തൃശ്ശൂർ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. നിർമാണ തൊഴിലാളിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. തൃശ്ശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു(47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യാസക്തി മൂലം തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതിരുന്ന ഷൈബു രണ്ടു ദിവസമായി മാനസിക സമ്മർദം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ ഷൈബു പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
ഇതേ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷൈബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.