Lekhakan News Portal

ജീവിതം യേശുവിനായി

0

“ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?” (മർക്കോസ് 8. 36)
“For what shall it profit a man, if he shall gain the whole world, and lose his own soul?” (Mark 8. 36)

സുഖസമൃദ്ധിയായി ജീവിക്കുക, ഭാവിക്കുവേണ്ടി കരുതുക, സ്വന്തതിരഞ്ഞെടുപ്പുകൾ നടത്തുക, സകലത്തിലും സ്വയം മുഖ്യസ്ഥാനം അലങ്കരിക്കുക, മറ്റുള്ളവർക്ക് ഉള്ളതിനേക്കാൾ എനിക്ക് വേണമെന്ന് ആഗ്രഹിക്കുക, കിട്ടിയതൊന്നും പോര ഇനിയും നേടണമെന്ന് ഉള്ള ആഗ്രഹം ഉണ്ടാകുക – ഇവയെല്ലാം ഭൗതിക ജീവിത സമൃദ്ധി ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ ചിന്തയാണ്. സ്വന്തം ജീവിതത്തെ പരിരക്ഷിക്കുവാനുള്ള പ്രലോഭനം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ട്. നമുക്ക് ലഭ്യമായ ജീവിതം നല്ല സാഹചര്യത്തിൽ കൊണ്ടുവന്ന് ധാരാളം ധനം സമ്പാദിക്കുവാൻ സാധിച്ചാൽ ജീവിതം വിജയിച്ചു എന്ന് കരുതുന്നവരുമുണ്ട്. നമ്മുടെ പ്രാർത്ഥനകളും പ്രവർത്തികളും സംസാരവും നന്നായി സൂക്ഷിച്ചു നോക്കിയാൽ ആത്മീയ കാര്യങ്ങൾ നേടുന്നതിനേക്കാൾ ഭൗതിക കാര്യങ്ങൾ സാധ്യമാക്കുന്നതിന് വേണ്ടിയാണ് നാമെല്ലാവരും കൂടുതലായി അധ്വാനിക്കുന്നത്. എന്നാൽ ദൈവവചനപ്രകാരം ഒരു വിശ്വാസി തന്റെ ജീവിത കാലയളവിൽ ഭൂമിയിലെ സകല സമ്പത്തും നേടി എന്നുവന്നാലും അവന് എന്ത് പ്രയോജനം? ശലോമോന്റെ ഭാഷയിൽ പറഞ്ഞാൽ ഇതെല്ലാം മായ… ധനത്തിനു വേണ്ടി അധ്വാനിച്ച് മനസമാധാനവും കുടുംബവും നിത്യജീവനും നഷ്ടപ്പെടുത്തുന്ന എത്രയോ പേർ സമൂഹത്തിലുണ്ട്. നാം ആയിരിക്കുന്ന ലോകത്തിൽ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. അബ്രഹാമിന്റെ സഹോദരപുത്രനായ ലോത്ത് ഭൗതിക കാര്യങ്ങൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ അവസാനം തന്റെ കണ്ണിന് കണ്ടതെല്ലാം തീക്ക് ഇരയായി തലമുറകൾക്ക് വേണ്ടി ഒന്നും സമ്പാദിക്കാൻ പറ്റാത്തവനായി തന്റെ ജീവിതം അവസാനിക്കുന്നത് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭൗതിക കാഴ്ചപ്പാടുകൾ കണ്ടു ഓടുന്നവരുടെ എല്ലാം അവസാനം ഇങ്ങനെ തന്നെയാണ്. നാമിപ്പോൾ പിടിച്ചു വച്ചതെല്ലാം ലോക്ക് ഡൗണിൽ ആയ പോലെ, ലോകത്ത് നേടിയതെല്ലാം ഒരിക്കൽ ദൈവം ശോധന ചെയ്യുമ്പോൾ സ്വന്തം ജീവനെ പോലും നഷ്ടമാക്കിയവരുടെ പട്ടികയിൽ നമ്മുടെ പേരും ഉൾപ്പെടാം. ഭൗതിക ലാഭത്തിനുവേണ്ടി ആത്മ രക്ഷകനെ ഒറ്റിക്കൊടുത്ത യുദാ ഒരു ഞാൺ കയറിന്റെ അറ്റത്ത് ജീവിതം അവസാനിപ്പിച്ചു. ഈ ലോകം മുഴുവനും വെട്ടിപ്പിടിക്കുന്നതിനേക്കാൾ കിട്ടിയ അവസരം കൊണ്ട് ആത്മരക്ഷ നേടുന്നതാണ് അത്യുത്തമം.

ഈ ലോകത്ത് ജനിച്ച് ആത്മ രക്ഷകനെ കണ്ടുമുട്ടിയപ്പോൾ അവർക്കുണ്ടായിരുന്ന പേരും മാനവും മഹത്വവും വേണ്ടാന്ന് വെച്ച് കർത്താവിനു വേണ്ടി ഓടിയ അനേക സാക്ഷ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നാടോടുമ്പോൾ നടുവേ ഓടണം എന്നും, കാലഘട്ടം മാറുമ്പോൾ നമുക്കും മാറ്റം ഉണ്ടാകണം എന്ന് ചിന്തിക്കുമ്പോൾ മറന്നുപോകുന്ന ഒരു വലിയ സത്യമുണ്ട്- ദൈവത്തിനും ദൈവവചനത്തിനും ഇതുവരെ മാറ്റമില്ല. ആകയാൽ ആത്മരക്ഷ പ്രാപിപ്പാൻ ലഭിച്ചിരിക്കുന്ന നല്ല ജീവിതം നന്നായി ഉപയോഗിക്കുക, സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് നമുക്ക് മുമ്പിൽ ഓടി ജയിച്ച സാക്ഷികളുടെ വലിയ സമൂഹത്തെ മാതൃകയാക്കി മുന്നേറാം. യേശുവിനെ സ്നേഹിച്ചാൽ യേശു തരുന്നതിനെ നമുക്ക് അധികമായി സ്നേഹിക്കേണ്ടി വരികയില്ല. നാമെല്ലാവരും ഇപ്പോഴും യേശു തന്നതിനെ യേശുവിനെക്കാൾ അധികമായി സ്നേഹിക്കുന്നു. ആകയാൽ ധനവും മാനവും മഹത്വവും പ്രശസ്തിയും നേടുന്നതിനായി ആയുസ്സ് നഷ്ടമാക്കാതെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ നല്ല ജീവിതം വിലയേറിയതാണ് എന്ന ഉത്തമബോധ്യത്തോടെ മനസ്സ് പുതുക്കി രൂപാന്തരപ്പെടാം. ഈ ലോകത്തിന് വാഗ്ദാനം ചെയ്യുവാൻ കഴിയുന്നതിനേക്കാൾ മൂല്യമുള്ളതാണ് നമ്മുടെ ജീവിതം. അത് യേശുവിനു വേണ്ടി വിനിയോഗിക്കുമോ അതോ സ്വന്തം ലാഭത്തിനുവേണ്ടി ഉപയോഗിക്കുമോ? എല്ലാം നേടി ആത്മാവിനെ നഷ്ടമാക്കാതെ യേശുവിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്നതും നിലനിൽക്കുന്നതും ഈ ലോകത്തിന് മോഷ്ടിക്കാൻ കഴിയാത്തതുമായ നിത്യജീവനെ നേടുവാൻ നന്നായി പ്രയത്നിക്കാം.

ലോകത്തെയും ലോകമോഹങ്ങളെയും സ്നേഹിച്ചവർക്ക് മാനസാന്തരവും, ലഭിച്ച നല്ല ജീവിതത്തിൽ ആത്മരക്ഷ കണ്ടെത്തിയവർക്ക് ദൈവിക പ്രത്യാശയും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ…

പാസ്റ്റർ റോബിൻ വടശ്ശേരിക്കര

Leave A Reply

Your email address will not be published.