Lekhakan News Portal

പഴയ ഈസ്റ്റർ

0

പഴയ ഈസ്റ്റർ മുട്ടകളുടെ കഥയൊന്നും കേൾക്കാനോ പറയാനോ പറ്റുന്ന കാലമല്ല ഇത്. അലങ്കരിച്ച മുട്ടത്തോടുകളുടെ ആധുനികചരിത്രം ആരംഭിക്കുന്നത് ശൂന്യമായ അവന്റെ കല്ലറയുടെ ഓർമ്മയ്ക്കുള്ള വാഴ്ത്തായിട്ടാണ്. വളരെ പുരാതനമായ, പതിനായിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള, ഒരു രീതിയെ മാമ്മോദീസ മുക്കിയെടുത്തതാണത്. ഒട്ടകപ്പക്ഷികളുടെ മുട്ടകളായിരുന്നു അവയെന്നൊരു വ്യത്യാസമുണ്ടായിരുന്നു.

ലോകത്തിന്റെ ദുഃഖവെള്ളികൾ നീളുകയാണ്. എന്നിരിക്കിലും, പൊരുതാനും പ്രതിരോധിക്കാനും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും ഈസ്റ്റർഓർമ്മയെ, കത്തിയുടെ മീതെ കത്തി രാകി മൂർച്ച കൂട്ടുന്നതുപോലെ, ഹൃദയത്തെ ഹൃദയം കൊണ്ടുരച്ച് നമ്മൾ ഈ ദിനത്തെ നമ്രതയോടെ സ്വീകരിച്ചേ പറ്റൂ.

ഓരോ ഇടത്തിലും ഒരു മൂന്നാം പക്കത്തേക്കുറിച്ച് മന്ത്രിക്കുകയാണ് വരുംകാലങ്ങളിൽ പ്രകാശത്തിന്റെ പ്രസാദം കിട്ടിയ ഏതൊരാളുടേയും ധർമ്മം. മനുഷ്യർ മൃതരായി ഗണിക്കപ്പെടുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും ജീവന്റെ ചടുലനൃത്തങ്ങളുണ്ടാവും. പ്രവാചകൻ കണ്ട അസ്ഥികൾ പൂക്കുന്ന താഴ്വരയുടെ പേരാണ് മരണം. ഒരു ദേവാലയത്തിൽ ദുഃഖവെള്ളിയിലെ ഉണർവുപ്രാസംഗികൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇന്നു ദുഃഖവെള്ളി. അയാൾ നിലവിളിച്ചു മരിച്ചു.” ഉപാസകർ ഇങ്ങനെയാണ് പ്രത്യുത്തരം നൽകേണ്ടത്: “മറ്റന്നാൾ അയാൾ ഉയർത്തെഴുന്നേൽക്കും.” അത് പല തവണ ആവർത്തിക്കപ്പെട്ടു. പ്രാണന് തീ പിടിച്ചവരായിട്ടാണ് അവരന്ന് പള്ളിയിൽ നിന്നു മടങ്ങിയത്.

ചരിത്രത്തിൽ ഒരാളെ അങ്ങനെ സംസ്കരിച്ചിട്ടുണ്ടാവില്ല. മുദ്ര വച്ച് കാവലേർപ്പെടുത്തിയ ശവകുടീരം. ആ കല്ല് നമുക്കുവേണ്ടി ആരു മാറ്റിത്തരും എന്ന കടമ്പകളിൽ തട്ടിവീഴാതെ ചില സ്ത്രീകൾ പുലരിയാവാൻ കാത്തുകിടക്കുകയാണ്. അവർക്ക് കിനാവുകൾ സമ്മാനിച്ച ഒരാൾ അവിടെയാണ് ഉറങ്ങുന്നത്. സ്വപ്നം നൽകിയവർ മറഞ്ഞു പോകുമ്പോൾ അവർ സ്വപ്നത്തെ മാത്രമല്ല നമ്മുടെ ഉറക്കം കൂടി കൊണ്ടുപോകുന്നു. ദേവാലയത്തിലെ താനെ കീറിയ തിരശീല പോലെ മൂടിക്കല്ലും താനെ മാറുകയാണ്. കല്ലറ ശൂന്യം; ഒരു തിരുശേഷിപ്പുപോലുമില്ല. ‘ജീവിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ തിരയുന്നതെന്തിനെ’ന്ന് ദേവദൂതർ കുശലം ചോദിക്കുന്നു.

കിഴക്കൻ ദേവാലയങ്ങളിൽ പള്ളി മുഴുവൻ തളിരിലകൾ വിതറിയാണ് ഈസ്റ്റർ രാവിനെ വരവേൽക്കുന്നത്; നോമ്പിന്റെ എറ്റിമോളജിയിലുള്ള വസന്തത്തെ ഓർമ്മിപ്പിക്കാനാണ്. ഇത്തവണ നമുക്കു മാത്രമല്ല, ലോകമെമ്പാടും വേനലാണ്. എന്നിട്ടും, വേനൽ കടുക്കുമ്പോൾ അത്രമേൽ പൂവിടുന്ന ചില അപൂർവമരങ്ങളുടെ സൗഭാഗ്യം നമുക്കുണ്ട്. പുറത്തേക്കു നോക്കൂ, കൊന്നകളൊക്കെ വിഷുവിനായി പൂത്തൊരുങ്ങിയിട്ടുണ്ട്. ഗുൽമോഹറുകൾ തീനാമ്പുകളായി കത്തിക്കാളുന്നുണ്ട്.

ഏതൊരു നന്മയും മൂന്നു ദിവസത്തെ നിദ്രയ്ക്കു ശേഷം ഹാല്ലേൽ ഗീതങ്ങളോടെ അതിന്റെ വിജയം ആഘോഷിക്കും. മെക്സിക്കൻ പഴമൊഴി പോലെ, They tried to bury us; they did not know we were seeds – വെട്ടി മൂടുമ്പോൾ അവരറിഞ്ഞില്ല ഞങ്ങൾ വിത്തുകളായിരുന്നുവെന്ന്. അല്പനേരത്തെ ഇടവേളയ്ക്കു ശേഷം ഭൂമിയിൽ തളിർപ്പുകൾ ഉണ്ടാവും; ഉണ്ടാവണം.
-ബോബി ജോസ് കട്ടികാട്

Leave A Reply

Your email address will not be published.