള്ള മാർക്കറ്റിൽ കൊണ്ട് പോയി വിൽക്കാനായി ചിലപ്പോൾ കാർഷികോൽപ്പന്നങ്ങൾ അവർക്ക് തോളിൽ ചുമന്ന് മല ഇറങ്ങേണ്ടിവരാറുണ്ട്.

ചിലപ്പോൾ മലയിറങ്ങുന്നത് നിറഗർഭിണികൾ ആയിരിക്കും. ഒരു പ്രസവവേദന വന്നാൽ പോലും അവർക്ക് ഈ മലയിറങ്ങാതെ ആശുപത്രിയിൽ എത്താൻ സാധിക്കുമായിരുന്നില്ല. ചിലപ്പോള് മലയിറങ്ങുന്നത് കുഞ്ഞുങ്ങളെയും കയ്യിലേന്തിയ അമ്മമാരായിരിക്കും. ചിലപ്പോഴാവട്ടെ പ്രായമായവരായിരിക്കും.
എന്നാൽ ഇപ്പോൾ അവരുടെ ദുരിതകാലത്തിന് ഒരറുതി വന്നിരിക്കയാണ്. അവിടെ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഒരു നഗരത്തിൽ അവർക്ക് വേണ്ടി വീടുകൾ ഒരുക്കിയിരിക്കയാണ് ചൈനീസ് സർക്കാർ. 269 ചതുരശ്ര അടി മുതൽ 1,076 ചതുരശ്ര അടി വരെയുള്ള ആ വീടുകളിൽ ആധുനിക അടുക്കള, ടോയ്‌ലറ്റുകൾ, വെള്ളം, വൈദ്യുതി, പാചകവാതകം തുടങ്ങിയ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരിക്കുന്നു. അത് കൂടാതെ അവർക്കായി സ്കൂളുകളും, ആശുപത്രികളും സർക്കാർ നിർമ്മിച്ചു.
എന്നിരുന്നാലും എല്ലാ ഗ്രാമവാസികളും തങ്ങളുടെ ഗ്രാമം വിട്ടു മാറാൻ താല്പര്യപ്പെട്ടിട്ടില്ല. മുപ്പതോളം കുടുംബങ്ങൾ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. കൊറോണ വൈറസിനുമുമ്പ്, ചൈനീസ് സർക്കാർ 2020 ഓടെ 1.4 ബില്യൺ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പദ്ധതിയിട്ടിരുന്നു. ഗ്രാമീണരെ പുനഃരധിവസിപ്പിച്ചതും ഈ പദ്ധതിയുടെ ഭാഗമായാണ്.