Lekhakan News Portal

പ്രാർത്ഥിച്ചു തീരുമാനങ്ങളെടുക്കുക..

0

ഓരോ ദിവസവും വിവിധ കാര്യങ്ങളെക്കുറിച്ചു നാം തീരുമാനങ്ങളെടുക്കുന്നു. നമ്മുടെ പണം അല്ലെങ്കിൽ നമ്മുടെ ഒഴിവു സമയം എങ്ങനെ ചെലവാക്കും, അല്ലെങ്കിൽ ആരോടെങ്കിലുമോ ആരെക്കുറിച്ചെങ്കിലുമോ എങ്ങനെ സംസാരിക്കണം, അല്ലെങ്കിൽ ഒരു പ്രത്യേക കത്ത് എങ്ങനെ എഴുതണം, അല്ലെങ്കിൽ മറ്റൊരാളിൻറെ പെരുമാറ്റത്തോട് എങ്ങനെ പ്രതികരിക്കണം, അല്ലെങ്കിൽ തിരുവചനം പഠിക്കുന്നതിൽ, പ്രാർത്ഥിക്കുന്നതിൽ, സഭയെ സേവിക്കുന്നതിൽ ഒക്കെ എത്ര സമയം ചെലവഴിക്കണം മുതലായ കാര്യങ്ങളെ സംബന്ധിച്ച് നാം തീരുമാനങ്ങളെടുക്കുന്നു. രാവിലെ മുതൽ രാത്രിവരെ നമുക്കു ചുറ്റുമുളള ആളുകളുടെ നമ്മോടുളള പെരുമാറ്റത്തോടു നാം ചില പ്രത്യേക രീതിയിൽ പ്രതികരിക്കാറുമുണ്ട്. നാം അതു മനസ്സിലാക്കുന്നില്ലായിരിക്കാം, എന്നാൽ ഓരോ ദിവസവും നാം കുറഞ്ഞത് ഒരു നൂറു തീരുമാനങ്ങളെങ്കിലും എടുക്കുന്നുണ്ട് – അവയിൽ ഓരോ തീരുമാനങ്ങളിലും നാം ഒന്നുകിൽ നമ്മെത്തന്നെ പ്രസാദിപ്പിക്കുവാൻ അല്ലെങ്കിൽ ദൈവത്തെ പ്രസാദിപ്പിക്കുവാനാണ് തീരുമാനിക്കുന്നത്.

നമ്മുടെ അധികം പ്രവർത്തനങ്ങളും ബോധപൂർവ്വമായ തീരുമാനങ്ങളുടെ ഫലമല്ല. എന്നാൽ അപ്പോൾ പോലും നാം ഈ രണ്ടു മാർഗ്ഗങ്ങളിൽ ഒന്നിലാണ് അതു ചെയ്യുന്നത് – ഒന്നുകിൽ നമ്മെ തന്നെ പ്രസാദിപ്പിക്കുവാൻ നോക്കുന്നു. അല്ലെങ്കിൽ ദൈവത്തെ മഹത്വപ്പെടുത്തുവാൻ നോക്കുന്നു. നമ്മുടെ ബോധപൂർവ്വമല്ലാത്ത പ്രവർത്തനങ്ങൾ നിർണ്ണയിക്കപ്പെടുന്നത് നാം നമ്മുടെ ബോധപൂർവ്വമായ തീരുമാനങ്ങളെടുക്കുന്ന രീതിയാലാണ്. ഒടുവിൽ, ഈ തീരുമാനങ്ങളുടെയെല്ലാം ആകെത്തുകയാണ് നാം ആത്മീയമായി തീരുമോ അതോ ജഡികരായി തീരുമോ എന്നു നിർണ്ണയിക്കുന്നത്.

നാം ആദ്യം രക്ഷിക്കപ്പെട്ടതു മുതൽ എപ്പോഴെങ്കിലും നാം എടുത്തിട്ടുളള ലക്ഷക്കണക്കിനു തീരുമാനങ്ങളെക്കുറിച്ചു ചിന്തിക്കുക. ബോധപൂർവ്വം ഒരേപോലെ ഓരോ ദിവസവും പലതവണ സ്വന്തഹിതത്തെ നിഷേധിച്ച് ദൈവഹിതം ചെയ്യുന്നത് തിരഞ്ഞെടുത്തിട്ടുളളവർ, ആത്മീയരായി തീരുന്നു. മറിച്ച് തങ്ങളുടെ പാപക്ഷമയിൽ മാത്രം സന്തോഷിച്ച്, മിക്കവാറും സമയങ്ങളിൽ തങ്ങളെതന്നെ പ്രസാദിപ്പിക്കുന്ന കാര്യം തെരഞ്ഞെടുത്തിട്ടുളളവർ ജഡികരായിതന്നെ അവശേഷിക്കുന്നു. ഓരോ വ്യക്തിയുടെയും തീരുമാനങ്ങളാണ് അവർ ഒടുവിൽ എന്തായി തീരുന്നു എന്ന് നിർണ്ണയിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ നിങ്ങൾ എടുത്ത ആയിരക്കണക്കിനു തീരുമാനങ്ങളിലൂടെ നിങ്ങൾ തന്നെ തിരഞ്ഞെടുത്ത അത്രയും മാത്രമെ നിങ്ങൾ വിനീതരും, വിശുദ്ധരും, സ്നേഹമുളളവരും ആയി തീർന്നിട്ടുളളൂ. പത്തു വർഷങ്ങൾക്കു മുമ്പ് രക്ഷിക്കപ്പെട്ട രണ്ടു സഹോദരങ്ങളുടെ ഇന്നത്തെ ആത്മീയാവസ്ഥ പരിഗണിക്കുക ( രണ്ടു പേരും ഒരേ ദിവസം ക്രിസ്തുവിങ്കലേക്കു മാനസാന്തരപ്പെട്ടവർ). അവരിൽ ഒരാൾ ഇപ്പോൾ ദൈവത്തിന് സഭയുടെ ഉത്തരവാദിത്തങ്ങൾ ഭാരമേൽപ്പിക്കാൻ കഴിയുന്ന ആത്മീയ വിവേചനശക്തിയുളള, പക്വതയുളള ഒരു സഹോദരനാണ്. മറ്റെയാൾ വിവേചനശക്തിയില്ലാത്ത, നിരന്തരമായി മറ്റുളളവരാൽ പോഷിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ട ഒരു ശിശുവായി ഇപ്പോഴും തുടരുന്നു. ഈ രണ്ടു പേർക്കു തമ്മിൽ ഇത്ര വലിയ ഒരു വ്യത്യാസം ഉണ്ടാക്കിയ കാര്യം എന്താണ്? അതിൻറെ ഉത്തരം ഇതാണ്: അവരുടെ ക്രിസ്തീയ ജീവിതത്തിൻറെ കഴിഞ്ഞ പത്തു വർഷങ്ങളിലെ ഓരോ ദിവസവും അവർ എടുത്ത ചെറിയ തീരുമാനങ്ങൾ.

അവർ അടുത്ത പത്തുവർഷങ്ങൾ ഇതുപോലെ തന്നെ തുടർന്നാൽ, അവർ തമ്മിലുളള വ്യത്യാസം ഇതിനേക്കാൾ കൂടുതൽ പ്രകടമായിരിക്കും. പിന്നീട് നിത്യതയിൽ, അവരുടെ തേജസിൻറെ ഡിഗ്രികൾ തമ്മിലുളള വ്യത്യാസം ഒരു 2000 – വാട്ട് ബൾബ് പുറപ്പെടുവിക്കുന്ന പ്രകാശവും ഒരു 5 – വാട്ട് ബൾബ് പുറപ്പെടുവിക്കുന്ന പ്രകാശവും തമ്മിലുളളതു പോലെ ആയിരിക്കും!! “ഒരു നക്ഷത്രം മറ്റൊരു നക്ഷത്രത്തിൽ നിന്ന് തേജസ്സിൽ വ്യത്യാസപ്പെട്ടിരിക്കുന്നു”(1 കൊരി.15:41). അപ്പോൾ നിങ്ങൾ ബലഹീനമനസ്സുളളവർ ആകരുത്. എല്ലാ സമയവും ദൈവത്തെ പ്രസാദിപ്പിക്കുവാൻ നിങ്ങളുടെ ഇച്ഛയെ അഭ്യസിപ്പിക്കുക. ഇപ്പോൾ മുതൽ വിശ്വസ്തരായിരിക്കുമെന്നു നിങ്ങൾ തീരുമാനിക്കുമെങ്കിൽ, നിത്യതയിൽ നിങ്ങൾക്ക് ഒരു ദുഃഖവും ഉണ്ടാകുകയില്ല, നിങ്ങളുടെ കിഴഞ്ഞ കാല ജീവിതത്തിൽ ഇപ്പോൾ വരെ എത്രതവണ നിങ്ങൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതുകാര്യമല്ല. ഇത്തരം ശിക്ഷണമുളള, പൂർണ്ണ ഹൃദയത്തോടുകൂടിയ ഒരു ജീവിതം ജീവിക്കുന്നതിൽ ഒരു താൽപര്യവുമില്ലാത്ത ആവശ്യത്തിലധികം വിശ്വാസികളെ നിങ്ങൾക്കു ചുറ്റും നിങ്ങൾ കണ്ടെത്തും. അവരെ വിധിക്കരുത്. ഒരു പരീശനായി അവരെ പുഛിക്കരുത്. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക, മറ്റുളളവരുടെ കാര്യങ്ങളിൽ തിരക്കുളളവനാകരുത്. എന്നാൽ വ്യത്യസ്തനായിരിക്കുക. യേശുമാത്രം നിങ്ങളുടെ മാതൃക ആയിരിക്കട്ടെ. ക്രിസ്തുവിൻറെ ന്യായാസനത്തിനു മുമ്പാകെ നിങ്ങൾക്കു കണക്കു കൊടുക്കേണ്ട ആ ദിവസത്തേക്കുറിച്ച് കൂടെ കൂടെ ചിന്തിക്കുക.
(കടപ്പാട്: സാക് പുന്നൻ)

Leave A Reply

Your email address will not be published.