Lekhakan News Portal

ഒന്ന് തിരിച്ചു നടക്കാൻ..

0

തമ്പിൽ വലിച്ചുകെട്ടിയ വല പോലെയാണ് വീട്. വിസ്മയിപ്പിക്കുന്ന ആകാശ ഊഞ്ഞാലാട്ടങ്ങൾക്കിടയിൽ കാലിടറി വീഴുമ്പോഴുള്ള അവസാനത്തെ അഭയം. ഒരു ദേശം മുഴുവൻ അവരുടെ വീട്ടിലേക്കു മടങ്ങുകയാണ്.

Retreat മലയാളിക്ക് പരിചയമുള്ള വാക്കാണ്. Back to base എന്നാണർത്ഥം. വാഗാ അതിർത്തിയിൽ ഓരോ സന്ധ്യയിലും സോദരരാജ്യങ്ങളിലെ സൈനികർ ചെയ്യുന്നതുപോലെ, കാറ്റിലാടിയ പതാകകൾ താഴ്ത്തി ആദരപൂർവം പിറകോട്ട് മാറി നിൽക്കുന്ന ചടങ്ങാണിത്. കൂട്ടി, കുറച്ച്, ഹരിച്ച് കഴിയുമ്പോൾ നിങ്ങളുടേതെന്നു പറയുവാൻ ഉറപ്പുള്ള ആ ഏക ഇടത്തിൽ ഒരു ക്വാളിറ്റി ടൈം രൂപപ്പെടുത്താനാവുമോ എന്നുള്ളതാണ് ഈ ദിനങ്ങളിലെ ശരിയായ സാധന.

വേലിയോളമുള്ള ഓന്തിന്റെ ഓട്ടമായും ചട്ടിക്കുള്ളിലേക്കുള്ള ചെമ്മീന്റെ തുള്ളലായും ഞെട്ടറ്റ പഴത്തിന്റെ ചുവടായുമൊക്കെ കാരണവന്മാർ കൈമാറിയിരുന്ന പഴഞ്ചൊല്ലുകൾ ഈ ചെറിയ വീടിന്റേയും തൊടിയുടേയും കഥ തന്നെയായിരുന്നു.

കുറേക്കൂടി ചെറിയ കാര്യങ്ങളിലേക്ക് ഏകാഗ്രമാവുക, അതിലേക്ക് സ്നേഹവും ബോധവും സന്നിവേശിപ്പിക്കുക. അത്രയൊന്നും ഓടിത്തീർക്കാനില്ലെന്നും ഇനിയൊന്നും വെട്ടിപ്പിടിക്കേണ്ടതില്ലെന്നും ആരോ പയ്യാരം പറയുന്നുണ്ട്. നിസ്സാരമെന്ന – Trivial – പട്ടികയിൽപ്പെട്ട ചിലതിനെ കുലീനവും അഗാധവുമായി പരിവർത്തനം ചെയ്യുക. ആശ്രമബോധം പോലെയുള്ള ഒന്നിനെ രൂപപ്പെടുത്താനുള്ള ചുവടുവയ്പ്പായി ഈ കാലത്തെ ജ്ഞാനസ്നാനപ്പെടുത്താവുന്നതാണ്.

ജർമ്മനിയിലെ അൾട്ടോറ്റിങ്ങിലുള്ള ഒരു പുരാതന ആശ്രമത്തിലെ ആ കുടുസ്സുമുറി ഓർക്കുന്നു. ദീർഘമായ 42 വർഷക്കാലം മണിനാദം മുഴങ്ങുമ്പോൾ കിളിവാതിൽ തുറന്ന് സന്ദർശകരുടെ ആവശ്യങ്ങൾ ആരാഞ്ഞിരുന്നു ഒരാൾ. പിന്നീട് വിശുദ്ധനായി വിളിക്കപ്പെട്ട കൊൺറാഡ് എന്ന കപ്പൂച്ചിൻ സന്യാസിയായിരുന്നു അത്. അതിന്റെ ഭിത്തിയിൽ ഒരു ചെറുനാരങ്ങയുടെ വലിപ്പമുള്ള സുഷിരമുണ്ട്. മുട്ടിന്മേൽ നിന്നു നോക്കിയാൽ അതിലൂടെ ദേവാലയത്തിന്റെ സക്രാരി കാണാം. ചെയ്തിരുന്നതും ചെയ്യാവുന്നതും ഒന്നു മാത്രമായിരുന്നു- അതിഥികളെ കേൾക്കുക, കിളിവാതിൽ അടയുമ്പോൾ അവരുടെ ആകുലതകളെ ചങ്കിലേറ്റി നിലവിളിച്ചു പ്രാർത്ഥിക്കുക. മരിക്കുന്നതിന്റെ തലേരാവിൽ പോലും അയാളുടെ ശീലങ്ങൾക്കു മാറ്റമുണ്ടായിരുന്നില്ല. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആ കുടുസുമുറിയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഫലകം ചുവരിൽ കാണാം.

ഇവരെക്കണക്കുള്ള സുകൃതികളായിരുന്നു നമുക്കു ചുറ്റും എക്കാലത്തും. തൊടിയിലെ ചെടികളെ പരിചരിച്ചും എരുത്തിലെ പൈക്കളെ കുളിപ്പിച്ചും കുട്ടികളുടെ ഗൃഹപാഠം ചെയ്യാൻ സഹായിച്ചും തെല്ലു നേരം കിട്ടുമ്പോൾ ഭംഗിയുള്ള ചില ഓർമ്മകൾ പങ്കു വച്ചും കുളിച്ചു കയറി വരുമ്പോൾ രാസ്നാദിപ്പൊടിയിട്ടും മാറിപ്പോവുന്ന പുതപ്പ് ഒന്നുകൂടി വലിച്ചിട്ടും വൈകിയുറങ്ങി നേരത്തെയുണർന്നും ചിലരൊക്കെ ഈ വീടകങ്ങളിൽ ഒന്നിന്റേയും മേനി നടിക്കാതെയും കവിതയിൽ പൊലിപ്പിക്കാതെയും സമാധാനത്തിൽ ജീവിച്ചിരുന്നു. അവരുടെ ഹൃദയഭൂമിയിലേക്കുള്ള അതിർത്തികളാണ് ഇപ്പോൾ താനെ തുറന്നുകിട്ടുന്നത്.

കാര്യമായ പകിട്ടോ കവിതയോ ഇല്ലാതെ, ചെറിയ കാര്യങ്ങളിൽ ഏർപ്പെട്ട് യാതൊരു അവകാശവാദങ്ങളുമില്ലാതെ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയവർ. കൂട്ടയോട്ടങ്ങളുടെ ഇടയിൽ നമ്മൾ കാണാതെ പോയതും അകന്നു പോയതും ഇത്തരം ലളിതമായ ചില ഗാർഹികചാരുതകളിൽ നിന്നായിരുന്നു. ഇത് മടങ്ങിവരാനുള്ള നേരമാണ്.
-ബോബി ജോസ് കട്ടികാട്

Leave A Reply

Your email address will not be published.