Lekhakan News Portal

ഉള്ളിലെ നീറ്റൽ അടങ്ങുമോ?

0

ഇന്നലെ പുലർച്ചെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കണ്ടപ്പോഴാണ് ഹരിദാസിന്റെ നീറ്റൽ കുറച്ചെങ്കിലും ശമിച്ചത്. മലേഷ്യയിലെ തൊഴിലുടമയിൽ നിന്നേറ്റ കൊടിയ പീഡനങ്ങളുടെ വേദനയുമായി നീണ്ടൂർ വാലേത്ത് വീട്ടിൽ വന്നു കയറുമ്പോൾ മക്കൾ ഉറക്കമായിരുന്നു. ഭാര്യ രാജശ്രീ അവരെ ഉണർത്തി. 4 വർഷമാകുന്നു ഹരിദാസ് ഭാര്യയെയും മക്കളെയും കണ്ടിട്ട്. കണ്ടപ്പോൾ അതു വേദനയിൽ വിങ്ങിക്കൊണ്ടായി.

ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി ഹരിദാസ് ചികിത്സ തേടിയിരുന്നു. ദേഹം നിറയെ പൊള്ളലിന്റെ പാടുകളാണ്. അവ നന്നായി ഉണങ്ങിയിട്ടില്ല. ശക്തമായ അടിയേറ്റ ചെവിക്കു കേൾവിക്കുറവുണ്ട്. അണുബാധയുണ്ടാകാതിരിക്കാ‍ൻ വീടിനുള്ളിൽ തന്നെ ഇരിപ്പാണ്. വീടെന്നാൽ ഷീറ്റുകൾ കൊണ്ടു നിർമിച്ച ചെറിയ കൂര. ഇനി മലേഷ്യയിലേക്കു പോകാനാവില്ല.

നാട്ടിൽ എന്തെങ്കിലും ജോലി ചെയ്യണം. കാണാനെത്തുന്ന കൂട്ടുകാരുടെയും ബന്ധുക്കളുടെയും ചർച്ച അതാണ്. 4 വർഷത്തോളം അധ്വാനിച്ചിട്ടു മിച്ചം കിട്ടിയതു പൊള്ളലും നീറ്റലും മാത്രമാണ്. കണ്ണു നിറഞ്ഞും തൊണ്ടയിടറിയുമേ ഹരിദാസിന് ആ ഭീകര നാളുകളുടെ കഥ പറയാൻ കഴിയുന്നുള്ളൂ. ‘ഇന്നുവരെ ആരുടെയും ഒരു രൂപ പോലും ഞാനെടുത്തിട്ടില്ല’ – ചെയ്ത ജോലിയുടെ കൂലി പോലും കൊടുക്കാത്തവർ മോഷണക്കുറ്റം സമ്മതിപ്പിക്കാൻ ചെയ്ത ക്രൂരതയുടെ കഥ പറയുമ്പോഴും ഹരിദാസിന്റെ വാക്കുകളെ ഭയം പിന്തുടരുന്നു.

മലേഷ്യയിൽനിന്നു വിമാനത്തിൽ ചെന്നൈയിലും അവിടെനിന്നു ഷൊർണൂർ വരെ ട്രെയിനിലും എത്തിയ ഹരിദാസിനെ എറണാകുളത്തുനിന്നു സുഹൃത്തുക്കളെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു. പീഡനങ്ങളുടെ വിവരം പുറത്തറിഞ്ഞപ്പോഴാണ് തൊഴിലുടമ ഹരിദാസിനെ തടവിൽനിന്നു മോചിപ്പിച്ചത്. ദാക്ഷിണ്യം തോന്നിയിട്ടല്ല, താൻ കുടുങ്ങുമെന്നു തോന്നിയതു കൊണ്ടു മാത്രം. തമിഴ്നാട് സ്വദേശിയുടെ സലൂണിൽനിന്നു മാസങ്ങളായി ശമ്പളം കിട്ടാതായപ്പോൾ ഡിസംബർ 25ന് ഹരിദാസ് പ്രതിഷേധിച്ചതാണു തുടക്കം.

ശമ്പളം തന്നില്ലെങ്കിൽ കട തുറക്കില്ലെന്നു ഹരിദാസ് പറഞ്ഞു. മറ്റു തൊഴിലാളികൾ കാട്ടാത്ത ധിക്കാരമായിപ്പോയി അത്. അന്നു ഭീഷണിയിലൊതുങ്ങി. പിന്നെയും ശമ്പളം കിട്ടിയില്ല. ചോദിച്ചപ്പോൾ ഒരു കാരണം കണ്ടെത്തിയാണു ജനുവരി 28 രാത്രി ക്രൂരമർദനം തുടങ്ങിയത്. പണം മോഷ്ടിച്ചു എന്നൊരു കാരണം കണ്ടെത്തി. കമ്മിഷനായും മറ്റും കിട്ടിയ പണം ബാഗിൽ സൂക്ഷിച്ചിരുന്നതു മോഷണമുതലാക്കി.

മോഷ്ടിച്ചെന്നു സമ്മതിപ്പിക്കാൻ വേണ്ടിയായിരുന്നു മർദനം. സ്ഥാപന ഉടമ സത്യ എന്നയാളാണ് എല്ലാം ചെയ്തതെന്നു ഹരിദാസ്. ഇയാളുടെ യഥാർഥ പേര് ഹരിദാസിനും അറിയില്ല. പ്രശ്നത്തിൽ ഇടപെട്ട പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികളോട് തമിഴരശ്, രാധാകൃഷ്ണൻ എന്നൊക്കെ പേരു മാറ്റിപ്പറഞ്ഞിട്ടുണ്ട്. മോഷണത്തിനു പുറമേ മറ്റൊരു കള്ളം കൂടി ഉടമ പറഞ്ഞു. സ്ഥാപനത്തിൽനിന്ന് ഒളിച്ചോടി മറ്റൊരിടത്തു ജോലി ചെയ്തെന്ന്. അതു സമ്മതിപ്പിക്കാൻ കൂടിയായിരുന്നു മർദനം. വലിയ കത്തി കഴുത്തിൽ വച്ചു ഭീഷണിപ്പെടുത്തി.

സത്യയുടെ ജ്വല്ലറിക്കു മുകളിലെ മുറിയായിരുന്നു പീഡന കേന്ദ്രം. സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന കൊടിലുകൾ പ്രധാന ആയുധം. കൊടിലുകൾ ഒന്നിനു പിന്നാലെ ഒന്നായി പഴുപ്പിച്ചു ഹരിദാസിന്റെ ദേഹത്തു വച്ചു. തടികൊണ്ടു തുടരെ അടിച്ചു. ഉറക്കം തൂങ്ങുമ്പോൾ പിൻ ഉൾപ്പെടെയുള്ള കേബിൾ കൊണ്ട് അടി. തോർത്തുമുണ്ട് പിരിച്ചു മിനിറ്റുകളോളം കഴുത്തിൽ മുറുക്കിപ്പിടിച്ചു. കൊടിൽ പഴുപ്പിച്ചു മലദ്വാരത്തിൽ കയറ്റാനും നോക്കിയെന്നു ഹരിദാസ് വിറയലോടെ പറയുന്നു.

ദേഹമാകെ മുറിവുകളുമായി മുറിയിൽ ഒറ്റ നിൽപായിരുന്നു. ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഉടലാകെ നീറ്റൽ. മൂന്നാം ദിവസമാണു ഭക്ഷണം നൽകാൻ ഉടമ മറ്റു ജോലിക്കാരോടു പറഞ്ഞത്. പൊള്ളലേറ്റ ഭാഗങ്ങളിൽനിന്നു ദുർഗന്ധമുണ്ടായ ശേഷം മാത്രം മരുന്നു വച്ചു. മലേഷ്യയിൽ 57 സലൂണുകളും സ്വർണക്കടകളും മറ്റും നടത്തുന്ന സത്യയ്ക്കു തമിഴ്നാട്ടിലും സ്ഥാപനങ്ങളുണ്ട്. നാട്ടിലും ഇതുപോലുള്ള ഒട്ടേറെ പരാതികളുള്ളതിനാൽ സത്യ നാട്ടിൽ പോകാറില്ലെന്നും ഹരിദാസ് പറയുന്നു.

Leave A Reply

Your email address will not be published.