Lekhakan News Portal

നമ്മളൊക്കെ അങ്ങനെ ഒരുനാൾ പൊടുന്നനെ മരിച്ചു പോകും!

one day we will die

0

ഒരു സാധാരണ വെള്ളിയാഴ്ച അല്ലെങ്കിൽ ബുധനാഴ്ച, ആരും പ്രതീക്ഷിക്കാതെ രാവിലെ പതിനൊന്നേകാലിനു ഇരുന്ന ഇരിപ്പിൽ നമ്മൾ അവസാന ശ്വാസമെടുക്കും. അപ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ സ്വീകരണ മുറിയിൽ ഇരുന്നു രാഷ്ട്രീയം ചർച്ച ചെയ്യുകയായിരിക്കും, ഒരു കിലോ പൊതിച്ച തേങ്ങയ്ക്ക് രണ്ടു രൂപ മുപ്പത് പൈസ കഴിഞ്ഞ വർഷത്തിനേക്കാൾ കൂടുതലായിരിക്കും, ടി വി സീരിയലിൽ അപ്പോൾ ചുവന്ന വലിയ പൊട്ടു തൊട്ട തടിച്ചികളും താടി വളർത്തിയ തടിയന്മാരും ദുഃഖം എണ്ണിപറഞ്ഞു ഡയലോഗുകൾ വിടുകയായിരിക്കും.

സത്യമായിട്ടും എല്ലാം അത് പോലെ തന്നെയിരിക്കും. പക്ഷെ മരിച്ചുപോകുന്നത് നമ്മളാണ്!

പുതിയ പാട്ടുകൾ കേൾക്കുവാൻ ഇനി മുതൽ നമ്മളുണ്ടാവില്ല. വരാൻ പോകുന്ന പത്തു ലക്ഷം നല്ല പാട്ടുകൾ നമ്മൾ ഇല്ലാതെ, നമ്മുടെ അഭിപ്രായം ഇല്ലാതെ തന്നെ, വലിയ ഹിറ്റുകളാകും. നമ്മൾ ആരാധിക്കുന്ന നടന്മാരുടെ മക്കൾ വലിയ നടന്മാരാകും. നമ്മളെ സ്കൂളിൽ പഠിപ്പിച്ച അധ്യാപകർ നമ്മളുടെ മക്കളെ കാണുമ്പോൾ , നമ്മുടെ മരണ വാർത്ത അവരിൽ നിന്ന് അറിയുമ്പോൾ, “അയ്യോ” എന്ന് അത്ഭുതം കൂറും. നമ്മുടെ മൊബൈൽ ഫോണിന്റെ വാൾപേപ്പർ നമ്മുടെ ഫോട്ടോയാക്കിയിട്ട് നമ്മുടെ മക്കൾ അവരുടെ മക്കൾക്ക് യു ട്യൂബ് കാണുവാനായി നമ്മുടെ ഫോൺ നൽകും. നമ്മുടെ ജന്മദിനം ഫേസ്ബുക്ക് ഓർമിപ്പിക്കുന്ന കൊണ്ട് മാത്രം നമ്മുടെ കൂടെ ജോലി ചെയ്തിരുന്നവർ വന്നു “ RIP. We miss you!”, “ Without you, our team is nothing” എന്നൊക്കെ നമ്മുടെ ടൈം ലൈനിൽ മെസ്സേജ് ഇടും.

ചെറിയ ഒരു ജീവിതമാണ്…

മഴവില്ലു കണ്ടെന്തു രസമാണെന്നു പറയാനുള്ള ഒരു ജീവിതം. കഥകൾ പറയാനും കേൾക്കാനും , കനിവ് കാട്ടാനും, പ്രണയിക്കാനും, കാഴ്ചകൾ കാണാനും, ഇണങ്ങാനും പിണങ്ങാനും പിന്നെ കൂടുതൽ വേഗത്തിൽ അടുക്കാനുമുള്ള ഒരു ജീവിതം. ഓംലെറ്റിൽ ഉപ്പു കൂടിപോയെന്നു പറയാനുള്ള, ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യാനുള്ള, ലേറ്റ് ആയി കെ.എസ്.ഈ.ബി ബില്ല് അടയ്ക്കാനുള്ള, യാത്രയിൽ റോഡരികിലുള്ള ആര്യാസിൽ നിന്നും ഇഡലി കഴിക്കാനുള്ള, അന്യന്റെ ഭാര്യയെ രഹസ്യമായി മോഹിക്കാനുള്ള ഒരു ജീവിതം. നമ്മൾ മാത്രം ശരിയെന്നു മറ്റുള്ളവരെ മനസിലാക്കിപ്പിക്കാൻ ചിലവഴിക്കുന്നൊരു ജീവിതം. ചിരിക്കാനൊരു ജീവിതം. കരയാനൊരു ജീവിതം.

ഇതിനു രണ്ടിനുമിടയിൽ, രണ്ടുംകെട്ടു ജീവിക്കാനൊരു ജീവിതം.

ജീവിക്കുന്നത് അപ്പോൾ എല്ലാരുമാണ്. മരിച്ചു പോകുന്നത് നമ്മളാണ്!

Denis അറക്കൽ

Leave A Reply

Your email address will not be published.