Lekhakan News Portal

ആഗസ്റ്റ് പതിനാറ് ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളുടെ അവബോധ ദിനമാക്കാൻ റൊമാനിയ

0

ബുച്ചറെസ്റ്റ്: എല്ലാവർഷവും ആഗസ്റ്റ് മാസം പതിനാറാം തീയതി ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളുടെ അവബോധ ദിനമായി ആചരിക്കാൻ റൊമാനിയൻ പാർലമെന്റിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ഈ ദിവസം രാജ്യത്തെ റൊമാനിയൻ പാർലമെൻറ് കെട്ടിടമടക്കമുള്ള സർക്കാർ മന്ദിരങ്ങൾ രാത്രി എട്ട് മണിമുതൽ പന്ത്രണ്ടു മണി വരെ ചുവന്ന ദീപങ്ങൾ തെളിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമേൽക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ റൊമാനിയയിലെ ജനങ്ങൾ സ്മരിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ചുവന്ന ദീപങ്ങൾ തെളിയിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.

1992ൽ റൊമാനിയയിലെ ഓർത്തഡോക്സ് സഭ വിശുദ്ധരായി പ്രഖ്യാപിച്ച ബ്രാൻഗോവിയാനു രക്തസാക്ഷികളുടെ തിരുനാൾ ദിനവും ഓഗസ്റ്റ് 16നു തന്നെയാണ് രാജ്യത്ത് അനുസ്മരിക്കുന്നത്. 1654 മുതൽ 1714 വരെ വളളാച്ചിയ ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു കോൺസ്റ്റന്റൈൻ ബ്രാൻഗോവിയാനു. 1714 ആഗസ്റ്റ് പതിനഞ്ചാം തീയതി ഓട്ടോമൻ തുർക്കികൾ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഇസ്താംബൂളിലേക്ക് കൊണ്ടുപോയി അവിടെവച്ച് നാല് ആൺമക്കളോടൊപ്പം തല വെട്ടി കൊലപ്പെടുത്തുകയായിരിന്നു. ആഗസ്റ്റ് 15നു മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായിരുന്നതിനാലാണ് പതിനാറാം തീയതി രക്തസാക്ഷികളുടെ തിരുനാളായി ആചരിക്കാൻ റൊമാനിയൻ സഭ തീരുമാനമെടുക്കുന്നത്.

പുതിയ നിയമമനുസരിച്ച് ഈ ദിവസം സർക്കാർ അംഗീകൃത സ്ഥലങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്താനാകും. വിവിധ പരിപാടികൾക്ക് സർക്കാരിനും, സർക്കാർ ഇതര സംഘടനകൾക്കും സാമ്പത്തിക സഹായം നൽകാം. ആഗസ്റ്റ് പതിനാറാം തീയതി രാജ്യത്തെ സർക്കാർ മാധ്യമങ്ങളടക്കമുള്ള ചാനലുകളിൽ ക്രൈസ്തവ പീഡനം പ്രമേയമായുള്ള പരിപാടികൾ കൂടുതലായി സംപ്രേഷണം ചെയ്യും. റൊമാനിയയുടെ ക്രൈസ്തവ ചരിത്രത്തെപ്പറ്റിയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ പറ്റിയും യുവജനങ്ങളെ, ബോധവാന്മാരാക്കാനാണ് താൻ പുതിയ നിയമത്തിന്റെ കരട് ബില്ലിന് രൂപം നൽകിയതെന്ന് ബില്ലിന് പിന്നിൽ പ്രവർത്തിച്ച ഡാനിയൽ ജോർജി പറഞ്ഞു. ആരെയും ഭയക്കാതെ ക്രൈസ്തവ വിശ്വാസം പിന്തുടരാൻ ക്രൈസ്തവർക്ക് പുതിയ നിയമം ധൈര്യം പകരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

Leave A Reply

Your email address will not be published.