Lekhakan News Portal

കാവൽ മാലാഖമാർ

0

[7:
‘കാവൽ മാലാഖമാർ’
എന്ന വാക്ക് പെന്തക്കോസ്തു സമൂഹങ്ങൾക്ക് അത്ര സുപരിചിതമായ ഒരു വാക്കല്ല. എന്നാൽ കത്തോലിക്കാ സഭയുടെ വേദശാസ്ത്രത്തിൽ “കാവൽ മാലാഖമാർ” എന്ന വിഷയം പ്രധാനപ്പെട്ട ഉപദേശമാണ്. ഒരു പക്ഷെങ്കിൽ ക്രിസ്തുവിനേക്കാൾ അധികം പ്രാധാന്യം ഇക്കൂട്ടർക്കുണ്ടോ എന്നു നമുക്ക് തോന്നുമാറാണ് ആ ഉപദേശങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവർ നമ്മുടെ പ്രൈവറ്റ് ഡിറ്റൿറ്റീവുകൾ ആണ്, പരിപോഷിപ്പിക്കുന്ന അമ്മയെപ്പോലെയാണ്; അവർ നമ്മെ ആശ്വസിപ്പിക്കുന്നവരാണ്, നിരീശ്വരവാദികൾ ഉൾപ്പെടെ ലോകത്തിലെ സകല മനുഷ്യർക്കും അവരുടെ സഹായം ഉണ്ട് എന്നിങ്ങനെയാണ് അവർ പഠിപ്പിക്കുന്നത്. ഈ തീയോളജിയുടെ ബഹിർസ്ഫുരണമാണ് ബ്യൂനസ് അയേഴ്സിലെ (അർജന്റീന) കാവൽ മാലാഖാ പ്രതിമ.

കാവൽ മാലാഖമാർ ഉണ്ടെന്നും അവർ പല വിഭാഗങ്ങൾ ഉണ്ട് എന്നും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. വ്യക്തികളെ, സമൂഹങ്ങളെ, രാജ്യങ്ങളെ സംരക്ഷിക്കുവാനായി ദൈവത്താൽ അയക്കപ്പെടുന്ന ദൈവദൂതന്മാർ ഉണ്ടെന്ന് ബൈബിളിൽ നാം വായിക്കുന്നു. “എന്നെ സകല ദോഷങ്ങളിൽ നിന്നും വിടുവിച്ച ദൂതൻ,” എന്ന് ഉല്പത്തി 48:16 ൽ യാക്കോബ് പറയുന്നുണ്ടല്ലോ. അത് വ്യക്തികളെ കാക്കുന്ന ദൂതന്മാരെ കുറിക്കുന്നു എന്നു സുവ്യക്തമാണല്ലൊ. ഈ വാക്യത്തിന് ദ്വിവിധമായ അർത്ഥമാണുള്ളത്. ദോഷങ്ങളിൽ കുടുങ്ങാതെ എന്നെ വിടുപ്പിച്ചു എന്നും, ഞാൻ ദോഷം ചെയ്യാതെ എന്നെ തടുത്തു എന്നും അർത്ഥം. ഇത് രണ്ടും സംഭവിക്കാതെ ഇരിക്കേണ്ടതിന് ദൈവത്തിന്റെ ഒരു ദൂതൻ യാക്കോബിനെ വിടുവിക്കയും പരിപാലിക്കുകയും ചെയ്തു. ആ ദൂതനെ അഥവാ അതു പോലെയുള്ള ദൂതന്മാരെ തന്റെ അടുത്ത തലമുറയ്ക്കായി യാക്കോബ് മുൻകൂട്ടി പറഞ്ഞ് ഒരുക്കുകയായിരുന്നു, നിയോഗിക്കുകയായിരുന്നു എന്നു സൂചന. യിസ്രായേൽ മക്കളെ വഴിയിൽ കാക്കേണ്ടതിനും; ദൈവം നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക്, നിശ്ചയിച്ചിരിക്കുന്ന സമയത്ത് കൊണ്ടു ചെന്ന് എത്തിക്കേണ്ടതിനും ദൈവം ഒരു ദൂതനെ യിസ്രായേലിനു മുമ്പിലായി അയച്ചു (പുറ:23:21). ഇത് വംശത്തെ അഥവാ സമൂഹത്തെ കാക്കുന്ന ദൂതൻ ആണ് എന്നു ഗ്രഹിക്കാം. “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു” എന്ന് യെശയ്യാവ് 63:9 ൽ നാം കാണുന്നുണ്ട്. ദൈവം അയച്ച ഈ ദൂതനെ സമ്മുഖദൂതൻ (Angel of His Presence) എന്നാണ് ബൈബിൾ വിളിച്ചിരിക്കുന്നത്. ആ സമ്മുഖദൂതൻ സ്നേഹവും കനിവും കാട്ടി അവരെ വീണ്ടെടുത്തു, അവരെ ചുമന്നു നടന്നു എന്നു നാം വായിക്കുന്നു. ഈ വിശേഷണങ്ങൾ എല്ലാം തന്നെ ക്രിസ്തു യേശുവിനു ഏറ്റവും യോജിക്കുന്നതിനാൽ ആ ദൂതൻ ക്രിസ്തു തന്നെ ആയിരുന്നു എന്നൊരു പഠിപ്പിക്കൽ ഉണ്ട്.

“കാവൽമാലാഖമാർ” എന്ന വിഷയത്തെ പിന്തുണച്ച് കർത്താവായ യേശുവും സംസാരിച്ചിട്ടുണ്ട്. മത്തായി സുവിശേഷം പതിനെട്ടാം അധ്യായം ഒന്ന് മുതൽ പതിനൊന്നു വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ ശിശുക്കൾക്കു വേണ്ടിയും ശിശുക്കളെപ്പോലെ ക്രിസ്തുവിൽ വിശ്വസിക്കുന്ന ചെറിയവർക്ക് വേണ്ടിയും പ്രത്യേകം ദൂതന്മാർ ഉണ്ടെന്നും അവർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നും യേശു പറഞ്ഞു (വാക്യം 11). സമ്മുഖദൂതൻ എന്ന ആശയം ഇവിടെ തെളിഞ്ഞു വരുന്നുണ്ടല്ലോ. രക്ഷ പ്രാപിപ്പാൻ ഉള്ളവരുടെ ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുന്ന സേവകാത്മാക്കളെ കുറിച്ച് പൗലോസ് ശ്ലീഹാ എബ്രായർ 11: 14 ൽ പ്രതിപാദിക്കുന്നുണ്ട്. ഇതെല്ലാം കാവൽ മാലാഖമാർ എന്ന തത്വം ഉറപ്പിക്കുന്ന വാക്യങ്ങളാണ്. എന്നാൽ അവരുടെ സംരക്ഷണം ആർക്കൊക്കെയാണ് ലഭിക്കുന്നുവെന്നത് ഈ ഭാഗങ്ങളിൽ നിന്നും സുവ്യക്തമാകുന്നുണ്ടല്ലോ.

എന്നാൽ ഈ ദൂതന്മാർ ഒരു പ്രത്യേക വിഭാഗം ആണെന്നാണ് ദാനിയേൽ പ്രവചനം നമ്മെ പഠിപ്പിക്കുന്നത്. ബൈബിളിൽ ദാനിയേൽ പ്രവചനം നാലാം അദ്ധ്യായത്തിൽ മാത്രമാണ് ഈ കൂട്ടരെ വിഭാഗിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്. നാലാം അദ്ധ്യായം 13, 17, 23 വാക്യങ്ങളിൽ നാം അവരെ കുറിച്ചുള്ള പ്രതിപാദനം കാണുന്നു. മലയാളം ബൈബിളിൽ “ഒരു ദൂതൻ, ഒരു പരിശുദ്ധൻ, ദൂതന്മാർ” എന്നിങ്ങനെയാണ് മേല്പറഞ്ഞ വാക്യങ്ങളിൽ ഇവരെ പ്രതിപാദിച്ചിരിക്കുന്നത്. എന്നാൽ Watcher, sentinel, holy observer എന്നീ വാക്കുകൾ ആണ് വിവിധ ഇംഗ്ലീഷ് വിവർത്തനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നിന്റെയും അർത്ഥം ഒന്നു തന്നെയാണല്ലോ. ഇവിടെ എബ്രായ ഭാഷയിൽ ഈർ (IYR) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് An angel as guradian എന്ന് വിവർത്തനം ചെയ്യാം. ഇവർ കെരൂബ്, സെറാഫ് എന്നിവരെ പോലെ തന്നെ ദൈവദൂത സഞ്ചയത്തിലെ ഒരു പ്രത്യേക വിഭാഗവും പ്രത്യേക പ്ലാറ്റൂണും ആണ് എന്ന് അനുമാനിക്കാം. കാരണം ദാനിയേൽ പ്രവചനം രഹസ്യം, മർമ്മം, ഗൂഡാർത്ഥം, ഗൂഡാർത്ഥ വ്യാഖ്യാനം എന്നിവയാൽ അലംകൃതമായ ഒരു പുസ്തകം ആണല്ലോ. വെളിപ്പാടു പുസ്തകത്തിലും നാം ഇത്തരം ദൂതന്മാരെ ധാരാളമായി കാണുന്നുണ്ടല്ലോ. “സിംഹാസനങ്ങൾ, കർതൃത്വങ്ങൾ, വാഴ്ചകൾ, അധികാരങ്ങൾ എന്നിങ്ങനെ വിഭാഗീകരിക്കപ്പെട്ടിരിക്കുന്ന സാത്താന്യ സൈന്യവ്യൂഹങ്ങൾ (കൊലോ:1:16; റോമർ:8:32) ഒരു ദൈവപൈതലിനെതിരെ വരാതെ, പോരാടാതെ സംരക്ഷിക്കുന്നത് “ഈർ” എന്ന ദൂതന്മാർക്കാണ്
ഉള്ളത് എന്നു ഗ്രഹിക്കാം.
പാർസി രാജ്യത്തിന്റെ പ്രഭു എന്നു ദാനിയേൽ 11: 13 നും 20 നും കാണുന്നത് സിംഹാസനത്തെയും പാർസി രാജാക്കന്മാർ എന്ന് (10:13) കാണുന്നത് അവരുടെ അധികാര ശ്രേണിയേയും കാണിക്കുന്നു. ഇവർ രാജ്യങ്ങൾ, പ്രോവിൻസുകൾ, ജില്ലകൾ, പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ മേൽപ്പറഞ്ഞ അധികാര ശ്രേണിയിൽ ആധിപത്യം നിലനിർത്തി അധർമവും വഷളത്വവും ചെയ്യുവാൻ ജനത്തെ പ്രേരിപ്പിക്കുന്നു. അവർ രാജ്യങ്ങളെ തകിടം മറിക്കുകയും ഭൂവാസികളെ ഇളക്കി വിട്ട് അത്യുന്നതന് എതിരെ മത്സരിപ്പിക്കുകയും ചെയ്യും. ഇവരുടെ പ്രേരണയ്ക്കും, മത്സരത്തിനും, കലഹത്തിനും എതിരെ നിദാന്ത ജാഗ്രത പുലർത്തുന്നവരാണ് കാവൽ മാലാഖമാർ എന്ന് ഗ്രഹിക്കാം.

രാജാക്കന്മാരും ഭരണാധികാരികളും തങ്ങളുടെ ദൗത്യവും ഉത്തരവാദിത്വങ്ങളും കടപ്പാടുകളും മറന്ന് അഹംഭാവികളും താൻപോരിമക്കാരുമായി പ്രജാപീഡകർ ആകുമ്പോൾ അവരെ പ്രജാതല്പരരും നീതിന്യായ തല്പലരുമാക്കി തീർക്കുവാൻ കാവൽ മാലാഖമാർ ഇടപെടും എന്ന സൂചനയാണ് ദാനിയേൽ പ്രവചനം 4:17 നമുക്ക് നല്കിത്തരുന്നത്. “ഈ വിധി ദൂതന്മാരുടെ (കാവൽമാലാഖമാരുടെ) നിർണ്ണയവും കാർയ്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.” നെബൂഖദ്നേസർ മൃഗസ്വഭാവമായി ഭരിക്കുവാൻ തുടങ്ങിയപ്പോൾ അവനെ മൃഗസമാനമാക്കിയ നിണ്ണയം (decree) കാവൽമാലാഖമാരുടെ തീരുമാനവും (decision), കാർയ്യം ഭൂമിയിലെ വിശുദ്ധന്മാരുടെ കല്പനയും (sentence) ആയിരുന്നു.

എന്നാൽ ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതാവുകയും പെരുകുകയും ചെയ്യുമ്പോൾ, ദൈവം കാവൽ മാലാഖമാരെ പിൻവലിക്കുകയും നാശക ദൂതന്മാരെ (Angels of disaster) രാജ്യങ്ങളുടെ മേലും, സൈന്യങ്ങളുടെ മേലും അയയ്ക്കുകയും ചെയ്യും (2 ശാമു:24:17; 1ദിന: 21:15). യെരൂശലേമിന് എതിരെ അയച്ച ദൂതനെ കണ്ട ഒർന്നാൻ ഭയന്ന് തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു എന്നാണ് 1 ദിനവൃത്താന്തം 21:20 കാണുന്നത്. ആ ദൂതൻ വന്നു മഹാമാരി അയച്ച് യിസ്രായേലിൽ എഴുപതിനായിരം പേർ മരിച്ചു (2 ശമുവേൽ 24:15). സൊദോം, ഗൊമോറ പട്ടണങ്ങളെ ന്യായം വിധിച്ചതും അശൂർ പാളയത്തിൽ 1,85,000 പേരെ കൊന്നതും നാശക ദൂതന്റെ സാന്നിധ്യമാണ്. “ബാധ വിട്ടു പോകേണ്ടതിന് യഹോവയ്ക്കു യാഗപീഠം പണിയണം” (2 ശാമു: 24:21)എന്നത് ദൈവിക വ്യവസ്ഥയാണ്.

കോവിഡ്-19 ബാധ ദൈവം രാജ്യങ്ങളുടെ മേൽ നാശക ദൂതന്മാരെ അയച്ചതിന്റെ തിക്തഫലം ആണ്. ദാവീദിനെ പോലെ നമുക്കും പ്രാർത്ഥിക്കാം – നാശക ദൂതനെ പിൻവലിക്കണേ- കാവൽ മാലാഖമാരേ പുനഃസ്ഥാപിക്കേണമേ. വ്യവസ്ഥ പ്രകാരം യാഗപീഠം പണിതു കുറ്റം ഏറ്റുപറഞ്ഞ് ആരാധന പുനഃസ്ഥാപിക്കാം. ദൈവം നമ്മെ അതിനു സഹായിക്കുമാറാകട്ടെ. ആമേൻ.

Leave A Reply

Your email address will not be published.