Lekhakan News Portal

അങ്ങനെ അവസാനം ആദ്യത്തെ ട്രെയിൻ ഓടി

0

ഹരിപ്പാട് ∙ റെയിൽവേയുടെ മെല്ലെപ്പോക്കിന്റെയും സമയനഷ്ടത്തിന്റെയും ദൂരം അൽപംകൂടി കുറച്ച്, തീരദേശപാതയിലെ ഹരിപ്പാട് – അമ്പലപ്പുഴ ഇരട്ടപ്പാതയിലൂടെ ഇന്റർസിറ്റി എക്സ്പ്രസ് ആദ്യ യാത്ര തുടങ്ങി. നിർമാണം തുടങ്ങി എട്ടു വർഷത്തിനു ശേഷം പൂർത്തിയാക്കിയ പാതയിലൂടെ ഇന്നലെ രാത്രി 8.15ന് ആണു തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് കന്നിയാത്ര തുടങ്ങിയത്.

8.44ന്, ഇരട്ടപ്പാത അവസാനിക്കുന്ന അമ്പലപ്പുഴ സ്റ്റേഷനിൽ ട്രെയിൻ നിന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലായിരുന്നു ആദ്യ യാത്ര. ഹരിപ്പാട് റെയിൽവേ സ്റ്റേഷനു വടക്കു ഭാഗത്തെ ലെവൽക്രോസ് കഴിഞ്ഞ് ആരംഭിക്കുന്ന പുതിയ പാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തു ട്രെയിൻ നിന്നു. തേങ്ങ ഉടച്ചു പുതിയ യാത്രയ്ക്കു തുടക്കം കുറിച്ചു. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെ പുതിയ കംപ്യൂട്ടറൈസ്ഡ് സിഗ്നൽ സിസ്റ്റം ചീഫ് സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയർ നാഗേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഇതിനോടൊപ്പം റെയിൽവേ സ്റ്റേഷനിലെ പാനൽ പൂജയും നടന്നു. റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി റോയ്, എക്സിക്യൂട്ടിവ് എൻജിനീയർ ഷൺമുഖം, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ബി.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയ ശേഷമാണു ട്രെയിൻ കടത്തി വിട്ടത്. ട്രാക്ക് ലിങ്കിങ്ങും അനുബന്ധ ജോലികളും വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു‌.

∙ വേഗം 80 കി.മീ

100 കി.മീ വരെ വേഗത്തിൽ ട്രെയിൻ ഓടാനാണ് അനുവാദമുള്ളതെങ്കിലും 80 കി.മീ വേഗത്തിലായിരുന്നു കന്നി യാത്രയെന്നു ചീഫ് ലോക്കോ ഇൻസ്പെക്ടർ കെ.വി.മാത്യു പറഞ്ഞു. ഒറ്റയടിക്കു പരമാവധി വേഗത്തിൽ ട്രെയിനോടിക്കാൻ അനുമതി നൽകാറില്ല. പടിപടിയായാണു വേഗം ഉയർത്തുക. പരീക്ഷണ ഓട്ടത്തിന് 112 കി.മീ വേഗത്തിൽ ട്രെയിൻ ഓടിയിരുന്നു. ഇന്നലെ ഹരിപ്പാട് നിന്ന് അമ്പലപ്പുഴ വരെ ഓടി എത്തിയത് 32 മിനിറ്റ് കൊണ്ടാണ്. 7.40ന് ഹരിപ്പാട് എത്തേണ്ട ഇന്റർസിറ്റി ഇന്നലെ വൈകി. 8.12ന് ആനു ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയത്.

ഗതാഗതത്തിന് തുറക്കുന്നത് നാലുമാസത്തിനു ശേഷം

പുതിയ പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയെങ്കിലും ഇരട്ടപ്പാതയുടെ പ്രയോജനം യാത്രക്കാർക്കും റെയിൽവേയ്ക്കും പൂർണമായി ലഭിക്കാൻ ഇനിയും മാസങ്ങൾ കഴിയും. പുതിയ പാതയിലൂടെ ട്രെയിൻ കടത്തിവിട്ട ശേഷം നിലവിലെ റെയിൽപ്പാത അടയ്ക്കും. ഈ പാതയുടെയും അടിപ്പാതകളുടെയും ഉയരം കൂട്ടുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷമേ ഇരുപാതകളും ഒന്നിച്ചു ഗതാഗതത്തിനു തുറക്കൂ. ഇതിനു നാലു മാസം കൂടി വേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു

Leave A Reply

Your email address will not be published.