Lekhakan News Portal

ക്രൈസ്തവ രക്തസാക്ഷി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതകഥ ആറു ഭാഷകളിൽ

0

ക്രൈസ്തവ രക്തസാക്ഷി
ഗ്രഹാം സ്റ്റെയിൻസിന്റെ
ജീവിതകഥ ആറു ഭാഷകളിൽ

ന്യൂഡൽഹി: ഒഡീഷയിലെ ആദിവാസി മേഖലകളിലെ പാവപ്പെട്ടവർക്ക് വൈദ്യ സഹായം ലഭ്യമാക്കാൻ 34 വർഷം ചിലവഴിച്ചതിന്റെ പേരിൽ ഹൈന്ദവ തീവ്രവാദികൾ കൊലപ്പെടുത്തിയ ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി ആറു ഭാഷകളിലായി സിനിമ ഇറങ്ങുന്നു. ‘വാർ പാത്ത് ബിയോണ്ട് ദ ലൈഫ്’ എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം 2017 ഏപ്രിൽ മാസം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു.

ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ട് ഇരുപതു വർഷങ്ങൾ പൂർത്തിയാകാനിരിക്കെ ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിൽ ചിത്രത്തിന്റെ ഡബ്ബിങ് നടക്കുകയാണ്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നാസിക് ആസ്ഥാനമായുള്ള സിനിമാ നിർമ്മാതാവായ ഡോക്ടർ ദിലീപ് വാഗും, രോഹിണി വാഗും, സംഗീത ബാഗുലും ചേർന്നാണ്. 2017 ഡിസംബർ മാസം നടന്ന മിലാൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ഒമ്പത് അവാർഡുകളാണ് ചിത്രം നേടിയത്. ഒരുപാട് എതിർപ്പുകൾ നേരിട്ടതിനുശേഷമാണ് നിർമ്മാതാവിന് പതിനഞ്ചു വർഷമെടുത്ത് ചിത്രം പൂർത്തീകരിക്കാൻ സാധിച്ചത്.

ഇന്ത്യ, അമേരിക്ക, റഷ്യയിൽ നിന്നുള്ളവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്തിരുന്നു. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തെ പറ്റി ഗവേഷണം നടത്തി ചിത്രമെടുത്തതിന് ദിലീപ് വാഗിന് പിന്നീട് ജറുസലേം യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചിരിന്നു. പാവപ്പെട്ടവർക്കും, സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവർക്കുമായി സഹായം ചെയ്യാനും, അവർക്ക് പരിചരണം നൽകാനും ചിത്രം ആളുകൾക്ക് പ്രചോദനം നൽകുമെന്ന് ദിലീപ് വാഗ് പറയുന്നു. ഇതുവരെ മുന്നൂറോളം സ്കൂളുകളിലും ദേവാലയങ്ങളിലും സൗജന്യമായി ചിത്രം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. 1999 ജനുവരി 23-ാം തീയതിയാണ് ആർഎസ്എസ് പ്രവർത്തകർ ഗ്രാഹം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒൻപതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്.

ഒഡീഷയിലെ കുഷ്ഠരോഗികൾക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിൻസിനെയും കുടുംബത്തെയും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികൾ അവർക്കെതിരെ തിരിഞ്ഞിരിന്നത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡീസും മകൾ എസ്ത്തറും മാത്രമാണ് കുടുംബത്തിൽ ജീവനോടെ ശേഷിച്ചത്. തന്റെ ഭർത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കർത്തവ്യം തുടരാനായി 2006-ൽ ഗ്ലാഡീസ് ഭാരതത്തിൽ തിരിച്ചെത്തിയിരിന്നു.

Leave A Reply

Your email address will not be published.