Lekhakan News Portal

മരുഭൂമിയിലൂടെ പോകുമ്പോൾ

0

ദീർഘമായ യാത്രയായിരുന്നു അത്, അഞ്ഞൂറു മൈലോളം മരുഭൂമിയിലൂടെ. ഒടുവിൽ, ഒരു പച്ചത്തുരുത്ത് പോലെ പുരാതനമായ ഒരു ആശ്രമത്തിൽ നാം എത്തുന്നു. പതിനാലു നൂറ്റാണ്ടോളം പഴക്കമുണ്ട് അതിന്. പല കാലങ്ങളിലായി പലർ അതിന്റെ സംരക്ഷണം ഏറ്റിട്ടുണ്ട്. അതിൽ നബി തിരുമേനിയുണ്ട്, അറേബ്യൻ കാലിഫുകളുണ്ട്, തുർക്കിയിലെ സുൽത്താൻമാരുണ്ട്, ഏറ്റവും ഒടുവിലായി നെപ്പോളിയനും. വിശുദ്ധ കാതറിന്റെ സീനായിലെ ആശ്രമമാണത്.

അതിനുള്ളിൽ ഭൂമിയിലേക്കു വച്ചുതന്നെ ഏറ്റവും പവിത്രമായ ഒരു ഓർമ്മയുണ്ട്- ദൈവം തന്നെത്തന്നെ മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത ആ മുൾപ്പടർപ്പ് അവിടെയാണ്. നിറയെ പച്ചപ്പുള്ള അതിന്റെ സമീപത്ത് ഇരിക്കുമ്പോൾ മനസ്സു പറഞ്ഞു, ‘ഇതു മോശയുടെ ബോധിവൃക്ഷം.’

എന്തൊക്കെ പ്രകാശത്തിലേക്കാണ് ആ കാഴ്ച അയാളെ ഉണർത്തിയത്! തീയാളുന്നുവെങ്കിലും കത്തു പിടിക്കാത്ത മരം. ദൈവത്തെ നിർവചിക്കുവാൻ ഇതിനേക്കാൾ ഭേദപ്പെട്ട മെറ്റഫർ എന്തുണ്ടാവും. ഒന്നും എരിച്ചുകളയാത്ത, എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന അഗ്നിക്ക് ദൈവമെന്നല്ലാതെ മറ്റെന്തു പേരിടാൻ.

ഹിംസയുടെ കനലിൽ കരിഞ്ഞുപോയ ഒരാളായിരുന്നു മോശ. ഒരു കൊലപാതകത്തിനു ശേഷം ഒളിച്ചു പാർക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഇടയവേലയും മരുഭൂമിസഞ്ചാരങ്ങളും. അയാൾക്ക് തന്റെ സമൂഹത്തിന്റെ വിമോചകനാകണമെന്ന് താല്പര്യമുണ്ടായിരുന്നു. ചോര പൊടിയാതെയും ഹിംസ ഇല്ലാതെയും കാലത്തെ പ്രകാശിപ്പിക്കാൻ പറ്റുന്ന വിമോചകശ്രേണിയിലേക്ക് അയാൾക്കു ലഭിച്ച അപ്‌ഗ്രഡേഷനാണിത്.

ഇലപ്പടർപ്പിനു പിന്നിൽപ്പോലും ദൈവികസാന്നിദ്ധ്യം കാണാൻ അകക്കണ്ണു കിട്ടിയ ഒരാൾക്ക് ഇനി ഹിംസയുടെ പാഠങ്ങൾ മറന്നേ പറ്റൂ. ഭൂമി ഒരു മോശപ്പെട്ട ഇടമല്ല. മുള്ളുകൾക്കു പിന്നിൽപ്പോലും ആ ചൈതന്യമുണ്ട്. അതങ്ങനെ കണ്ടു പരിശീലിച്ചതു നന്നായി. കാരണം, നാല്പതു വർഷം നീളുന്ന മണൽസഞ്ചാരം കാത്തുനിൽക്കുന്നു. മരുഭൂമി പൊതുവേ പൂമരങ്ങൾ കരുതിവയ്ക്കാറില്ല. പൂമരങ്ങൾക്കു പിന്നിൽ ദൈവത്തെ കാണുക എത്ര എളുപ്പമാണ്; കസൻദ് സാക്കിസ് കുറിക്കുന്നതുപോലെ, “I said to the almond tree, ‘Sister, speak to me of God.’ And the almond tree blossomed.” അത്രയെളുപ്പമല്ല മുള്ളുകൾക്കു പിന്നിലെ പ്രഭയെ തിരിച്ചറിയുക.

ആരോ ഇപ്പോൾ പിന്നിൽ നിന്നു മന്ത്രിക്കുന്നുണ്ട്: “ചെരുപ്പുകൾ അഴിച്ചു മാറ്റുക. നീ നിൽക്കുന്നിടം വിശുദ്ധമാണ്.”

സന്ദർശനസമയം കഴിഞ്ഞിരിക്കുന്നു. പുറത്തു കടക്കുമ്പോൾ വായിച്ചു മാത്രം പരിചയമുള്ള സീനായ് ഗിരിയുടെ മീതെ തണുത്ത കാറ്റ് സൗമ്യമായി വീശുന്നുണ്ട്. നിലാവെളിച്ചത്തിൽ മഹാകാരുണ്യത്തിന്റെ വെൺമേഘങ്ങൾ. ഇല്ല, ഈ ത്രിസന്ധ്യ മറക്കാനുള്ളതല്ല.
-ബോബി ജോസ് കട്ടികാട്

Leave A Reply

Your email address will not be published.