പാലാരിവട്ടം: കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ബസ്സിന്റെ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറിയത്.
അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
അപകടത്തില്‍ പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഒരാളൊഴികെ മറ്റുള്ള യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
