Lekhakan News Portal

അതുതന്നെയാണോ ആത്മീയത

0

നിങ്ങളിലുള്ള ഏറ്റവും നല്ലത് ഇനിയും പുറത്തുവരാനുണ്ട് എന്ന ചെവിട്ടോർമ്മയാണ് ആത്മീയത. ഈ ഏറ്റവും നല്ലത് പുറത്തുവരുന്നതിനുള്ള ഒരു മാധ്യമം തൊഴിലാണ്. കലയും ശാസ്ത്രവും ഇത്രമേൽ നന്നായി ഒരു ബിന്ദുവിൽ സന്ധിക്കുന്നില്ല. ശരീരത്തെ ശുദ്ധീകരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങാണ് വിയർപ്പ് ഒരാളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നത്.

എന്തു കിട്ടുമെന്നാണ് ജോലി ചെയ്യുന്ന ഏതൊരാളോടും നാം ചോദിക്കുന്ന കുശലം. അതിന് ഒരൊറ്റ അർത്ഥമേയുള്ളു- കൂലി. അതിൽ നിന്നു ലഭിക്കുന്ന സംതൃപ്തി, ഹർഷം, ആത്മാവിഷ്കരണം തുടങ്ങിയവയൊന്നും ചിത്രത്തിലേയില്ല. പല കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയ സിനിമ പൂർത്തിയാക്കുവാൻ കൊളംബിയ പിക്ചേഴ്സിനെ സമീപിക്കുമ്പോൾ തന്റെ എല്ലാ അവകാശങ്ങളും അവർക്കു കൈമാറാൻ ജയിംസ് കാമറൂൺ തയാറായിരുന്നു. ഒരു ചില്ലിക്കാശു വാങ്ങാതെ പൂർത്തിയാക്കിയ ആ ചിത്രം ‘റ്റൈറ്റാനിക്’ ആണ്.

ഒരു മരപ്പണിക്കാരനും കുറേ മുക്കുവരും കൂടി ചേർന്ന് പറഞ്ഞുതുടങ്ങിയ ഒരു ധർമ്മമാണിത്. ‘ആഴങ്ങളിലേക്കു വലയെറിയുക’ എന്നു പറഞ്ഞാണ് അയാൾ അവരുടെ ജീവിതത്തിലേക്കു പ്രവേശിച്ചത്. തീരത്ത് ഇരുന്നാലും ചൂണ്ടയിൽ അന്നത്തിന് ആവശ്യമുള്ള പരൽമീനുകൾ കുരുങ്ങും. എന്നാൽ, ഉപജീവനമന്ത്രം മാത്രമല്ല തൊഴിൽ. ഓരോ നിമിഷവും ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ധർമ്മത്തിന്റെ ആഴങ്ങളിലേക്ക് വഞ്ചി തുഴഞ്ഞുപോകാനാവണം. ഈ കാണുന്ന തിരകളും നുരകളും തീരത്തു മാത്രമേയുള്ളു. അഗാധങ്ങളിൽ എല്ലാം നിശ്ചലമാണ്, ഒരു കോപ്പയിലെ ജലം പോലെ.

‘മനുഷ്യരെ പിടിക്കുന്നവരാവുക’ എന്ന് മുക്കുവരോടു പറഞ്ഞത് 916 കവിതയാണ്. മാനവരാശി എന്ന ശ്രീഭണ്ഡാരത്തിൽ ഞാനർപ്പിക്കുന്ന അർച്ചനയാണ് എന്റെ വിയർപ്പെന്നു വെളിപ്പെട്ടു കിട്ടുമ്പോൾ കർമ്മത്തിന് ജ്ഞാനസ്നാനമുണ്ടാകുന്നു. മനുഷ്യനാണ് പ്രധാനം- അതു മാത്രമാണ് ഒരേയൊരു ഏകകം. വലതുഭാഗത്തേക്ക് വലയെറിയുക എന്നു പറഞ്ഞാണ് സുവിശേഷം അതിന്റെ അവസാന അധ്യായത്തിലെത്തുന്നത്. വലതിനു മനഃശാസ്ത്രത്തിൽ ബോധതലം എന്നുതന്നെയാണ് അർത്ഥം. ഓരോരോ കാര്യങ്ങളിൽ വെറുതെ പെട്ടുപോവുകയല്ല, കൃത്യമായ ചില തീരുമാനങ്ങളിലും ഉത്തരവാദിത്തങ്ങളിലും സ്വയം പുനർനിർവചിക്കുകയാണ്.

വിളക്കു കൊളുത്തി അര മുറുക്കി നിൽക്കാൻ മറ്റൊരിടത്ത് പറയുന്നുണ്ട്. സദാ സേവനസന്നദ്ധരായി നിൽക്കുന്നതിന്റെ ശരീരഭാഷയാണത്. ഒരു തൊഴിലും ഒരിക്കലും പൂർണമാകുന്നില്ല. അതിനു മീതെ ഇനിയും ചില തിരുത്തലുകൾ സാധ്യമാണ്. ആയിരം തവണ വെട്ടിയും തിരുത്തിയുമാണ് ചില കവികൾ അവരുടെ സ്വപ്നത്തിലെ പദത്തെ തിരയുന്നത്. ചെയ്യുന്ന കർമങ്ങൾക്കു മീതെ പ്രകാശത്തിന്റെ ഒരു അങ്കി വീണില്ലെങ്കിൽ തൊഴിലും അടിമവേലയും തമ്മിൽ അകലമില്ല. എന്നാലേ ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാൽ സ്വന്തം കർമ്മത്തിന്റെ സുകൃതങ്ങളിൽ നിന്നും ഫലങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള നിർമമതയുണ്ടാവൂ. അങ്ങനെയാണ് അവന്റെ ഉപമകളിലൊന്നിൽ ഇങ്ങനെ നമ്മൾ വായിക്കുന്നത്: പകൽ മുഴുവൻ പാടത്തു പണി ചെയ്ത്, അന്തിയിൽ ദാസർക്കു വെച്ചുവിളമ്പി, രാത്രിയിൽ എപ്പോഴോ വരുന്ന യജമാനനു വേണ്ടി കാത്തുനിന്ന്, അവന്റെ മേശയ്ക്കും വിളമ്പി ഞാനിങ്ങനെ പറയും, ‘ഇതാ നിന്റെ അയോഗ്യനായ ദാസൻ. ഞാനെന്റെ കടമ മാത്രം ചെയ്തു.’

ലിങ്കൺ പ്രസംഗിക്കുകയാണ്. അതിനിടെ ഒരാൾ സ്വന്തം ഷൂ ഉയർത്തിക്കാട്ടി ഇങ്ങനെ വിളിച്ചുപറഞ്ഞു: “താങ്കളുടെ പിതാവു കുത്തിയ ചെരിപ്പാണിത്. അദ്ദേഹം ഇപ്പോഴുമുണ്ടോ?”
ലിങ്കൺ നിശബ്ദനായി, മിഴികൾ സജലങ്ങളായി. നിനച്ചിരിക്കാത്ത ആ അപമാനം കൊണ്ടാണതെന്ന് ചിലരെങ്കിലും ധരിച്ചു.
ലിങ്കൺ അയാളെ ഉറ്റുനോക്കി പറഞ്ഞു: “എന്റെ അപ്പൻ പൂർണാർപ്പണമുള്ള ഒരു ചെരുപ്പുകുത്തിയായിരുന്നു. അത്രയും പൂർണമായി ഒന്നിലും മുഴുകാനാവാത്ത ഒരു ശരാശരി മനുഷ്യനാണ് ഞാൻ. ഇടവേളയിൽ ഞാൻ അങ്ങയുടെ അടുക്കലേക്കു വരാം. അപ്പൻ തുന്നിയ ചെരിപ്പൊന്നു കണ്ടോട്ടെ. ചെറിയ കുഴപ്പങ്ങളാണെങ്കിൽ എനിക്കും പരിഹരിക്കാനാവും. ചിലതൊക്കെ അപ്പൻ എന്നേയും പഠിപ്പിച്ചിട്ടുണ്ട്.”

തഴമ്പിന്റെ പാളിയുള്ള എല്ലാ കരങ്ങളേയും ചുംബിച്ചുകൊണ്ട്.
-ബോബി ജോസ് കട്ടികാട്

Leave A Reply

Your email address will not be published.