Lekhakan News Portal

മാരാമൺ കൺവൻഷനു അനുഗ്രഹീത തുടക്കം

0 255

മാരാമൺ: അപരനിൽ ദൈവത്തിന്റെ പ്രതിച്ഛായ ദർശിക്കണമെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. 125ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ദൈവം തന്റെ പ്രതിച്ഛായുള്ള മനുഷ്യരെയാണ് സൃഷ്ടിച്ചത്. വസിക്കാൻ മനോഹരമായ പ്രപഞ്ചവും നൽകി. ദൈവത്തിന്റെ ദാനങ്ങളായ ഭൂമിയെയും പ്രകൃതിയെയും ജലത്തെയും മനുഷ്യനുവേണ്ടി സൃഷ്ടിച്ചു. എന്നാൽ സമ്പത്തിനുവേണ്ടിയുള്ള അത്യാർത്തികൊണ്ട് മനുഷ്യൻ പ്രകൃതിയെയും ഭൂമിയെയും ജലസ്രോതസുകളെയും വികലമാക്കുകയും മലിനപ്പെടുത്തുകയും ചെയ്തുവെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

കമ്പോളത്തിൽ ലഭിക്കുന്ന കുപ്പിവെള്ളത്തേക്കാൾ ശുദ്ധമായിരുന്നു പമ്പാനദി പോലുള്ള നദികളിലെ ജലം. നദിയെയും പ്രകൃതിയെയും വികലമാക്കിയത് മൂലം ശ്വസിക്കാൻ വായു പോലും പണം കൊടുത്ത് വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അധികാര കേന്ദ്രങ്ങൾ വികസനം ഉണ്ടാക്കേണ്ടത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടല്ല. വികസനത്തിന്റെ പേരിൽ എന്തും നശിപ്പിക്കാനുള്ള സമീപനം ശരിയല്ല. തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാത്തവരെ രാജ്യദ്രോഹികളെന്ന് പറഞ്ഞ് തുറുങ്കിലടയ്ക്കുകയും നാടുകടത്തുകയും ചെയ്യുന്ന രീതി ഭരണാധികാരികൾക്ക് ഭൂഷണമല്ല.

സത്യം പറഞ്ഞതിന്റെ പേരിൽ സി. കേശവനെ തുറുങ്കിലടച്ച ഭരണ സംവിധാനമാണ് ഒരു കാലത്തുണ്ടായിരുന്നത്. സി. കേശവനെ തുറുങ്കിലടച്ചതിനെതിരേ പ്രക്ഷോഭം നടത്താൻ പ്രജാ സഭയിലെ ഉപാധ്യക്ഷനായിരുന്ന ടി.എം. വർഗീസ് സ്ഥാനം രാജിവച്ച് പ്രക്ഷോഭത്തിനിറങ്ങുകയും സി. കേശവനുവേണ്ടി വാദിക്കുകയും ചെയ്ത സംഭവത്തെ ഓർത്തുകൊണ്ട് യുവാക്കളും വിദ്യാർഥികളും ഇന്ന് പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഗാന്ധിജിയുടെ രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരുന്നു. ദൈവത്തിന്റെ വചനം ഉൾക്കൊണ്ട് രൂപാന്തരം ഉണ്ടായി നീതിബോധത്തോടും ദയാതത്പരതയോടും വിനയത്തോടുംകൂടി ജീവിക്കാൻ തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ പൗരൻമാരെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സഭയുടെ മൗനം ഭഞ്ജിക്കേണ്ട കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു

മാർത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാരായ ഗീവർഗീസ് മാർ തിയഡോഷ്യസ്, തോമസ് മാർ തിമോത്തിയോസ്, ഐസക്ക് മാർ പീലക്‌സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്, തോമസ് മാർ തീത്തോസ്, മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്‌നോത്തിയോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ബിഷപ് ഉമ്മൻ ജോർജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, രാജ്യ സഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ, ആന്റോ ആന്റണി എംപി, എൻ. കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ വീണാ ജോർജ്, പി.സി. ജോർജ്, മാത്യു ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാർ, മുൻ എംപി കെ. ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. റവ. ഡിനോ ഗബ്രിയേൽ മുഖ്യ പ്രഭാഷണം നടത്തി.

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: