Lekhakan News Portal

കൊറോണ: ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും, പൊതുപരിപാടികൾ റദ്ദാക്കും

0

തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി നേരത്തെയാക്കാനാണ് തീരുമാനം. അംഗനവാടികൾക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകും എന്നാൽ ക്ലാസുകൾ ഉണ്ടായിരിക്കില്ല.

ഇതിനൊപ്പം കോളേജുകളിലും റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. എന്നാൽ സർവകലാശാല പരീക്ഷകൾമാറ്റമില്ലാതെ നടക്കും. കോറോണയുടെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ ചെയ്തിട്ടുള്ളതോ നിരീക്ഷണത്തിൽ ഉള്ളതോ ആയ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തി നൽകും.

ഉത്സവങ്ങൾ, കൂട്ട പ്രാർഥനകൾ, മറ്റ് മതപരമായ ചടങ്ങുകൾ, ജനങ്ങൾ കൂട്ടം ചേരുന്ന പരിപാടികൾ എന്നിവ ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർഥിക്കും. ശബരിമല തീർത്ഥാടനത്തിനും നിയന്ത്രണമേർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെടും.

മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. നേരത്തെ സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച വേളയിലും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.