fbpx
Lekhakan News Portal

കൊച്ചി മെട്രോയിൽ ഒരു പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ഇത്രയും സന്നാഹങ്ങൾ!’ എന്ന മൂക്കത്ത് വിരൽ വയ്ക്കാതെയും വച്ചും അത്ഭുതം കൂറുന്നവർക്കു സമർപ്പണം.

0 632

അടിമുടി ചോര വാർന്ന് ഒറ്റ മുറിവായി പരിണമിച്ച ആ ചെറുപ്പക്കാരനെ നോക്കി പൊന്തിയൂസ് പിലാത്തോസ് വിളിച്ചുപറഞ്ഞത് ഇങ്ങനെയായിരുന്നു- Ecce homo!
‘നോക്കൂ, മനുഷ്യൻ’ എന്നാണ് മലയാളം. അപമാനിതനായ, ദുഃഖിതനായ, നിണമാർന്ന, ഉപേക്ഷിക്കപ്പെട്ട മനുഷ്യനിലേക്ക് ഉറ്റുനോക്കൂ.

ഫ്രെഡറിക് നീഷേ ആ പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതായിരുന്നു അയാളുടെ പേരിലുള്ള അവസാനത്തെ മൗലികകൃതി. മരണാനന്തരം എട്ടു വർഷങ്ങൾക്കു ശേഷമാണത് വെളിച്ചം കണ്ടത്. അവനവനെത്തന്നെ വിലയിരുത്തിയും അപഹസിച്ചും തീരെ മതിപ്പില്ലാതെയുമാണ് പുസ്തകത്തിന്റെ സഞ്ചാരം. എന്നിരിക്കിലും, ആ ശീർഷകം അയാളുടെ അകപ്പൊരുളിനെ തെളിച്ചുകാട്ടുന്നുണ്ട്.

അത്രയും മനുഷ്യനിലേക്ക് കൺവെർജ് ചെയ്തതുകൊണ്ടാവണം അയാൾക്ക് ‘ദൈവം മരിച്ചു’ എന്ന് വിളംബരം ചെയ്യേണ്ടിവന്നത്. എല്ലാ ആചാരങ്ങളും സമ്പ്രദായങ്ങളും മനുഷ്യനെന്ന ന്യൂക്ലിയസിൽ നിന്ന് ഒരാളെ അനുനിമിഷം അകറ്റിക്കളയുമെന്ന് അയാൾ ഭയപ്പെട്ടിട്ടുണ്ടാവും. മനുഷ്യനെ ഉറ്റുനോക്കുന്നവർക്ക് തിര്യക്കുകളെ കാണാതിരിക്കാതെ തരമില്ല. കാരണം അവനെ ഉരുമ്മിയും അവനിൽ ആശ്രയിച്ചും ഓരോരോ കൂട്ടങ്ങളായി അവർ കൂടെയുണ്ട്.

നീഷേ ഉന്മാദത്തിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത് അങ്ങനെ ഭൂതദയ ഉണർന്ന ഒരു പ്രഭാതത്തിലായിരുന്നു. 1889 ജനുവരി മൂന്ന്. ഒരു ഒഴിവുകാലത്തിൽ ഇറ്റലിയിലെ ടൂറിനിലായിരുന്നു അയാൾ. തന്റെ കുതിരയെ ഭ്രാന്തമായി പ്രഹരിക്കുന്ന ഉടമയെ കണ്ടിട്ടാണ് അയാൾക്കു ഭ്രാന്തു പിടിച്ചത്. അന്ന് ആദ്യമായി അസൈലത്തിലേക്കു പ്രവേശിക്കപ്പെട്ട അയാൾ പിന്നീട് ഒരിക്കലും ആ ഉന്മാദത്തിന്റെ കയങ്ങളിൽ നിന്ന് മുക്തി കണ്ടിട്ടില്ല.

മനുഷ്യനെ നോക്കിത്തുടങ്ങുന്നവർക്കൊക്കെ സൃഷ്ടജാലങ്ങളോടും ശ്രദ്ധ പുലർത്തേണ്ടതായി വരുന്നു. ഗുരുക്കന്മാർ അതു ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബലിക്കു വേണ്ടിയുള്ള ആട്ടിൻപറ്റങ്ങളിൽ ഒന്നിനെ എടുത്തുമാറ്റി ബുദ്ധ തന്നെത്തന്നെ നൈവേദ്യമാക്കുവാൻ അർത്ഥിക്കുന്നത്.

വാസ്തവത്തിൽ അപ്പവും വീഞ്ഞും വാഴ്ത്തി പുത്തനാചാരം സംസ്ഥാപിക്കുക വഴി ജറുസലേം ദേവാലയത്തിൽ നടന്നിരുന്ന ജീവജാലങ്ങളുടെ കുരുതി ഡിലീറ്റ് ചെയ്യുകയായിരുന്നു ആ നസ്രായൻ. എന്തെങ്കിലുമൊന്ന് പ്രതീകാത്മകമായി അർപ്പിക്കേണ്ടതുണ്ടെങ്കിൽ അതിന് ധാന്യവും പഴങ്ങളും തന്നെ ധാരാളം മതിയാവും.

ആ കരുതൽ ജീവിതത്തിലുടനീളം യേശുവിനുണ്ടായിരുന്നു. ഓശാനനാളിലെ പ്രദക്ഷിണത്തിന്റെ മുന്നൊരുക്കമായി മത്തായിയുടെ സുവിശേഷത്തിൽ ഇങ്ങനെ വായിക്കുന്നു: “എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ‍. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരുക.” ഇതിനാണ് ശ്രദ്ധ എന്നു പറയുന്നത്. അമ്മയെ കാണാതെ കുഞ്ഞ് ആശങ്കപ്പെടുമെന്ന് ഭീതി.

‘കൊച്ചി മെട്രോയിൽ ഒരു പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ഇത്രയും സന്നാഹങ്ങൾ!’ എന്ന മൂക്കത്ത് വിരൽ വയ്ക്കാതെയും വച്ചും അത്ഭുതം കൂറുന്നവർക്കു സമർപ്പണം.
-( ബോബി ജോസ് കട്ടികാട്)

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: