Lekhakan News Portal

‘ഇത് ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലഘട്ടം’: യു‌എസ് അംബാസഡറിന്റെ മുന്നറിയിപ്പ്

0

വാഷിംഗ്‌ടൺ ഡി.സി: ആഗോളതലത്തിൽ ക്രൈസ്തവർ അടക്കമുള്ള സമൂഹങ്ങൾക്ക് നേരെ വർദ്ധിച്ചു വരുന്ന കടുത്ത മതപീഡനത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അംബാസഡർ സാം ബ്രൌൺബാക്ക്. ഫെബ്രുവരി 27ന് കത്തോലിക്ക ന്യൂസ് ഏജൻസിക്കു അനുവദിച്ച അഭിമുഖത്തിലാണ് നൈജീരിയയിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങളേയും, ചൈനയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിയന്ത്രണളേയും പ്രത്യേകം പരാമർശിച്ചുകൊണ്ട് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. നൈജീരിയയിലെ ആക്രമണങ്ങൾ അയൽരാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന കാര്യത്തിൽ തനിക്കുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ക്രൈസ്തവ ചരിത്രത്തിലെ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഏറ്റവും അപകടകരമായ കാര്യമായി കൊണ്ടിരിക്കുന്ന സമയമാണിതെന്ൻ പിന്നീട് നടന്ന പാനൽ ചർച്ചയിൽ ബ്രൌൺബാക്ക് വ്യക്തമാക്കി.

ദൈവ വിശ്വാസികളെ സംരക്ഷിക്കുവാൻ നൈജീരിയൻ സർക്കാർ ഒന്നും ചെയ്യാത്തതിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ച അംബാസിഡർ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ തടയുവാൻ നൈജീരിയ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. മതവിശ്വാസികളെ കൊന്നൊടുക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ ഭരണകൂടം യാതൊന്നും ചെയ്യുന്നില്ല. അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ ബോധവാൻമാരല്ലെന്ന് തോന്നുന്നു.

ഇതുസംബന്ധിച്ച ചില കൂടിക്കാഴ്ചകൾ നടന്നിട്ടുള്ളത് ആശാവഹമാണെങ്കിലും സർക്കാർ ശക്തമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും, ഇക്കാര്യത്തിൽ മതനേതാക്കൾ കൂടുതലായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ ദിവസം മേരിലാൻഡിലെ നാഷ്ണൽ ഹാർബറിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ “മതസ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്താണ് ബാക്കിയുള്ളത്?” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിലും ബ്രൌൺബാക്ക് മതപീഡനത്തെ സംബന്ധിച്ചു പ്രസ്താവന നടത്തി. ദൈവവിശ്വാസവുമായി ചൈന യുദ്ധത്തിലാണെന്നും, മതന്യൂനപക്ഷങ്ങളെ നിരീക്ഷിക്കുകയും, അടിച്ചമർത്തുകയും ചെയ്യുന്ന കാര്യത്തിൽ ചൈന ഏറെ മുന്നിലാണെന്നും ബ്രൌൺബാക്ക് തുറന്നടിച്ചു.

Leave A Reply

Your email address will not be published.