Lekhakan News Portal

പാക്കിസ്ഥാന്‍ മതന്യൂനപക്ഷ കമ്മീഷന് ഒടുവില്‍ അംഗീകാരം: ലാഹോര്‍ മെത്രാന്‍ ഉള്‍പ്പെടെ 3 ക്രിസ്ത്യന്‍ അംഗങ്ങള്‍

0

ഇസ്ലാമാബാദ്: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ മതന്യൂനപക്ഷ കമ്മീഷന് പാക്കിസ്ഥാന്‍ ഫെഡറല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ‘നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി’ക്ക് അംഗീകാരം നല്‍കിയതെന്നു റിലീജിയസ് അഫയേഴ്സ് മന്ത്രി പീര്‍ നൂര്‍ ഉള്‍ ഹഖ് ക്വാദ്രി അറിയിച്ചു. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഭരണകക്ഷിയായ ജസ്റ്റിസ് പാര്‍ട്ടി അംഗമായ ചേലാ റാം കെവ്ലാനി എന്ന ഹൈന്ദവ വിശ്വാസിയാണ് കമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍. ലാഹോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ഉള്‍പ്പെടെ മൂന്നു ക്രിസ്ത്യന്‍ അംഗങ്ങളാണ് കമ്മീഷനില്‍ ഉള്ളത്.

ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ’ക്ക് പുറമേ, പാക്കിസ്ഥാന്‍ ക്രിസ്റ്റ്യന്‍ യുണൈറ്റഡ് മൂവ്മെന്റിന്റെ ചെയര്‍മാനായ ആല്‍ബര്‍ട്ട് ഡേവിഡ്, ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ പെഷവാര്‍ രൂപതാ സെക്രട്ടറി സാറാ സഫ്ദാര്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് ക്രിസ്ത്യന്‍ അംഗങ്ങള്‍. മൂന്ന്‍ വീതം ക്രിസ്ത്യന്‍- ഹിന്ദു അംഗങ്ങളും, രണ്ട് വീതം മുസ്ലീങ്ങളും സിഖ് അംഗങ്ങളും, പാഴ്സി സമുദായത്തില്‍ നിന്നും കേലാഷ് സാമൂദായത്തില്‍ നിന്നും ഓരോരുത്തരും അംഗങ്ങളായുള്ള കമ്മീഷനില്‍ അഹ്മദി വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം ചില മതന്യൂനപക്ഷ സംഘടനകള്‍ നിര്‍ദ്ദിഷ്ട കമ്മീഷനെ തള്ളിക്കളഞ്ഞിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഭരണഘടനക്ക് കീഴില്‍ ഒരു കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ 2014-ലെ വിധി പ്രസ്താവത്തിന് 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മതന്യൂനപക്ഷങ്ങളുടെ മേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സുന്നി ഇസ്ലാമിക സംഘടന ഭീഷണിയും നിലവിലുണ്ട്.

Leave A Reply

Your email address will not be published.