Lekhakan News Portal

ചെറിയൊരു കുന്നിറങ്ങി നമ്മളെത്തുന്നത് ആ ഉപവനത്തിലേക്കാണ്- ഗത്‌സമൻ, ഒലിവുചക്ക് എന്നർത്ഥം

0

ആയിരത്തോളം വർഷം പഴക്കമുള്ള ചില മുത്തശ്ശിമരങ്ങൾ ഇവിടെയുണ്ടെന്ന് ഗൈഡ് പറയുന്നു. അതിൽ മൂന്നെണ്ണത്തിന്റെയെങ്കിലും ആയുസ് കാർബൺ ഡേറ്റിങ് വഴി അങ്ങനെ ഉറപ്പിച്ചിട്ടുണ്ട്. കൗതുകകരമായ കാര്യം ആ മൂന്നു മരങ്ങളുടേയും തായ്‌മരം ഒന്നു തന്നെയെന്നതാണ്. അങ്ങനെയെങ്കിൽ അതിന്റെ വേരുകൾ പിന്നെയും ഒരു സഹസ്രാബ്ദം പുറകോട്ടുപോയി ഒരാളുടെ കഷ്ടരാത്രിക്ക് സാക്ഷിയായിട്ടുണ്ടാവും.

തനിക്കുവേണ്ടി മാത്രമെന്ന് പൂർണാർത്ഥത്തിൽ കരുതാവുന്ന യേശുവിന്റെ ഒരേയൊരു പ്രാർത്ഥന അവിടെയാണ് സംഭവിച്ചത്: “പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എടുത്തുമാറ്റണമേ.” ഒലിവുപഴങ്ങൾ ചക്കിലാട്ടുമ്പോൾ ചോര പോലെ തോന്നിക്കുന്ന നിറമാണ് ആദ്യം. ഏതോ തിരികല്ലിൽ പെട്ട് അകത്തും പുറത്തും ഒരാൾ ചോര പൊടിയുകയാണ്. ഒരേനേരത്ത് ഭിഷഗ്വരനും ചിത്രകാരനുമായിരുന്നു ലൂക്ക്. അവന്റെ ശരീരവും മനസ്സും അനുഭവിച്ച കൊടിയ സമ്മർദ്ദങ്ങളെ കടുംവർണ്ണങ്ങളിൽ അയാൾ വരച്ചു എന്ന് അനുമാനിച്ചാൽ മതി.

വൈദ്യനായതുകൊണ്ട് ആരോഗ്യശാസ്ത്രപരമായിത്തന്നെ അതിനെ വ്യാഖ്യാനിച്ചവരുണ്ട്, ഹിമറ്റിഡ്രോസിസ് എന്നു പേരിട്ട്. കഠിനസമ്മർദ്ദത്തിലും ആകുലതയിലും കാപിലറികൾ പൊട്ടുകയും സ്വേദധമനികളിലേക്ക് രക്തം കലരുകയും ചെയ്യുന്നു. മരണകാരണമായി മാറാവുന്ന വിധത്തിൽ അപകടം പിടിച്ച ഒന്നാണത്. മാലാഖ വന്ന് അവനെ പരിചരിച്ചു – minister – എന്നതും അതിനോടു കൂട്ടി വായിക്കാവുന്നതാണ്. പാനപാത്രം നമ്മുടെ കാവ്യഭാഷയിൽ നുരയുന്ന ഉല്ലാസത്തിന്റേയും അനുഭൂതികളുടേയും മറുപദമാണ്. എന്നാൽ, ഇനി മുതൽ അങ്ങനെ ആയിരിക്കില്ല കാസ ഓർമ്മിക്കപ്പെടുക- ഏകാന്തതയുടേയും അവമാനത്തിന്റേയും തിരസ്കരണത്തിന്റേയും അപമൃത്യുവിന്റേയുമൊക്കെ പര്യായമായി അതു മനുഷ്യരുടെ പ്രാർത്ഥനകളെ വിഷാദഭരിതമാക്കും.

കുരിശിനെയല്ല ക്രിസ്തു ഭയന്നത്. ശരീരത്തെ ദഹിപ്പിക്കുന്നവരോട് ഭയമരുതെന്നാണ് അവൻ നൽകുന്ന ചെവിട്ടോർമ്മ. എന്നാൽ, ഉടലിനേയും മനസ്സിനേയും തന്റെ അസാന്നിധ്യം കൊണ്ട് കരിച്ചുകളയുന്ന ഒരാളെ യേശു ഭയന്നു. ദൈവം കൈവിട്ടുകളയാൻ പോകുന്ന ഒരാളെന്ന നിലയിൽ അവൻ നഖശിഖാന്തം ഉലഞ്ഞു.

എന്നിട്ടും, ‘അതേ’ എന്ന ഒരു മൃദുമന്ത്രണത്തിലാണ് ഒലിവുതോട്ടത്തിലെ ചരിതം അവസാനിക്കുന്നത്. ആ സമർപ്പണമന്ത്രത്തിലാണ് ഒരാൾ അയാളുടെ മനശ്ശാന്തിയെ തിരിച്ചുപിടിക്കുന്നത്. Yes എന്നത് ഒരു മാന്ത്രികപദമാണ്. പിന്നീടുള്ള യാമങ്ങളെ അത് ആയാസരഹിതവും പ്രഭാപൂരിതവുമാക്കും.

അവിചാരിതവും അനിവാര്യവുമായ ചില ശിരോലിഖിതങ്ങളിൽ ഒരു പാനോപചാരത്തിന്റെ നിരീക്ഷണം പോലും നമ്മളെ സഹായിച്ചെന്നിരിക്കും. Hold- Lift – Sip എന്ന മൂന്നു ചുവടുകളാണത്. ഒരു പാനപാത്രത്തെയെന്നപോലെ അവനവന്റെ ദുഃഖത്തെ ഏകാന്തതയിൽ അഭിമുഖീകരിക്കുകയും ഉറ്റുനോക്കുകയും ചെയ്യുക. എത്ര നേരം വേണമെങ്കിലും എടുക്കാം, ദുഃഖത്തിന്റെ തീവ്രത കുറയുവോളം; യഹൂദരുടെ ഷിവ പോലെ. മരിച്ചവരുടെ ഉറ്റവരെ സങ്കടപ്പെടാൻ മാത്രം വിട്ടുകൊടുക്കുന്ന കാലമാണത്.

ഇനി ടോസ്റ്റാണ്. ആകാശങ്ങളിലേക്കുയർത്തുക. പാനപാത്രം മാത്രമല്ല, മിഴികളും. പിന്നെ, പതുക്കെപ്പതുക്കെ മൊത്തിക്കുടിക്കുക, മട്ടോളം.
-(ബോബി ജോസ് കട്ടികാട്)

Leave A Reply

Your email address will not be published.