Lekhakan News Portal

ആരാണ് അതിനു ഉത്തരവാദികൾ?

0

എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്. നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്. ഇത് വായിച്ചാൽ ബോധ്യപ്പെടും.

ന്യൂ ജനറേഷൻ കുട്ടികളിൽ ഭൂരിഭാഗം പേർക്കും അനുസരണയോ മുതിർന്നവരോട് ബഹുമാനമോ ഇല്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല, ന്യൂ ജനറേഷൻ ആൺകുട്ടികൾ വിവാഹത്തോടെ പെങ്കോന്തൻമാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്ക് വിവാഹ മോചനത്തിലേക്ക് എത്തിച്ചേരുന്നു. ഇനിയുമുണ്ട് ഇവരെ കുറിച്ച് പറയാൻ… എത്ര പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ. നാം ചിന്തിക്കേണ്ടതാണ്. അവരെ തെറ്റു പറഞ്ഞിട്ട് കാര്യമില്ല.

❓ ആരാണിവരെ വളർത്തിയത്??
എന്താണിവരിങ്ങനെ ആയിത്തീർന്നത്??

ഒരു കൂരക്കു കീഴിൽ എട്ടാനുജന്മാരുടെ കുടുംബങ്ങളും, ഒരാൾക്ക് തന്നെ എട്ടും പത്തും മക്കളുമായി തിന്നാനും, കുടിക്കാനും, ഉടുക്കാനും കഷ്ട്ടിച്ചു ഉണ്ടായിരുന്ന കാലം.
അന്നത്തെ ജീവിത സാഹചര്യം നമ്മളെ പലതും പഠിപ്പിച്ചു, ക്ഷമയും, സഹനവും, വിനയവും, ബഹുമാനവും, അങ്ങനെയങ്ങനെ ജീവിത മൂല്യങ്ങൾ പലതും നേടിയെടുത്തു.

കാലം മാറി, ദൈവാനുഗ്രഹം പെയ്തിറങ്ങി, പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലത്തിൽ നിന്നും സുഖസൗകര്യങ്ങളിലേക്കു ജീവിതം പതിയെ നീങ്ങിത്തുടങ്ങി, കൂട്ടുകുടുംബം എന്ന സംസ്കാരത്തിൽ നിന്നും അണുകുടുംബത്തിലേക്കു ജീവിതം പറിച്ചു നട്ടു. കുടുംബങ്ങൾ പലതും പ്രവാസ ജീവിതത്തിലേക്കും ചേക്കേറി.

ജീവിതത്തിന്റെ ഒരു പകുതിയിൽ തങ്ങൾക്കു ലഭിക്കാത്ത പല സൗഭാഗ്യങ്ങളും തങ്ങളുടെ മക്കൾക്ക് കൊടുക്കണം എന്ന അടങ്ങാത്ത ആഗ്രഹത്താൽ എല്ലാം മക്കൾക്ക് ചെയ്തു കൊടുത്തു. ഒരിക്കലും ആ ആഗ്രഹത്തെ കുറ്റപ്പെടുത്താൻ ആവില്ല.

എന്നാൽ നമുക്ക് ലഭിച്ച പലതും അതിനിടയിൽ മക്കൾക്ക് ലഭ്യമാക്കാൻ ശ്രദ്ധ കൊടുക്കാതെ പോയി.
കാലം മാറി വന്നതനുസരിച്ചു ലഭിച്ച സുഖസൗകര്യങ്ങൾക്കൊപ്പം നമ്മളുമങ്ങനെ ദിശയറിയാതെ നീന്തിപ്പോയി എന്ന് തന്നെ പറയണം.

സുഖങ്ങൾക്ക് പിന്നാലെ പാഞ്ഞില്ല എന്ന് പറയാനാണ് ആഗ്രഹമെങ്കിലും സംഭവിച്ചതെല്ലാം അങ്ങനെയായിപ്പോയി. ഇല്ലാതിരുന്ന കാലത്തു അയൽവാസിയോട് കടം വാങ്ങൽ അനിവാര്യമായിരുന്നു, ആ കൊടുക്കൽ വാങ്ങലിലൂടെ അയൽബന്ധമെന്ന സംസ്കാരം നില നിന്നിരുന്നു. എന്നാൽ ഒന്നിനും ഒരു കുറവുമില്ലാതായപ്പോൾ എന്തെങ്കിലുമൊന്ന് ഇല്ലാതായാൽ അയല്പക്കത്ത് ചോദിക്കാൻ അ(ദുര)ഭിമാനം സമ്മതിച്ചില്ല.

സമയം കൊല്ലാൻ ഓരോ കാലഘട്ടത്തിലും ഓരോ തരം ആധുനിക മീഡിയകൾ വന്നതോടെ വീട്ടിലൊരാൾ കയറി വരുന്നത് പോലും അരോചകമായി.

കൂട്ടുകുടുംബങ്ങൾ പോലും പരസ്പരം സന്ദർശിക്കുക എന്ന സംസ്കാരവും മൂല്യവും ജീവിതത്തിൽ നിന്നും മാറി നിന്നു. വിഷമങ്ങൾ വരുമ്പോൾ ആരെങ്കിലും ഒന്നോടി വന്നു സഹായിച്ചെങ്കിൽ എന്ന് കരുതിയിടത്തു നിന്നും സ്വന്തം വാഹനങ്ങളും സൗകര്യങ്ങളും തന്നിലേക്ക് ചുരുങ്ങിക്കൂടാൻ അവസരമൊരുക്കി.

ആഘോഷങ്ങൾക്കും, വിവാഹം, മരണം എന്നിവക്കൊക്കെ അയൽവാസികളും കുടുംബങ്ങളും വന്നു സഹായിക്കുകയും എല്ലാം പങ്കു വെക്കുകയും ചെയ്യുന്നിടത്ത് നിന്ന്‌ എല്ലാം കാശെണ്ണിക്കൊടുത്താൽ ചെയ്തു തരാൻ ആളും, വീടിനു പകരം ഹാളുകളും ആയതോടെ സൗഹൃദങ്ങളും പരസ്പര സഹകരണവും കാറ്റിൽ പറന്നു.

പാവപ്പെട്ടവന് യാതൊരു സ്ഥാനവുമില്ലാത്ത ആഘോഷങ്ങളും വിരുന്നുകളും കെങ്കേമമായി കൊണ്ടാടുമ്പോൾ ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്നത് പദവിക്ക് ചേരാത്തതായതിനാൽ കുഴിച്ചു മൂടാൻ നിര്ബന്ധിതരായി.

കോരിച്ചൊരിയുന്ന മഴയത്ത്‌ ഇരുട്ട് പരക്കുന്ന രാവുകളിൽ പ്രായമായവർ കൊച്ചു വർത്തമാനം പറയുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയായിരുന്നു എങ്കിൽ, കൊട്ടാര തുല്യമായ വീടുകളിൽ വെച്ചതെല്ലാം വെച്ചിടത്തു നിന്നും അനങ്ങുവാൻ പാടില്ലെന്നും, ഉള്ളിൽ നിറയുന്ന ആനന്ദത്തേക്കാൾ ഉപരി അഹന്തക്ക് സ്ഥാനം വന്നപ്പോൾ വൃദ്ധരെ കാണാതെ വളരുന്നൊരു തലമുറക്കു വഴി വെച്ചു.

??എണ്ണിപ്പറഞ്ഞാൽ തീരില്ല അനുഗ്രഹങ്ങൾ വർദ്ധിച്ചതോടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, മാറ്റങ്ങൾ അനിവാര്യമാണ് എന്നാൽ കിട്ടിയ അനുഗ്രഹത്തോടൊപ്പം ഞാനെന്ന ഭാവത്തിലേക്ക് സ്വയമറിയാതെ ഒഴുകിപ്പോയൊരു ജീവിത രീതി.

ഇത്തരത്തിൽ ജീവിതത്തിൽ യാതൊരു മൂല്യങ്ങളും കാണാതെ ചോദിക്കുന്നതിനപ്പുറം ആഗ്രഹിക്കുന്നത് പോലും നിമിഷങ്ങൾക്കുള്ളിൽ സാധിച്ചു കിട്ടി തന്നിലേക്ക് മാത്രം ഒതുങ്ങികഴിയുന്ന സ്വാർത്ഥ ജീവിതസംസ്കാരത്തിലൂടെ വളർത്തിയെടുക്കുന്ന കുട്ടിക്ക് ആര് പകർന്നു കൊടുക്കും മികവുള്ളൊരു ജീവിത സംസ്‍കാരം…??

❓നമ്മുടെ കുഞ്ഞുങ്ങൾ ആണോ പ്രതികൾ…??

അതോ അനുഗ്രഹങ്ങൾ അനുഭവിപ്പിക്കുമ്പോഴും ജീവിതത്തിൽ അറിയേണ്ടതും, കാണേണ്ടതും, അനുഭവിക്കേണ്ടതുമായ പല യാഥാർഥ്യങ്ങളിൽ നിന്നും അശ്രദ്ധമായി അവരെ മാറ്റി നിറുത്തിയ നമ്മളോ…??

ഓരോരുത്തരും സ്വയം ചോദിക്കുക….
ഈ തലമുറയെ വിദ്യാസമ്പന്നരായി (പണം കൊയ്യുന്ന യന്ത്രങ്ങളായി) മൂല്യവും സംസ്കാരവും ഇല്ലാതെ വളർത്തി കൊണ്ട് വന്നതിൽ എനിക്കും നിങ്ങൾക്കും പങ്കില്ലേ…?

ധനാധിക്യവും, ആധുനിക സൗകര്യങ്ങളും ജീവിതത്തിന്റെ മൂല്യങ്ങളിൽ നിന്നും വിദൂരതയിലേക്ക് മാറി സഞ്ചരിക്കുവാൻ മനപ്പൂർവ്വമോ അല്ലാതെയോ എന്നെയും നിങ്ങളെയും പ്രലോഭിപ്പിച്ചിട്ടില്ലേ…??

മാറി ചിന്തിച്ചു നോക്കൂ…
ഉള്ളിലെ ഞാനെന്ന അഹന്തയെ മാറ്റി വെച്ചു കൊണ്ട് അയൽവാസിയെ ചേർത്തു പിടിക്കൂ…
കുടുംബങ്ങളെ ഭാരമായി കാണാതിരിക്കൂ..
പ്രായമായവരെ അവരുടെ ഇഷ്ട്ടങ്ങളോടൊപ്പം അണച്ച് പിടിക്കൂ..
ആഘോഷങ്ങളിൽ ധനികനും ദരിദ്രനും ഇരിപ്പിടമൊരുക്കൂ..
വിഷമങ്ങളിൽ സൗഹൃദങ്ങളെ ആശ്രയിക്കൂ..
കടം ചോദിക്കുന്നവനോട് കരുണയുടെ ചിറകു വിരിക്കൂ..
ഒഴിവു സമയങ്ങളിൽ അനുഭവങ്ങളും, ആകുലതകളും, സുഖദുഃഖങ്ങളും പങ്കു വെക്കൂ..
പ്രശ്നങ്ങളില്ലാത്ത ജീവിതമെന്ന ആശയത്തിൽ നിന്നും മാറി പ്രശ്നങ്ങളെ വേണ്ട വിധം തരണം ചെയ്യുന്ന രീതിയിലേക്ക് മാറി നിൽക്കൂ..

വെള്ളവും വളവും വേണ്ട വിധം നൽികിയിട്ടും ചെടി മോശമാകുന്നു എങ്കിൽ അതിന്റെ വേര് നിൽക്കുന്ന മണ്ണ് തന്നെയാണ് പ്രശ്നം…

വേണ്ടതെല്ലാം കൊടുത്തു വളർത്തുമ്പോഴും മക്കൾ മോശമാകുന്നു എങ്കിൽ നമ്മുടെ ജീവിതസംസ്കാരം തിരുത്തേണ്ടിയിരിക്കുന്നു…

ഇത്രയും ഇവിടെ കുറിച്ചത് ഞാൻ എന്റെ കുടുംബങ്ങളോടുള്ള, നാടിനോടുള്ള, സമൂഹത്തിനോടുള്ള കടമയായി കരുതുന്നതിനാലാണ്, ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെന്നു തോന്നുന്നുവെങ്കിൽ മാത്രം മറ്റുള്ളവരുടെ കയ്യുകളിലേക്കും പകർന്നു നൽകുക, അങ്ങിനെയെങ്കിലും ഇന്ന് നമ്മളൊരു സൽകർമ്മം ചെയ്തെന്നു ആശ്വസിക്കാം.
(കടപ്പാട്)

Leave A Reply

Your email address will not be published.