Lekhakan News Portal

ലോക്ക്ഡൗണും സൂമും പിന്നെ കുറെ വിമർശകരും

0 246

ഏതൊരു പുതിയ ടെക്നോളജിയുടെയും തുടക്കത്തിൽ അതിനെ സംശയത്തോടെ മാത്രമേ നാം കാണുകയുള്ളു. കുറേ കഴിയുമ്പോൾ അത് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറും. ട്രാക്ടർ വന്നപ്പോൾ പാടത്ത് പണിയെടുത്തുജീവിക്കുന്നവർക്ക് തൊഴിൽ പോകുമെന്ന് പറഞ്ഞു സമരം നടന്നിട്ടില്ലേ? കമ്പ്യൂട്ടർ വന്നപ്പോൾ ഓഫീസ് ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന്‌ ഭയന്നില്ലേ? മൊബൈൽ ഫോണും ഇന്റർനെറ്റും എല്ലാം വിമർശനവിധേയ മായിട്ടില്ലേ? എന്നോർത്ത് ഇതൊന്നും നാം ഒഴിവാക്കിയില്ലല്ലോ, മറിച്ചു അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയല്ലേ ചെയ്യുന്നത്?

ഇന്ന് മൊബൈൽ ആപ്പുകളായി ബൈബിളിന്റെ ധാരാളം പരിഭാഷകളും ഭാഷാന്തരങ്ങളും ലഭ്യമാണ്. ബൈബിളിന്റെ അച്ചടിരൂപം ഉപയോഗിച്ച് ശീലിച്ച നമ്മുക്കിടയിൽ മൊബൈലിൽ/സ്മാർട് ഫോണിൽ ബൈബിൾ വായിക്കുന്നതിനെ വിമർശിക്കുന്നവരും ധാരാളം ഉണ്ടല്ലോ. അച്ചടിച്ചു കിട്ടുന്നതിന് മുൻപ് പാപ്പിറസ് ചുരുളുകളിലായിരുന്നല്ലോ. ബൈബിൾ അനേകരുടെ കൈകളിൽ എത്തിക്കുന്നതിൽ അച്ചടി സാങ്കേതിക വിദ്യ സഹായമായി തീർന്നില്ലേ. അതുപോലെ ഡിജിറ്റൽ ബൈബിൾ, ബൈബിൾ കൈകാര്യം ചെയ്യുന്നത് ലളിതമാക്കിയില്ലേ?

മൊബൈൽ വരുന്നതിനു മുൻപ് ലാൻഡ് ഫോണിൽ ട്രങ്ക് കാൾ ബുക്ക്‌ ചെയ്ത് കാത്തിരിക്കേണ്ട ഒരു കാലമുണ്ടായിരുന്നില്ലേ? അതിന് മുൻപ് കത്തെഴുത്ത് മാത്രമായിരുന്നല്ലോ ആശയവിനിമയത്തിന് ഏക ആശ്രയം. ഇപ്പോൾ മൊബൈൽ കാൾ, ഇമെയിൽ, വാട്സ്ആപ്പ്, ഫേസ്ബുക്, അങ്ങനെ എത്രയെത്ര മാധ്യമങ്ങൾ ആശയവിനിമയത്തിന് ഉണ്ട്. ഇതൊന്നും നാം തള്ളിക്കളയുന്നില്ലല്ലോ; പരമാവധി ഉപോയോഗിക്കുന്നില്ലേ?

ദാനിയേൽ zoom ലൂടെയാണോ പ്രാർത്ഥിച്ചത്, കാരാഗൃഹത്തിൽ കിടന്ന പൗലോസ് zoom ലൂടെയാണോ ആരാധിച്ചത്‌ എന്നൊക്കെ പരിഹാസരൂപേണ വിമർശനം ഉന്നയിക്കുന്നവരോട് ചോദിക്കട്ടെ; നമ്മുടെ ആരാധനാലയങ്ങളിൽ ആരാധനയ്ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ലേ? ദൈവത്തിന് കേൾക്കാൻ ഉച്ചഭാഷിണി വേണ്ടല്ലോ, അത് കൂടിയിരിക്കുന്ന ജനത്തിന് നമ്മുടെ ശബ്ദം കേൾക്കാനല്ലേ? പാട്ട് അറിയാത്തവർക്കായി OHP ഉപയോഗിച്ചിരുന്നല്ലോ…. അതു കഴിഞ്ഞ് LCD/ LED പ്രൊജക്ടർ…. ഇപ്പോൾ LED സ്ക്രീൻ. ഇങ്ങനെ ഏതെല്ലാം മാധ്യമങ്ങൾ നമ്മുടെ ആരാധനയിലും പ്രഭാഷണങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഈ ലോക്ക് ഡൌൺ വേളയിലാണ് zoom പോലെയുള്ള വിഷ്വൽ പ്ലാറ്റഫോമുകൾ നാം പരിചയപ്പെട്ടു വരുന്നത്.

അപ്പോൾ നാമിന്ന് ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയും ദൈവത്തോട് സംസാരിക്കാനല്ല ജനത്തോട് ആശയവിനിമയം നടത്തുന്നതിനാണ് ഉപയോഗിക്കുന്നത് എന്ന് സാരം. വീടുകളിൽ ഒറ്റയ്ക്കിരുന്ന് ആരാധിച്ചാലും, ആലയത്തിൽ വന്ന് കൂട്ടമായി ദൈവത്തെ ആരാധിച്ചാലും ആരാധന വ്യെക്തിപരമാണ്. ദൈവം നമ്മുടെ ഹൃദയമാണ് നോക്കുന്നത്. അവിടെ നമ്മുടെ ശബ്ദവും, ഭാഷയും, പ്രാസവും, വ്യാകരണത്തികവും, സാങ്കേതിക വിദ്യകളുമെല്ലാം അപ്രസക്തമാണ്. ആരാധനാലയങ്ങളുടെ ആർക്കിടെക്ചറോ, അകത്തെ ഹൈടെക് സംവിധാനങ്ങളോ ഒന്നും ദൈവപ്രസാദത്തിന് കാരണമാകുന്നില്ല. “ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീർത്തനങ്ങൾ 51:16, 17)

ഇന്ന് ആരാധനാലയങ്ങൾ തുറക്കുവാനോ, കൂട്ടായ്മ കൂടുവാനോ അനുവദനീയമല്ലാത്ത സാഹചര്യത്തിൽ zoom പോലെയുള്ള പ്ലാറ്റുഫോമുകൾ പരസ്പരമുള്ള ആശയവിനിമയത്തിനും വിർച്ച്വൽ കൂട്ടായ്മകൾക്കും വളരെ സഹായകമാണ്. ദൈവജനം ഇതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നത് അഭിനന്ദനീയമാണ്.

വാൽകഷണം: ഒരു കാര്യം വ്യെക്തമാണ്; സമൂഹ മാധ്യമങ്ങളോ, സാങ്കേതിക വിദ്യകളോ ഒഴിവാക്കിക്കൊണ്ട് ഫലപ്രഥമായി പ്രവർത്തിക്കുവാൻ ഇനിയും നമ്മുക്ക് ബുദ്ധിമുട്ടാണ്. എല്ലാ സാങ്കേതികവിദ്യകൾക്കും, ആശയവിനിമയ ഉപാധികൾക്കും ദോഷവശങ്ങൾ ഉള്ളതുപോലെ ഇതിനും ഉണ്ടാകാം. അത് തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതിൽ നമ്മൾ ജാഗരൂകരായിരിക്കണം എന്ന് മാത്രം. എടുത്ത് പറയട്ടെ, ഓൺലൈൻ കർതൃമേശ, വിവാഹം, അങ്ങനെയുള്ളതൊന്നും ഈ ലേഖകൻ അംഗീകരിക്കുന്നില്ല.

പാസ്റ്റർ തോമസ് മാത്യു

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: