Lekhakan News Portal

ഇറ്റലിയിൽനിന്ന് എത്തിയവരിൽ ഇനിയും പരിശോധന നടത്താത്തവരെ കണ്ടെത്തും – റാന്നി എംഎൽഎ

0

പത്തനംതിട്ട: ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിട്ടും പരിശോധനയ്ക്ക് വിധേയരാകാത്ത ആളുകൾ ഇനിയുമുണ്ടെന്ന് റാന്നി എം.എൽ.എ. രാജു കെ.എബ്രഹാം. അവരുടെ വിലാസം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാത്തവരുമായ അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയെന്നും അദ്ദേഹം ലേഖകനോട് പ്രതികരിച്ചു. ഇവരെ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ മൂന്നുപേർ ഉൾപ്പെടെ അഞ്ചുപേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനംവകുപ്പുമന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ഞായാറാഴ്ച ഉച്ചയ്ക്കു ശേഷം കളക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. ഉന്നതോദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും എം.എൽ.എ.മാരും യോഗത്തിൽ പങ്കെടുത്തു.

ആളുകൾ കൂടുന്ന പ്രധാനപ്പെട്ട യോഗങ്ങൾ ജില്ലയിൽ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനം കൈക്കൊള്ളും. മാസ്‌കുകളുടെ ലഭ്യതക്കുറവുണ്ട്. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായും എം.എൽ.എ. പറഞ്ഞു.

കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ സെന്റ് കുറിയാക്കോസ് പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ ആരാധന നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കൊറോണ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടയാളുകൾ ഉടൻതന്നെ വീടുകളിലേക്ക് മടങ്ങണമെന്നും നിർദേശിച്ചു. ഒമ്പതുപേരാണ് ഇതിനു പിന്നാലെ ആ പള്ളിയിൽനിന്ന് വീടുകളിലേക്ക് മടങ്ങിയതെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവർ വന്ന ഖത്തർ എയർവെയ്‌സിന്റെ വിമാനത്തിൽ, ഇവരുടെ സമീപസീറ്റുകളിൽ ഉണ്ടായിരുന്നവർ ആരൊക്കെയാണെന്ന് അന്വേഷിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടർമാർ ഡോക്ടർമാരുടെ പന്ത്രണ്ട് സംഘങ്ങൾ പ്രദേശത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.

കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നവർ ഒട്ടേറെ സ്ഥലങ്ങളിൽ പോയിരുന്നുവെന്നതാണ് കുഴയ്ക്കുന്ന കാര്യമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇന്നും നാളെയുമായി ലഭിക്കും. കൊറോണ ബാധിതർ ബന്ധപ്പെട്ട എല്ലാ ആളുകളെയും രണ്ടുമൂന്നുദിവസത്തിനുള്ളിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറ്റലിയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും എത്തിയ പലരും വിമാനത്താവളങ്ങളിലെ മതിയായ പരിശോധനാസൗകര്യങ്ങൾ ഉപയോഗിക്കാതെയാണ് നാട്ടിലെത്തിയതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ എത്തിയവരെ കുറിച്ച് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു

Leave A Reply

Your email address will not be published.