Lekhakan News Portal

ഇന്ത്യാ ദൈവസഭ സെൻട്രൽ വെസ്റ്റേൺ റീജിയന് ഇത് അഭിമാനമുഹൂർത്തം !!

0

മുംബൈ: ഇന്ത്യാ ദൈവസഭ സെൻട്രൽ വെസ്റ്റേൺ റീജിയൻ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു. മൂന്നു വര്ഷങ്ങൾക്കു പിന്നിൽ റീജിയന്റെ ഓവർസിയറായി റവ.ബെന്നിസൺ മത്തായി ചുമതലയേറ്റെടുക്കുമ്പോൾ “അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്. (റോമർ 9:16) ” എന്ന പൗലോസിന്റെ വാക്കുകൾ താൻ ആപ്തവാക്യമാക്കി. സാധ്യതകൾ എതിരായി നിന്നപ്പോൾ ദൈവസന്നിധിയിൽ വിഷയം അർപ്പിച്ച് വിശ്വാസത്താൽ ഒരുപടി മുൻപോട്ടു വച്ചു. സെൻട്രൽ വെസ്റ്റേൺ റീജിയന് മാത്രമല്ല ആഗോള ദൈവസഭയ്ക്കും അഭിമാനിക്കാൻ കാരണമായ ബൃഹത്തായ ഈ പദ്ധതി യാഥാർഥ്യമായത് റവ. ബെന്നിസന്റെയും ടീമിന്റെയും ദീര്ഘവീക്ഷണത്തിനും നിശ്ചയദാർഢ്യത്തിനും ദൈവം നൽകിയ പ്രതിഫലമാണ്.

ബദലാപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കേവലം 8 കിലോമീറ്റർ മാറി ബെൻഡ്ഷിൽ വില്ലേജിലാണ് പദ്ധതി യാഥാർഥ്യമായിരിക്കുന്നത്. അതിനായുള്ള പണസമാഹരണം വലിയ തടസ്സമായിത്തന്നെ നിലകൊണ്ടു. എന്നാൽ ദൈവനിയോഗം ഹൃദയത്തിലേറ്റിയ സ്വദേശത്തും വിദേശത്തുമുള്ള അനേക ദൈവമക്കൾ സഹായഹസ്തം തുറന്നു നൽകി. അൽപ്പത്തിൽ വിശ്വസ്തനായാൽ അധികത്തിൽ വിചാരകനാക്കുന്ന ദൈവത്തിന് പൂർണ്ണമഹത്വവും ബഹുമാനവും അർപ്പിക്കുമ്പോൾ പിന്നിൽ ചെറുതും വലുതുമായ എല്ലാ സഹായങ്ങളും നൽകിയ എല്ലാ ദൈവമക്കളോടും റവ. ബെന്നിസൺ നന്ദി പറയുന്നു. സെൻട്രൽ വെസ്റ്റേൺ റീജിയനെ ഇപ്രകാരം വളർത്തുവാൻ അടിസ്ഥാനമിട്ട മുൻഗാമികളായ എല്ലാ ദൈവഭൃത്യന്മാർക്കും താൻ നന്ദി അറിയിച്ചു.

റവ. കെൻ ആൻഡേഴ്‌സൺ സദസ്സിനെ അഭിസംബോധന ചെയ്യുന്നു

അഞ്ചേക്കർ ചുറ്റളവിൽ ഏകദേശം മുപ്പതിനായിരം ചതുരശ്രയടിയിൽ വിവിധ കെട്ടിട സമുച്ചയങ്ങൾ അടങ്ങുന്നതാണ് പ്രസ്തുത കാമ്പസ്. ഗൃഹാതുരത തുളുമ്പുന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം ക്യാംപുകൾ നടത്തുന്നതിന് അനുയോജ്യമായി ക്രമീകരിച്ചിരിക്കുന്നു. ഇതിൽ മഹനീയം ബൈബിൾ കോളേജ്, എൽശദായി ചിൽട്രൻസ് ഹോം, ക്യാപ് സെന്റർ, ആരാധനാലയം, ടൈലറിംഗ് സെന്റർ തുടങ്ങിയവ ഇപ്പോൾ പ്രവർത്തനസജ്ജമാണ്.

റവ. കെൻ ആൻഡേഴ്‌സൺ പ്രതിഷ്ഠ നിർവ്വഹിക്കുന്നു

ഭാവിയിൽ മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുടങ്ങാൻ പര്യാപ്തമാണ് ഈ പദ്ധതി. വടക്കേ ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾ തികച്ചും ദുഷ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമേഖലകളിൽ പ്രതീക്ഷകൾ കൈവിടാതെ അക്ഷീണം പ്രവർത്തിക്കുവാൻ സഹപ്രവർത്തകരെ സജ്ജമാക്കുന്നതിൽ സെൻട്രൽ വെസ്റ്റേൺ റീജിയൻ കാണിക്കുന്ന പരിശ്രമങ്ങൾ ശ്ലാഘനീയമാണ്.

റവ. ബെന്നിസൺ മത്തായി ആമുഖ പ്രസംഗം നടത്തുന്നു

ബദ്‌ലാപൂരിൽ പുതുതായി വാങ്ങിയ മഹനയീം ആശ്രമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വേൾഡ് മിഷൻസ് മുൻ ജനറൽ ഓവർസിയർ റവ. മാർക്ക് വില്യംസിന്റെയും സെൻട്രൽ വെസ്റ്റേൺ റീജിയൻ ഓവർസിയർ റവ. ബെന്നിസൺ മത്തായിയുടേയും സാനിധ്യത്തിൽ ഏഷ്യൻ സൂപ്രണ്ട് റവ. കെൻ ആൻഡേഴ്‌സൺ അല്പസമയം മുൻപ് ദൈവസന്നിധിയിൽ പ്രതിഷ്ഠിച്ചു. യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു (സങ്കീ 126:3) എന്ന വാക്യത്തെ ആസ്പദമാക്കി റവ. ബെന്നിസൺ മത്തായി ആമുഖ സന്ദേശം നൽകി. യോഗത്തിൽ പ്രധാനസന്ദേശം നൽകിയ റവ. മാർക്ക് വില്യംസ് ദൈവത്താൽ സംഭവിച്ചത് മനുഷ്യദൃഷ്ടിയിൽ ആശ്ചര്യമായിരിക്കുന്നുവെന്നു പറഞ്ഞു. ഒരു പദ്ധതി യാഥാർഥ്യമാകണമെങ്കിൽ ആദ്യമായി ഒരു പ്രവചനമാണ് വേണ്ടത്, പിന്നീട് പദ്ധതി ആസൂത്രണവും തുടർന്ന് അതിന്റെ നടത്തിപ്പിനായി ഒരു വ്യക്തിയും പിന്നെ സഹകാരികളും കൂടി ചേർന്നാൽ പദ്ധതി നിർവ്വഹണം സാധ്യമാകും, റവ. കെൻ ആൻഡേഴ്‌സൺ ഓർപ്പിച്ചു. ഇന്ത്യയുടെ സുവിശേഷീകരണത്തിന്റെ വാതിൽ സെൻട്രൽ വെസ്റ്റേൺ റീജിയൻ ആണെന്ന് വർഷങ്ങൾക്ക് മുൻപ് ഒരു പ്രവാചകശബ്ദം താൻ കേട്ടു. അതിന്റെ യാഥാർഥ്യത്തിലേക്ക് റീജിയൻ പ്രാപ്തമാകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ലേഖകൻ മുംബൈ

പദ്ധതി കവാടം

Leave A Reply

Your email address will not be published.