Lekhakan News Portal

ആഫ്രിക്കയിൽ ആയുധധാരികൾ തട്ടിക്കൊണ്ടു പോയ വൈദികൻ മോചിതനായി

0

ഒടുക്പോ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ഒടുക്പോ രൂപതയിൽ നിന്നും തോക്കുധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ മോചിതനായി. ബെന്യൂ സംസ്ഥാനത്തിലെ ഒടുക്പോ രൂപതയിലെ മൈനർ സെമിനാരിയിൽ സേവനം ചെയ്തുകൊണ്ടിരുന്ന ഫാ. ഡേവിഡ് എക്കിയോഡ, ബന്ധികളുടെ കൈയിൽ നിന്നും മോചിതനായ വിവരം രൂപത തന്നെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള മൈക്കൽ നാഡി എന്ന സെമിനാരി വിദ്യാർത്ഥി കൊല്ലപ്പെട്ടതിന്റെ ദുഃഖം മാറും മുൻപ് മറ്റൊരു വൈദികൻ കൂടി തട്ടിക്കൊണ്ടുപോകലിനിരയായതിൽ ആശങ്കയിൽ കഴിഞ്ഞിരിന്ന ക്രൈസ്തവ സമൂഹത്തിന് അൽപ്പമെങ്കിലും ആശ്വാസം പകരുന്നതാണ് ഈ വാർത്ത.

സെൻട്രൽ നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചതിന് ശേഷം തന്റെ സെമിനാരിയിലേക്ക് മടങ്ങി വരവേയാണ് ആയുധധാരികളായ അക്രമികൾ വൈദികനെ തട്ടിക്കൊണ്ടുപോകുന്നത്. നൈജീരിയയിൽ സമീപകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന തട്ടിക്കൊണ്ടുപോകൽ പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഫാ. ഡേവിഡ്. തെക്ക്-പടിഞ്ഞാറൻ മേഖലയിലെ ഇഡോ സംസ്ഥാനത്തിലെ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ മാസമാണ്. നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ ചെയർമാനായ റവ. ലാവൻ അൻഡീമി കൊല്ലപ്പെട്ടതും ജനുവരിയിൽ തന്നെയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളെ അബൂജ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ക് ബിഷപ്പ് ഇഗ്നേഷ്യസ് കായിഗാമ ശക്തമായി അപലപിച്ചു. ബിഷപ്പ് ഓഗസ്റ്റിൻ ഓബിയോറ അകുബെസേയും ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള അക്രമങ്ങൾക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. നൈജീരിയയിലെ സ്ഥിതിഗതികൾ വളരെയേറെ മോശമായി വരികയാണെന്നു ഫെബ്രുവരി 27ന് യു.എസ് റിലീജിയസ് ഫ്രീഡം അംബാസഡർ സാം ബ്രൌൺബാക്ക് വ്യക്തമാക്കിയിരിന്നു. ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് നൈജീരിയൻ ക്രൈസ്തവരുടെ ഇടയിൽ അക്രമം വിതയ്ക്കുന്നത്.

Leave A Reply

Your email address will not be published.