Lekhakan News Portal

ബംഗ്ലാദേശി അഭയാർത്ഥി ക്യാമ്പിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം: പാസ്റ്ററിനെയും മകളെയും തട്ടിക്കൊണ്ടുപോയി

0

ധാക്ക: ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും റോഹിംഗ്യൻ പാസ്റ്ററേയും, അദ്ദേഹത്തിന്റെ പതിനാലുകാരിയായ മകളേയും തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ ജനുവരി അവസാന വാരത്തിലാണ് പാസ്റ്റർ ടാഹെറേയും, മകളേയും കോക്സ് ബസാറിലെ കുടുപാലോങ് ക്യാമ്പ് നമ്പർ 2-ൽ നിന്നും കാണാതാകുന്നത്. തലേദിവസം രാത്രിയിൽ ഇതേ ക്യാമ്പിൽ അതിക്രമിച്ച് കയറിയ അക്രമികൾ ഇരുപത്തിരണ്ടോളം ക്രിസ്ത്യൻ കുടുംബങ്ങളെ ആക്രമിച്ചിരിന്നു. ഇവരെ മർദ്ദിച്ച ശേഷം വീടുകൾ തകർത്ത അക്രമികൾ കയ്യിൽ കിട്ടിയതെല്ലാം എടുത്തുകൊണ്ട് കടന്നുകളയുകയായിരുന്നു. പരിക്കേറ്റ പന്ത്രണ്ടോളം റോഹിംഗ്യൻ ക്രിസ്ത്യൻ അഭയാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു താൽക്കാലിക ക്രിസ്ത്യൻ ദേവാലയവും, സ്കൂളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ആക്രമണത്തിനിരയായ കുടുംബാംഗങ്ങളെ ഐക്യരാഷ്ട്രസഭയുടെ ട്രാൻസിറ്റ് കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അക്രമത്തിനു ഉത്തരവാദികളായ അറുപതോളം പേർക്കെതിരെ യു‌എൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. റോഹിംഗ്യൻ ഗോത്രത്തിൽ പെട്ട സായുധ പോരാളി സംഘടനയായ ‘അറാകാൻ റോഹിംഗ്യൻ സാൽവേഷൻ ആർമി’യിൽ (എ.ആർ.എസ്.എ) പെട്ടവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ‘ബെനാർ ന്യൂസ് ഏജൻസി’യുടേയും, ‘റേഡിയോ ഏഷ്യ’യുടേയും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ റോഹിംഗ്യക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന്റെ വിശ്വാസ്യതയാണ് ഇത് തകർക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഒരു എ.ആർ.എസ്.എ പ്രതിനിധി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

തന്റെ ഭർത്താവ് കൊല്ലപ്പെട്ടിരിക്കുമോ എന്ന ആശങ്കയിലാണ് പാസ്റ്ററിന്റെ ഭാര്യ റോഷിദ. ആർക്കും കൃത്യമായ ഒരു വിവരവും നൽകുവാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ മകളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത് വിവാഹം കഴിപ്പിച്ചതായി തന്റെ ബന്ധുക്കൾ തന്നോടു പറഞ്ഞുവെന്ന് ഒരു മനുഷ്യാവകാശ സംഘടനയോട് അവർ വെളിപ്പെടുത്തുകയുണ്ടായി. ക്രൈസ്തവർക്ക് നേരെ ആക്രമണമായല്ല മറിച്ച് ഒരു സാധാരണ സംഭവമായാണ് ബംഗ്ലാദേശ് പോലീസ് ഈ അക്രമത്തെ കാണുന്നതെന്നും, പാസ്റ്ററേയും മകളേയും കണ്ടെത്തുവാൻ പോലീസ് കാര്യമായൊന്നും ചെയ്യുന്നില്ലെന്നും, ക്യാമ്പ് അധികാരികൾ തങ്ങളുടെ അന്വേഷണങ്ങളെ അവഗണിക്കുകയാണെന്നുമാണ് ആക്രമണത്തിനിരയായവരുടെ പരാതി.

അക്രമത്തിനിരയായവർക്ക് സംരക്ഷണം വേണമെന്നുണ്ടെങ്കിൽ ചന്ദ്രനിലേക്ക് പോകണമെന്ന് കോക്സ് ബസാറിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്. 2017-ലെ മ്യാന്മർ സൈന്യത്തിന്റെ വംശഹത്യയെ തുടർന്ൻ ബംഗ്ലാദേശിലേക്ക് കുടിയേറിയ 7 ലക്ഷത്തോളം മുസ്ലീം റോഹിംഗ്യക്കാർക്കിടയിൽ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം ക്രിസ്ത്യൻ റോഹിംഗ്യരും ഉൾപ്പെടുന്നു. ഇതിനു മുൻപും ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് സംരക്ഷണം നൽകണമെന്നും, കാണാതായ പാസ്റ്ററേയും മകളേയും ഒട്ടും വൈകാതെ തന്നെ കണ്ടെത്തണമെന്നുമുള്ള ആവശ്യം അഭയാർത്ഥികൾക്കിടയിൽ ശക്തമായിരിക്കുകയാണ്.

Leave A Reply

Your email address will not be published.