Lekhakan News Portal

അമ്മ മരിച്ചതറിയാതെ ഒരുവയസ്സുകാരി, മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നത് രണ്ട് ദിവസം; കരളലിയിപ്പിക്കുന്ന സംഭവം

0

മോസ്‌കോ: അമ്മ മരിച്ചതറിയാതെ ഒരുവയസ്സുകാരി മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നത് രണ്ട് ദിവസം. റഷ്യയിലെ മോസ്‌കോയിലെ മൊസായ്‌സ്‌കിയിലായിരുന്നു കരളലിയിപ്പിക്കുന്ന സംഭവം നടന്നത്. എകാതെറീന ടെൽക്കിന(27) എന്ന യുവതിയാണ് ആൺസുഹൃത്തിന്റെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. എന്നാൽ അമ്മയുടെ മരണവിവരം കുഞ്ഞ് ഇവ അറിഞ്ഞില്ല.

ഒരുവയസ്സുകാരിയായ മകളോടൊപ്പമാണ് ടെൽക്കിന ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഫ്‌ളാറ്റിലെ മുറിയിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോൺ വിളിച്ചിട്ടും മൊബൈലിൽ സന്ദേശമയച്ചിട്ടും ടെൽക്കിനയുടെ പ്രതികരണം ലഭ്യമാകാതിരുന്നതോടെ ബന്ധു ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ഫ്‌ളാറ്റിലെത്തിയ ബന്ധുവിനെ തളർത്തിയത് ടെൽക്കിനയുടെ മരണം മാത്രമായിരുന്നില്ല, മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന ഇവയുടെ കാഴ്ചയുമായിരുന്നു. രണ്ടുദിവസമായി ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായിരുന്നു ഒരുവയസ്സുകാരി. ഇയാൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, ടെൽക്കിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ 39 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.എന്നാൽ ടെൽക്കിനയും പ്രതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് കൂടുതൽ വിശദീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave A Reply

Your email address will not be published.