Lekhakan News Portal

ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ മൂന്നു ദിവസത്തിനിടെ പത്തോളം ആക്രമണം

0

ന്യൂഡൽഹി: കഴിഞ്ഞ വാരാന്ത്യത്തിൽ മൂന്നു ദിവസത്തിനിടെ ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം അക്രമ സംഭവങ്ങൾ ഉണ്ടായെന്ന് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇ.എഫ്.ഐ) റിലീജിയസ് ലിബർട്ടി കമ്മീഷൻ (ആർ.എൽ.സി). ഫെബ്രുവരി 20 മുതൽ 23 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ആരാധനകൾ തടസപ്പെടുത്തുക, പോലീസിന്റെ ഭീഷണി, ആൾക്കൂട്ട അക്രമങ്ങൾ തുടങ്ങി പത്തോളം അക്രമ സംഭവങ്ങൾ ആർ.എൽ.സി രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരത സന്ദർശനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങൾ നടന്നത് എന്നത് വസ്തുതയാണ്.

വാരാന്ത്യത്തിൽ പ്രത്യേകിച്ച് ഞായറാഴ്ച ദിവസത്തിൽ ഇത്തരം ആക്രമങ്ങൾ അരങ്ങേറുന്നത് പതിവായിരിക്കുകയാണെന്ന് ആർ.എൽ.സി യുടെ നാഷണൽ ഡയറക്ടറായ വിജയേഷ് ലാൽ പറഞ്ഞു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. പത്തു അക്രമങ്ങളിൽ അഞ്ചെണ്ണവും നടന്നിരിക്കുന്നത് ഉത്തർപ്രദേശിലാണ്. തമിഴ്നാട്ടിൽ രണ്ട്, തെലങ്കാന, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നും ഓരോന്നും വീതമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ചത്തീസ്ഗഡിലെ ദാന്തെവാഡ ജില്ലയിൽ താമസിക്കുന്ന ക്രിസ്ത്യൻ കുടുംബം ഫെബ്രുവരി 20ന് ക്രൂരമായ മർദ്ദനത്തിനിരയായിരിന്നു. തൊട്ടടുത്ത ദിവസമാണ് ഉത്തർ പ്രദേശിലെ സന്ത് കബീർ നഗറിലെ ക്രൈസ്തവർ ഭീഷണിക്കിരയായത്. പോലീസിൽ പരാതിപ്പെട്ടെങ്കിലും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാനുള്ള ഉപദേശമാണ് ലഭിച്ചത്. ഇതേദിവസം തന്നെയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാതൻകുളം പട്ടണത്തിലെ ഏഴ് പാസ്റ്റർമാർ അന്യായമായി പോലീസ് കസ്റ്റഡിയിലായത്.

Leave A Reply

Your email address will not be published.