Lekhakan News Portal

സുഖമല്ലേ സുഹൃത്തേ?

0

സുഖമല്ലേ എന്നാണ് നമ്മുടെ കുശലം. അതിൽ സുഖമായിരിക്കണമേ എന്നൊരു പ്രാർത്ഥനയുണ്ട്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പുരാതന മന്ത്രത്തിന്റെ ചെറുമുഴക്കങ്ങൾ അതിലുണ്ട്. ഇംഗ്ലീഷിലെ pleasure അല്ല സുഖം. അത് ഒരു holistic പദമാണ്. നിങ്ങൾ ആ ചോദ്യത്തിന് ഉത്തരം നൽകാൻ വിമുഖത കാട്ടിയാലും അത് കേവലം comfort അല്ലെന്ന് നമുക്കറിയാം. സുഖത്തിലായിരിക്കാത്ത മനുഷ്യരാണ് അപരന്റെ ജീവിതത്തെ കഠിനവും ദുഷ്കരവുമാക്കുന്നത്. അവനവന്റെ അപര്യാപ്തതകൾക്ക് ഉറ്റവരും അപരിചിതരും കപ്പം കൊടുക്കേണ്ടി വരുന്നുവെന്നതാണ് ജീവിതത്തിന്റെ ഐറണി.

കൂട്ടുകാരന് പുത്തനുടുപ്പ് സമ്മാനിച്ച ഒരാളുടെ കഥ കറുത്ത ഫലിതമാകുന്നത് അങ്ങനെയാണ്. താൻ കൊടുത്ത കുപ്പായമണിഞ്ഞു ചങ്ങാതി കൂടുതൽ ശ്രദ്ധ തേടുന്നുവെന്ന് കണ്ടെത്തിയ അയാൾക്ക്‌ അത് വിളിച്ചുപറയാതിരിക്കാൻ കഴിഞ്ഞില്ല. “ദേശക്കാരേ, അതെന്റെ കുപ്പായമാണ്.” ഇതിനിടെ അയാൾക്ക്‌ പശ്ചാത്താപമുണ്ടായി. ചെറിയ ഇടവേളയ്ക്ക് ശേഷം അയാൾ അത് തിരുത്താൻ തീരുമാനിച്ചു. “നാട്ടുകാരേ, ആ പുത്തനുടുപ്പ് അവന്റേതു തന്നെയാണ്!” ഉള്ളിൽ ദഹിക്കാത്തതൊക്കെ കയ്പായും ചവർപ്പായും അമർഷമായും സദാ കൂട്ടുവരുന്നു.

സുഖമായിരിക്കുക എന്നതുതന്നെ പ്രധാനം. എല്ലാ ജീവജാലങ്ങളും അങ്ങനെയായിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ദഹനക്കേടുള്ള പൂച്ച ഉപവാസം പ്രഖ്യാപിച്ചു ഔഷധപ്പുല്ലുകൾ തേടി നടക്കുന്നത് കാണുന്നില്ലേ? മഞ്ഞു വീഴുമ്പോൾ ദേശാടനക്കിളികൾ സങ്കല്പാതീതമായ ദൂരങ്ങളിലേക്ക് സഞ്ചരിക്കുന്നതും സ്വാസ്ഥ്യം തേടിയിട്ടാണ്. പ്രകൃതി ജീവജാലങ്ങളിൽ വ്യക്തമായി എഴുതിച്ചേർത്ത നിർദ്ദേശമാണത്. ആ കല്പനയെ ലംഘിക്കുന്നത് മനുഷ്യൻ മാത്രമാണ്. How are you പോലെ നിസ്സംഗമായ ചോദ്യമല്ലിത്. How is your Health ലോപിച്ചാണ് ആ കുശലമുണ്ടായതെന്നാണ് കേൾവി.1660-കൾക്ക് ശേഷമാണ് ആ രീതി ആരംഭിച്ചത്. അഭിമുഖീകരിക്കുന്നവരോടൊക്കെ “സുഖമാണോ?” എന്ന് ആരാഞ്ഞു കൊണ്ടിരുന്ന ഒരു ബംഗാളി കഥാപാത്രം ഓർമ്മയിലുണ്ട്. “അതേ” എന്നുള്ള ഉത്തരത്തിന് “നിങ്ങൾക്ക് സുഖമാണെങ്കിൽ ഈശ്വരനും സുഖം തന്നെ”യെന്ന് ഉദീരണം. പുസ്തകത്തിന്റെ പേര് വിട്ടുപോയി.

ലവണാസുരവധം ആട്ടക്കഥയിൽ നിന്ന് ആരോ ഉറക്കെ പാടുന്നുണ്ട്:
“സുഖമോ ദേവി? സാമ്പ്രതമിഹ തേ
സുകൃതനിധേ! ജാതം സുദിനം.”
സീതയോടുള്ള ആഞ്ജനേയന്റെ അഗാധമായ ഭക്തിയുടെയും കരുതലിന്റെയും പൊൻശലഭങ്ങൾ ആ കുശലത്തിൽനിന്നു ഉയർന്നു പൊങ്ങുന്നുണ്ട്. ഒന്നു കേട്ടു നോക്കൂ. താഴെ കൊടുത്തിട്ടുണ്ട്. സൗഖ്യം തരുന്ന അഭൗമികമായ എന്തോ ഒന്ന് വരികൾക്കിടയിലൂടെ വീശുന്നുണ്ട്. അതുകൊണ്ടാവണം പ്രണയകുറിമാനങ്ങളിൽ അത് ഇടം കണ്ടെത്തുന്നത്.

നിനവിൽ ഗുരു വരുന്നു. ദേശത്തിന്റെ ഏറ്റവും secular ആയ പ്രാർത്ഥനയെന്നു കരുതാവുന്ന ദൈവദശകം അവസാനിക്കുന്നത് ഇങ്ങനെയാണല്ലോ:
“ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം” ആ പ്രകാശസാഗരത്തിലെ ചെറുവഞ്ചികളുടെ സഞ്ചാരമായി സ്വയം അറിയുമ്പോൾ സുഖം അതിന്റെ പരമപദം തേടുന്നു. രാവെളുക്കുവോളം രോഗികളെ പരിശോധിക്കുന്നത് വ്രതമായി കരുതിയ ഒരു ഡോക്ടർ വൈപ്പിനിൽ ഉണ്ടായിരുന്നു- ഡോ. ജയകുമാർ. രണ്ടു മണിക്ക് ഡോക്ടറെ കാണാൻ ഊഴം കിട്ടിയ ഒരാൾ സഹാനുഭൂതിയോടെ ചോദിച്ചു: “ഡോക്ടർക്ക് ഉറക്കമൊന്നുമില്ലേ?”
ഡോക്ടർ ക്ഷുഭിതനായി: “എന്റെ ഉറക്കം തിരക്കാനാണോ നിങ്ങൾ എത്തിയിരിക്കുന്നത്?”
പിന്നെ ശാന്തനായി. “എത്രനാളുകളായി ഇങ്ങനെ വെളുക്കുവോളം… ഇതാദ്യമായാണ് ഇങ്ങനെ ഒരു കുശലം. നന്ദിയുണ്ട്!”
-ബോബി ജോസ് കട്ടികാട്

Leave A Reply

Your email address will not be published.