Lekhakan News Portal

‘ക്രോസ് ഇൻ ഫയർ’ പ്രദർശനം വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തിൽ

0

വാഷിംഗ്ടൺ ഡി‌.സി: മധ്യപൂർവ്വേഷ്യയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി പീഡകൾ ഏറ്റുവാങ്ങിയ ക്രൈസ്തവരുടെ അവശേഷിപ്പുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രദർശനം വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തിൽ പുരോഗമിക്കുന്നു. ‘ക്രോസ് ഇൻ ഫയർ’ എന്നപേരിലാണ് പ്രദർശനം നടക്കുന്നത്. ക്രൈസ്തവർ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പീഡനം ലോകത്തെ ബോധ്യപ്പെടുത്തണമെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളും, ഹംഗേറിയൻ നേതാക്കളും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പ്രദർശന വസ്തുക്കൾ ഹംഗറിയിലെ ദേശീയ മ്യൂസിയത്തിൽ നിന്നും വാഷിംഗ്ടണിൽ എത്തിച്ചത്. അതിപുരാതന ക്രൈസ്തവ സമൂഹങ്ങളെ, ഇസ്ലാമിക് സ്റ്റേറ്റ് ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതിന്റെ പ്രതീകമെന്നോണമുള്ള പ്രദർശന വസ്തുക്കൾ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിൽ അതിക്രൂരമായ പീഡനങ്ങളുടെ കടന്നുപോയ ക്രൈസ്തവർ തങ്ങളുടെ ജീവിതം പൂർവ്വസ്ഥിതിയിലാക്കാൻ കഷ്ടപ്പെടുന്നതിന്റെ ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമാകുന്നു. ഇക്കാലഘട്ടത്തിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങളുടെ നേർസാക്ഷ്യമാണ് പ്രദർശനത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബെച് പ്രദർശനം ആരംഭിക്കുന്നതിനു മുമ്പ് വാഷിംഗ്ടൺ മ്യൂസിയത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഓരോ ദിവസവും വിശ്വാസത്തെ പ്രതി എട്ടു ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നുവെന്നും, കഴിഞ്ഞ വർഷം മാത്രം ഒൻപതിനായിരം ദേവാലയങ്ങൾ തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടുവെന്നും ട്രിസ്റ്റൺ ആസ്ബെച് ഓർമ്മിപ്പിച്ചു. ബൈബിൾ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം ഒരു സാംസ്കാരിക പരിപാടി മാത്രമല്ലെന്നും, മറിച്ച് പീഡിത ക്രൈസ്തവ സമൂഹത്തെ വ്യക്തിപരമായി അറിയാനും, അവരെ സഹായിക്കാനുമായുള്ള ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വിവിധ രാഷ്ട്രീയ നേതാക്കളും പ്രദർശനത്തിന്റെ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരിന്നു. മാർച്ച് രണ്ടാം തീയതി വരെ പ്രദർശനം നീണ്ടു നിൽക്കും.

Leave A Reply

Your email address will not be published.