Lekhakan News Portal

നിങ്ങൾക്ക് ആരെയാണ് ആവശ്യം?

0 163

ആചാര്യനെ മക്കാറാക്കാനുള്ള നടപടിയിലായിരുന്നു പയ്യൻസ്.

കൈക്കുമ്പിളിൽ ഒരു കിളിക്കുഞ്ഞുണ്ട്. അതു ചത്തതാണോ, ജീവനുള്ളതാണോ എന്നയാൾ ഗണിച്ചു പറയണം. ലളിതമായ കുനുഷ്ടുബുദ്ധിയാണ്. ചത്തതെന്നു പറയുമ്പോൾ തുറന്നുകാട്ടി അങ്ങനെയല്ലെന്നും ജീവനുള്ളതെന്നു പറഞ്ഞാൽ ഞെരിച്ചു കൊന്നും അയാളെ തോല്പിക്കാവുന്നതേയുള്ളു. അയാൾ മന്ദഹസിച്ചു, “അതു നിശ്ചയിക്കുന്നത് ഞാനല്ല, എന്തിന് വിധി പോലുമല്ല. നിന്റെ കൈമുഷ്ടികളാണ്.”

കിളിക്കുഞ്ഞിന്റെ മാത്രമല്ല, ഏതിന്റെയും ഗതിയെ നിശ്ചയിക്കുന്നത് നിങ്ങളുടെ വിരലുകളാണ്. പഴയ നിയമത്തിൽ നിന്നുള്ള ഒരു വാക്കിന് അസാധാരണ മുഴക്കമുണ്ട്: “നിന്റെ മുമ്പിൽ ഞാൻ ജീവനും മരണവും വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിന്റേതു മാത്രമാണ്.”

സ്വാതന്ത്ര്യം ഒരു ഇടിമിന്നലായി എന്നെ കരിച്ചുകളഞ്ഞു എന്നെഴുതുന്നത് എക്സിസ്റ്റൻഷ്യൽ ചിന്തകരാണ്. സ്വാതന്ത്ര്യം പോലെ അപകടം പിടിച്ച ഒരു കളിയില്ല. ഒരാളെയും ചൂണ്ടിക്കാണിക്കാനില്ലാതെ, എല്ലാത്തിനും കണക്കു കൊടുക്കേണ്ടിവരുന്ന സുരക്ഷിതത്വമോ സമാധാനമോ ഇല്ലാത്ത ഒരു നാൽക്കവലയാണത്. അതുകൊണ്ടാണ് മനുഷ്യർ പൊരുതി നേടിയ സ്വാതന്ത്ര്യത്തെ ഒരു ഏങ്ങലുമില്ലാതെ ആരുടെയോ കാല്പാദങ്ങളിൽ വച്ച് സ്വസ്ഥചിത്തരാകാൻ ശ്രമിക്കുന്നത്.

സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ഒരു പെൺകുട്ടിയെ എന്റേതെന്നു കരുതുമ്പോൾ എഴുനൂറു കോടിയോളം ജനസംഖ്യയുടെ പാതിയിലേറെ വരുന്ന മുഴുവൻ സ്ത്രീകളേയും ഞാൻനിരസിക്കുന്നു. അത് വലിയൊരു കൊടുമുടിയുടെ മുകളിൽ നിന്ന് താഴോട്ടു നോക്കുന്നതുപോലെ തല ചുറ്റിക്കുന്ന ഇടപാടാണ്.

ഓരോ നിമിഷവും ഈ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജീവനും മരണത്തിനുമിടയിൽ. ഒരു ബുഫെ റ്റേബിളിനു മുന്നിൽ നിൽക്കുമ്പോൽ പോലും അതങ്ങനെ തന്നെയാണ്. നിങ്ങൾ എന്തെടുക്കുന്നു, എന്തെടുക്കുന്നില്ല എന്നത് നിങ്ങളുടെ ക്വാളിറ്റി ലിവിങ്ങിനെ തെളിഞ്ഞോ മറഞ്ഞോ നിശ്ചയിക്കുന്നുണ്ട്. നിറയെ വിദ്യാലയങ്ങളുള്ള നഗരത്തിൽ എവിടെ കുട്ടിയെ ചേർക്കണമെന്നതു പോലും ഒരു കുരുന്നുജീവന്റെ ആത്മകഥയിലെ പ്രധാനപ്പെട്ട തീരുമാനമാണ്. എല്ലാ പള്ളിക്കൂടങ്ങളും കൊബായാഷി ഇസയല്ല നടത്തുന്നത്.

ഇതൊക്കെ കൊണ്ടാവണം ഏതൊരു തീരുമാനത്തിനു മുമ്പും അയാൾ ഒരു രാത്രി പ്രാർത്ഥനയിൽ ചെലവഴിച്ചു എന്ന് വേദപുസ്തകം സാക്ഷ്യം പറയുന്നത്. ആ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിന്റെ തലേരാവിൽ അയാൾ ഉറങ്ങിയിട്ടേയില്ല. അത്രയും കണിശതയോടും വീണ്ടുവിചാരത്തോടും ആ പരാശക്തിയോടുള്ള സംവാദത്തിലും സംഭവിച്ച ഒന്നായിരുന്നിട്ടുപോലും മാമ്പഴത്തിലെ തക്ഷകനേപ്പോലെ മരണം അയാളുടെ ചങ്ങാതിക്കൂട്ടത്തിലേക്ക് ഒളിച്ചുവന്നു. ഒറ്റുകാരന്റെ ആ ചുംബനത്തിലാണ് അയാൾ പൊള്ളിപ്പോയത്.

തിരഞ്ഞെടുപ്പ് തുടരുകയാണ്. നിങ്ങൾക്ക് ആരെയാണ് ആവശ്യം? നസ്രായനായ യേശുവിനെയോ, അതോ ബറാബാസിനെയോ?- ബാർ അബ്ബാസ് എന്ന വാക്കിന്റെ അർത്ഥം അപ്പന്റെ മകൻ എന്നാണ്. രണ്ടു പേരും അപ്പന്റെ മക്കളാണെന്നു തന്നെയാണ് അവകാശപ്പെടുന്നത്. അത് തിരഞ്ഞെടുപ്പിനെ കൂടുതൽ കഠിനമാക്കുന്നു. കുട്ടിക്കളികൾ തുടരുകയാണ്… “ആരെ നിങ്ങൾക്കാവശ്യം, ആവശ്യം പടി രാവിലെ…”

-ബോബി ജോസ് കട്ടികാട്

Get real time updates directly on you device, subscribe now.

Comments
Loading...