Lekhakan News Portal

ഒരു ചെറിയ പ്രതീക്ഷ

0

ദൈവവും സാത്താനും കൂടി ജോബിനെപ്രതി വാതു വയ്ക്കുകയാണ്. സാത്താൻ ആവനാഴിയിലെ ഒടുവിലത്തെ അസ്ത്രവും തൊടുത്തു, “ഇനി ഞാൻ അവന്റെ ശരീരത്തിൽ തൊടട്ടെ.”

അവസാനത്തെ കളി ശരീരവുമായി ബന്ധപ്പെട്ടതാണ്. ശരീരത്തെ തൊട്ടാൽ എന്തു ചെയ്യും? ജ്വരക്കിടക്ക ഒരു നമസ്ക്കാരപ്പായയാണ്. നിർമമതയാണ് അതിന്റെ വേദം. ദീർഘമായ രോഗകാലം അസ്സീസിയിലെ ഫ്രാൻസിസിന് തെളിച്ചം കൊടുത്തതായി കസൻദ്സാക്കിസ് എഴുതുന്നുണ്ട്. ലയോളയിലെ ഇഗ്നേഷ്യസിനും രോഗക്കിടക്കയായിരുന്നു ഉറയൂരലിന്റെ ദിനങ്ങൾ. ഔഷധം കയ്പ്പായിരിക്കുന്നതുപോലെ, എല്ലാ കയ്പ്പും ഒരുപക്ഷേ ഔഷധവുമായി മാറിയേക്കാം.

ഏതൊരു ഔഷധവും ഫലവത്താകുന്നത് പ്രത്യാശയുടെ മെഴുതിരിവെട്ടത്തിലിരുന്ന് സേവിക്കുമ്പോഴാണ്. സമാനതകളില്ലാത്ത മടുപ്പിലേക്കാണ് ഓരോ ചെറിയ ജ്വരവും എന്നെ തള്ളിയിടുന്നത്.

ഒ. ഹെൻറിയുടെ ‘ലാസ്റ്റ് ലീഫ്’ ഈ കൊറോണക്കാലത്ത് ഒരിക്കൽക്കൂടി വായിക്കുന്നു. ദരിദ്രരായ ചിത്രകാരന്മാരുടെ കോളനിയായിരുന്നു അത്. പകർച്ചവ്യാധി പിടിപെട്ട കാലം. ഒരേ മുറി പങ്കിടുന്ന രണ്ടു ചിത്രകാരികൾ. അവരിൽ ഒരാൾ ജ്വരബാധിതയായി. താൻ ഈ രോഗത്തിൽ നിന്ന് കര കയറില്ലെന്ന് അവൾ ഉറപ്പിച്ചു. ഒരു തരി പ്രത്യാശ ഇല്ലാത്തിടത്തോളം കാലം ഒരു വൈദ്യത്തിനും അവളെ സഹായിക്കാനാവില്ലെന്ന് അവളുടെ ഡോക്ടർക്കറിയാം.

ഓരോ പുലരിയിലും അവൾ ജാലകം തുറന്ന് പുറത്തേക്കു നോക്കും. അവിടെയൊരു മരമുണ്ട്. അതിൽ എത്ര ഇലകൾ ഇനി അവശേഷിക്കുന്നുണ്ടെന്ന് എണ്ണും. ഒടുവിലത്തെ ഇലയും അടർന്നുവീഴുമ്പോൾ തന്റെ ആയുസ്സിന്റെ കുറി കീറിയിട്ടുണ്ടാവുമെന്ന് അവൾ കരുതി.

ഒരിക്കൽ ഒരു ചിത്രകാരനും ഇപ്പോൾ ചെറുപ്പക്കാരുടെ വൃദ്ധമോഡലുമായി അന്നം കണ്ടെത്തുന്ന, എന്നെങ്കിലുമൊരിക്കൽ ഒരു മാസ്റ്റർപീസ് വരയ്ക്കുമെന്ന് വമ്പു പറയുന്ന ഒരാൾ രോഗിണിയെ കാണാനെത്തി. കാര്യങ്ങളുടെ കിടപ്പ് കൂട്ടുകാരി അയാളോടു വിവരിച്ചു.

രാത്രി മുഴുവൻ കടുത്ത ശീതക്കാറ്റായിരുന്നു. തലേന്ന് അവശേഷിച്ചിരുന്ന അവസാനത്തെ ഇലയും കൊഴിഞ്ഞിട്ടുണ്ടാവും. ഭീതിയോടെ അവൾ ജാലകം തുറന്നു. ഒരില; അത് ഇപ്പോഴും ബാക്കിയുണ്ട്! പിറ്റേന്നും, അതിന്റെ പിറ്റേന്നുമൊക്കെ ആ ഇലയ്ക്കു മാത്രം ഒന്നും സംഭവിച്ചില്ല. ഒരു കാറ്റിനും അടർത്താനാവാത്ത ആ ഇല അവളുടെ ആത്മവിശ്വാസത്തെ ഊതിക്കത്തിച്ചു. പിന്നെ, ജീവിതത്തിന്റെ ദൃഢമായ ചുവടുകളിലേക്ക് അവൾ വീണ്ടെടുക്കപ്പെട്ടു.

എന്നാലും, ഒരു ദുരന്തമുണ്ടായി. നേരത്തെ സൂചിപ്പിച്ച വൃദ്ധൻ കടുത്ത പനി പിടിച്ച് മരിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് കൈയിലൊരു പാലറ്റുമായി അയാളെ ആ വൃക്ഷത്തിന്റെ താഴെ തണുത്തുവിറച്ച് കണ്ടവരുണ്ടത്രെ! ഒരു മാസ്റ്റർപീസ് വരച്ചതിനു ശേഷമായിരുന്നു അത്. മരത്തോടു ചേർത്തുവരച്ച ഒരു പച്ചില!

ഏതു കാറ്റിലും അടരാത്ത ഒരു ഇല രോഗിക്കുവേണ്ടി വരച്ചുവയ്ക്കുകയാണ് ഏതൊരു രോഗീപരിചരണത്തിന്റെയും ആദ്യധർമ്മം; അവസാനത്തേതും.
-ബോബി ജോസ് കട്ടികാട്

Leave A Reply

Your email address will not be published.