Lekhakan News Portal

ആരും കാണാതെ പോകുന്ന ചില പോലീസ്‌ മുഖങ്ങൾ

0
ഇത് എറണാകുളം സൗത്ത് റെയിൽവേ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.റീന ജീവൻ, തെരുവു ജീവിതങ്ങൾക്ക് തുണയായി മാറിയ ഒരു പോലീസുകാരി.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, രണ്ടു മാസങ്ങൾക്കു മുൻപ് അടിവയറ്റിൽ നിന്നും ആന്തരികാവയവങ്ങൾ പുറത്തേയ്ക്കു തള്ളി ചോര വാർന്ന് മരണാസന്നയായ ഒരു സ്ത്രീരൂപം. തിരക്കുകൾക്കിടയിൽ കണ്ണിൽ തറയ്ക്കുന്ന കാഴ്ച കണ്ടിട്ടും ആളുകൾ കണ്ണടച്ച് കടന്നു പോയി. പക്ഷേ, അവിടെ പകൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു വനിതാ പോലീസുകാരി നെഞ്ച് പൊള്ളിക്കുന്ന ഈ കാഴ്ച നെഞ്ചോട് ചേർത്ത് പിടിച്ചു. കൂടെ ഉണ്ടായിരുന്ന പോലീസുകാരിയും ഏതാനും യാത്രക്കാരും കീറത്തുണികളും കുടിവെള്ളവും ഒക്കെയായി ഒപ്പം കൂടി……..
ഇത് ‘ലക്ഷ്മിഭായ്’, അറുപതിനോട് അടുത്ത് പ്രായം. ബോംബെയിലെ കാമാട്ടിപൂരിലുള്ള ചുവന്ന തെരുവിൽ യൗവ്വനം ഹോമിച്ചവൾ. ഒടുവിൽ വൃദ്ധകാലത്ത് എല്ലും തോലുമായപ്പോൾ കർണ്ണാടകയിലെ ഏതോ ഒരു ക്ഷേത്രത്തിൽ ദേവദാസിയാവാൻ തല മുണ്ഡനം ചെയ്ത് ഉപേക്ഷിക്കപ്പെട്ടവൾ. ജീവിതത്തിന്റെ തീരാദുരിതങ്ങൾ നീന്തി കടന്ന് ഓർമ്മ നഷ്ടപ്പെട്ട് വീണ്ടും തെരുവിലേയ്ക്ക്. അടിവയറ്റിൽ നിന്നും ഗർഭപാത്രം ഉൾപ്പെടെ പുറത്തേയ്ക്ക് തള്ളിയ നിലയിൽ എണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ‘റീനാ’ എന്ന പോലീസുകാരിയുടെ ചുമലിൽ ചാരി നിസ്സഹായയായി കിടന്ന പഴന്തുണി രൂപമാ ണ് ‘ലക്ഷ്മിഭായ് ‘. ഏതാണ്ട് രണ്ടരമാസക്കാലമായി വേദന തിന്നുന്ന അനാഥസ്ത്രീയെ ചുമലിനോട് ചേർത്ത് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് മരുന്നുവെച്ചശേഷം കാക്കനാടുള്ള തെരുവോരം മുരുകന്റെ നേതൃത്വത്തിൽ നടത്തുന്ന തെരുവു വെളിച്ചം അഗതിമന്ദിരത്തിലേയ്ക്കും യാത്ര. ഇതിനിടയിൽ മെലിഞ്ഞുണങ്ങിയ ശരീരത്തിൽ പ്രതീക്ഷയുടെ തുടിപ്പുകൾ കണ്ടുതുടങ്ങി. എറണാകുളത്തെ ഒരു പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് ഇവരെ കൂട്ടികൊണ്ടു പോയി പുതുജീവിതം സമ്മാനിച്ചു കൊണ്ടാണ് ‘റീനാ’ എന്ന പോലീസുകാരി തന്റെ സേവനമഹിമ സാക്ഷാത്കരിക്കുന്നത്.
ഇപ്പോൾ എഴുപതോളം നിരാലംബ ജീവിതങ്ങൾക്ക് കാക്കിക്കുള്ളിലെ ഈ കനിവ് വഴിവെളിച്ചം ആയിട്ടുണ്ട്. കൊച്ചി മഹാനഗരത്തിലെ വഴിയോരങ്ങളിൽ പഴന്തുണി ചുറ്റി പട്ടിണി കോലമായി മാറിയിട്ടുള്ള നിരവധി ദൈന്യരൂപങ്ങളെ ചേർത്ത് പിടിച്ച് ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ ഈ പോലീസുകാരിയുടെ ഔദ്യോഗിക ജീവിതം ഒരിക്കലും തടസ്സമായിട്ടില്ല. സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ശരീര ഭാഗങ്ങളിൽ വ്രണത്തിൽ ഈച്ച ആർക്കുന്ന വൃദ്ധന്റെ ദൈന്യമായ നിലവിളി കേൾക്കാൻ പലരും തയാറായില്ല. എന്നാൽ നോർത്ത് റെയിവേ സ്റ്റേഷനിലെ ഡ്യൂട്ടിക്കിടയിൽ കൈകാലുകളിലും മുഖത്തുമുള്ള വ്രണങ്ങളിൽ ഈച്ച ആർക്കുന്ന വൃദ്ധന്റെ പ്രാണപ്പിsച്ചിൽ ‘റീനാ’ എന്ന പോലീസുകാരിയുടെ ഹൃദയം ഉലച്ചു.ജോലി കഴിഞ്ഞ് മടങ്ങിപോകുമ്പോൾ ഇയാളുടെ മുറിവുകൾ കഴുകി വൃത്തിയാക്കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്, ഡോക്ടറുടെ പരിചരണം ഉറപ്പുവരുത്തിയാണ് മടങ്ങിപോയത്.പിന്നീട് രോഗാവസ്ഥ പൂർണ്ണമായി ഭേദമാകുന്നതുവരെ ഈ മനുഷ്യന്റെ പരിചരണങ്ങളിൽ ‘റീനാ’ മനസ്സ് അർപ്പിച്ചിരുന്നു.
ഇപ്പോൾ എറണാകുളം സൗത്ത് റെയിൽവേ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ‘റീനാ’. ജീവിതത്തിന്റെ ദുരിതകാലത്ത് ഒറ്റപ്പെട്ടുപോയവരെ രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതും അവർക്ക് പരിചരണം ഉറപ്പ് വരുത്തുന്നതും ‘റീനയ്ക്ക് ‘ ഇന്ന് ജീവിത വ്രതമായിട്ടുണ്ട്. പാലക്കാട് കാരിയായ ‘റീനാ’ 2017 ജൂണിലാണ് എറണാകുളത്തേയ്ക്ക് സ്ഥലമാറ്റമായി എത്തുന്നത്. പലപ്പോഴും ജീവിതയാത്രയിൽ ഒറ്റപ്പെട്ടു പോകുന്നവരും അനാഥരുമെല്ലാം ദുരിതകാലങ്ങളിൽ വന്നെത്തുന്നത് റെയിൽവേ സ്റ്റേഷനുകളിലാണ്. ഇങ്ങനെ നിരന്തരം എത്തപ്പെടുന്ന പേരും അറിയാത്ത നിരവധി മനുഷ്യ ജീവിതങ്ങൾക്ക് നഗരത്തിൽ സഹായഹസ്തവുമായി ഈ പോലീസുകാരി ജാഗ്രതയോടെ ജീവിക്കുന്നു.
ഇപ്പോൾ നഗരത്തിലെ പല കേന്ദ്രങ്ങളിൽ നിന്നും അഗതിമന്ദിരങ്ങളിൽ നിന്നും വിളി വരുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തക എന്ന റോളും ഈ പോലീസുകാരി നിർവ്വഹിച്ചു പോരുന്നു. തന്റെ പിതാവിന്റെ മരണമാണ് ജീവിതത്തിൽ സഹജീവികളോട് കാരുണ്യവും മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുവാനും പ്രാപ്തയാക്കിയതെന്ന് ‘റീന’ പറയുന്നു. മാനസികമായി വെല്ലുവിളി നേരിടുന്ന ആളുകളാണ് അധികവും അനാഥരായെത്തുന്നത്. പരസ്പര ബന്ധമില്ലാതെ സംസാരിച്ചു ട്രെയിനിലെത്തിയ ഒരു സ്ത്രീയെ ഒരിക്കൽ കണ്ടു. പിന്നീടാണറിയുന്നത് അവർ പ്രഗത്ഭയായ ഡോക്ടറായിരുന്നുവെന്ന്. റെയിൽവേ സ്റ്റേഷനിൽ മുഷിഞ്ഞവസ്ത്രങ്ങളുമായി പനിച്ചുകിടന്ന, ഇംഗ്ലീഷ് കവിതാശകലങ്ങൾ അബോധത്തിലും ചൊല്ലിക്കിടന്ന യുവാവ്, തന്റെ കുഞ്ഞിനെ അന്വേഷിച്ചെത്തിയ കാലിനു സ്വാധീനം നഷ്ടപ്പെട്ട സ്ത്രീ….. അവരെയൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇങ്ങനെ കണ്ടെത്തുന്ന ആളുകളെ തെരുവോരം മുരുകനെയാണ് ഏൽപ്പിക്കുന്നത്.
ജീവിതത്തിൽ രക്ഷപ്പെടുത്തിയവരിൽ പല പ്രമുഖരുമുണ്ട്. എറണാകുളത്ത് ബിസിനസ്സുകാരനായ ഭർത്താവ് ജീവൻ ഭാര്യയുടെ ഈ സേവന തൃക്ഷ്ണയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്
A BIG SALUTE REENA Sir.

 

Leave A Reply

Your email address will not be published.