Lekhakan News Portal

91ാം സങ്കീർത്തനം ചൊല്ലി പ്രാർത്ഥിച്ചു, ഇപ്പോൾ ജീവിക്കുന്നത് ദൈവകൃപയാൽ’: കോവിഡ് അതിജീവിച്ച അമേരിക്കൻ മലയാളി ഡോക്ടറുടെ കണ്ണീരിൽ കുതിർന്ന സാക്ഷ്യം

0

ന്യൂജേഴ്സി: കൊറോണ വൈറസ് ബാധിച്ച് മരണത്തെ മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും അത്ഭുതകരമായ സൗഖ്യം പ്രാപിച്ച അമേരിക്കയിലെ മലയാളി ഡോക്ടറുടെ വിശ്വാസ സാക്ഷ്യം ചർച്ചയാകുന്നു. ന്യൂജേഴ്സിയിൽ ഡോക്ടറായി സേവനം ചെയ്യുന്ന തിരുവല്ല സ്വദേശിനി ഡോക്ടർ ജൂലി ജോൺ, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിലാണ് രോഗം മൂർച്ഛിച്ച് ഗുരുതരമായപ്പോൾ സങ്കീർത്തനം 91 ചൊല്ലി പ്രാർത്ഥിച്ചുവെന്നും ദൈവകൃപയാലാണ് ഇപ്പോൾ ജീവിക്കുന്നതെന്നും തുറന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തെ തന്റെ അനുഭവങ്ങൾ വിവരിച്ച് കഴിഞ്ഞ ദിവസം ജൂലി നൽകിയ അഭിമുഖം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ദൈവമാണ് തന്നെ സുഖപ്പെടുത്തിയതെന്ന് ഡോ. ജൂലി ഉറച്ചുവിശ്വസിക്കുന്നു. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലും, പിന്നീട് മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലും ദൈവ കൃപയാലാണ് താൻ ജീവിക്കുന്നതെന്ന് അവർ പരസ്യമായി ഏറ്റുപറയുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തു കൊണ്ടിരിന്ന ഡോ. ജൂലി വീട്ടിൽ മക്കളോടൊപ്പം ആയിരുന്ന സമയത്താണ് വൈറസ് ബാധയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നായ ശ്വാസതടസം അനുഭവിച്ചറിഞ്ഞത്.

ഇതിനെ കുറിച്ച് ജൂലി നിറകണ്ണുകളോടെ വിവരിച്ചത് ഇങ്ങനെ, മക്കളോടൊപ്പം കിടക്കുമ്പോഴാണ് ശ്വാസതടസം ശ്രദ്ധയിൽ പെട്ടത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ശ്വാസം നിന്നു പോകുന്ന അവസ്ഥ. പെട്ടന്നു രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞപ്പോൾ മരണഭയത്തെ മറികടക്കാൻ ഞാൻ നിലത്തു മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചു തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി ദൈവത്തിന്റെ ചിറകിന്റെ കീഴിൽ എന്നെ കാത്തുപാലിക്കണമെന്നു പ്രാർത്ഥിച്ചു. ദൈവം എന്റെ പ്രാർത്ഥന കേൾക്കണമെന്നും എനിക്ക് അല്പം കൂടെ സമയം അനുവദിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. കണ്ണീരോടെ ഡോ. ജൂലി സിഎൻഎൻ ചാനലിൽ സംസാരിക്കുമ്പോൾ അവതാരകന്റെ മുഖവും ദുഃഖപൂരിതമായിരിന്നു.

മനോരമ ന്യൂസ് ചാനലിൽ നടന്ന അഭിമുഖത്തിലും ദൈവകൃപയാലാണ് താൻ ഇന്നു ജീവിക്കുന്നതെന്നു ജൂലി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവം ആഗ്രഹിക്കുംപോലെ തുടർന്നും ജോലിയിൽ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ അഭിമുഖം അവസാനിക്കുന്നത്. വൈറസിൽ നിന്നും പൂർണമായും മോചനം പ്രാപിച്ചു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ് ഇന്നു ഡോ. ജൂലി ജോൺ.

Leave A Reply

Your email address will not be published.