Lekhakan News Portal

ദൈവത്തിന് ഇന്ന് താഴെപ്പറയുന്ന യോഗ്യതകളുള്ള ആളുകളെ ആവശ്യമുണ്ട് –

0

1. ദിനംപ്രതി തന്റെ മുമ്പാകെ നിന്ന് തന്റെ ശബ്ദം കേൾക്കുന്നവർ

2. ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കാത്തവർ

3. ദൈവത്തോടുള്ള ഉറ്റ സ്നേഹം നിമിത്തം തങ്ങളുടെ എല്ലാ വഴികളിലും സകലവിധ പാപത്തെയും വെറുക്കുന്നവർ: നീതിയെയും സത്യത്തെയും സ്നേഹിക്കുന്നവർ

4. കോപത്തെയും പാപകരമായ ലൈംഗികചിന്തകളെയും ജയിച്ചവരും തങ്ങളുടെ ചിന്തയിലോ മനോഭാവത്തിലോ പാപം ചെയ്യാനിടയാകുന്നതിനെക്കാൾ മരണമാണ് കൂടുതൽ അഭികാമ്യമെന്ന് കരുതുന്നവരുമായ ആളുകൾ

5. ദിനംതോറും തങ്ങളുടെ ക്രൂശെടുത്തുകൊണ്ട് പൂർണ്ണതയിലേക്കു മുന്നേറുന്നവർ; ഭയത്തോടും വിറയലോടും കൂടി സ്വന്തരക്ഷയ്ക്കായി പ്രവർത്തിക്കുന്നവർ

6. പരിശുദ്ധാത്മാവിനാൽ നിറഞ്ഞവർ; എത്ര വലിയ പ്രകോപനമുണ്ടായാലും മറ്റൊരു വ്യക്തിയുടെ നേരേ സ്നേഹശൂന്യമായ ഒരു മനോഭാവം കൈക്കൊള്ളാത്തവിധം ദൈവസ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവർ

7. മനുഷ്യരുടെ പ്രശംസയോ ആത്മീയപുരോഗതിയോ ദൈവത്താൽ അംഗീകരിക്കപ്പെട്ട ശുശ്രൂഷയോ മറ്റെന്തു തന്നെയോ ലഭിച്ചാലും തങ്ങൾ എല്ലാവിശുദ്ധന്മാരിലും ഏറ്റവും ചെറിയവരാണെന്നുള്ള ബോധം കൈവിടാതെ താഴ്മയിൽത്തന്നെ അടിയുറച്ചു നില്ക്കുന്നവർ

8. ദൈവവചനത്തിലൂടെ ദൈവസ്വഭാവത്തെക്കുറിച്ചും ഈ ലോകത്തിൽ ദൈവത്തിനു സാധിക്കുവാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയിട്ടുള്ളവർ; ഏറ്റവും ചെറിയ കല്പനകളിൽപ്പോലും അനുസരണക്കേടു കാണിക്കുകയോ അവ മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ ഉപേക്ഷ വിചാരിക്കുകയോ ചെയ്യാതെ ദൈവവചനത്തിന്റെ മുമ്പിൽ വിറയ്ക്കുന്നവർ

9. ദൈവത്തിന്റെ മുഴുവൻ ആലോചനയും മറ്റുള്ളവരെ അറിയിക്കയും മതപരമായ വേശ്യാവൃത്തിയെയും ദൈവവചനവിരുദ്ധമായ മാനുഷികപാരമ്പര്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നവർ

10. ദൈവഭക്തിയുടെ മർമ്മത്തെപ്പറ്റി-ക്രിസ്തുജഡത്തിൽ വെളിപ്പെടുകയും തന്റെ ജഡത്തിലൂടെ ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തതിനെപ്പറ്റി-പരിശുദ്ധാത്മാവിലൂടെ വെളിപ്പാടു പ്രാപിച്ചവർ

11. തീക്ഷ്ണതയോടും സ്ഥിരചിത്തതയോടും കൂടി അധ്വാനിക്കുന്നവർ; അതേ സമയം തന്നെ നർമ്മബോധവും ശാന്തതയും പൂണ്ട് കൊച്ചുകുട്ടികളോടൊത്ത് കളിക്കുവാനും പ്രകൃതിദത്തമായ ദൈവികദാനങ്ങൾ ആസ്വദിക്കുവാനും കഴിവുള്ളവർ

12. തന്നെത്താൻ പീഡിപ്പിക്കുന്ന ശരീരാഭ്യാസങ്ങളിലേർപ്പെടാതെ തന്നെ ആത്മശിക്ഷണത്തോടും ക്ലേശസഹിഷ്ണുതയോടും കൂടെ ജീവിക്കുന്നവർ

13. വിശേഷവസ്ത്രങ്ങളിലോ ഉല്ലാസയാത്രകളിലോ താൽപര്യമില്ലാത്തവർ: പാഴ്വേലകൾക്കായി തങ്ങളുടെ സമയമോ പ്രയോജനമില്ലാത്ത വസ്തുക്കൾക്കായി പണമോ ദുർവ്യയം ചെയ്യാത്തവർ

14. വിശിഷ്ടഭോജ്യങ്ങളോടുള്ള കൊതി ഉപേക്ഷിച്ചവർ, സംഗീതം, വിനോദം എന്നിവപോലെ നിയമാനുസൃതങ്ങളായ കാര്യങ്ങൾക്കു തന്നെയും അടിമകളാകാത്തവർ

15. മനുഷ്യരുടെ പരിഹാസം, ഉപദ്രവം, വ്യാജമായ കുറ്റാരോപണം, രോഗം, ദാരിദ്ര്യം, സ്വജനങ്ങളുടെ വൈരം, മതനേതാക്കളിൽനിന്നുള്ള പീഡനം എന്നീ കഷ്ടതകളുടെ തീച്ചുളയിൽക്കൂടിക്കടന്നും ദൈവത്താൽ ആ വിധം ശോധന ചെയ്യപ്പെട്ടും കൊള്ളാവുന്നവരായിത്തെളിഞ്ഞവർ

16. തങ്ങൾ തന്നെ പാപികളിൽ പ്രധാനികളെന്നറികയാൽ നികൃഷ്ടപാപികളോടും ഒന്നിനും കൊള്ളരുതാത്ത വിശ്വാസികളോടും സഹതാപം കാണിപ്പാൻ കഴിയുന്ന കരുണാപൂർണ്ണന്മാർ

17. ഒന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടാതെയും സാത്താനെയോ ദുഷ്ടജനങ്ങളെയോ പ്രതികൂലസാഹചര്യങ്ങളെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടാതെയും തങ്ങളുടെ സ്വർഗ്ഗസ്ഥപിതാവിന്റെ സ്നേഹം മൂലമുള്ള പൂർണ്ണ സുരക്ഷിതബോധത്തിൽ ഉറച്ചുനിൽക്കുന്നവർ

18. എല്ലാ കാര്യങ്ങളിലും തങ്ങളുടെ പരമമായ നന്മയ്ക്കായി ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം മൂലം ദൈവത്തിലുള്ള സ്വസ്ഥതയിൽ പ്രവേശിച്ചവർ: തന്മൂലം എല്ലാ മനുഷ്യർക്കും എല്ലാ വസ്തുക്കൾക്കും സാഹചര്യങ്ങൾക്കുമായി എല്ലായ്പ്പോഴും ദൈവത്തെ സ്തുതിക്കുന്നവർ

19. ദൈവത്തിൽ മാത്രം സന്തുഷ്ടി കണ്ടെത്തുകയാൽ എല്ലാ അസന്തുഷ്ടിയെയും ജയിച്ച് സന്തോഷപരിപൂർണ്ണരായി ജീവിക്കുന്നവർ

20. തങ്ങളിലോ തങ്ങളുടെ പ്രകൃതിസിദ്ധമായ കഴിവുകളിലോ ആശ്രയിക്കാതെ എല്ലാ സാഹചര്യങ്ങളിലും എല്ലാറ്റിനും മതിയായ ദൈവത്തിൽ പൂർണ്ണാശ്രയം വച്ചുകൊണ്ട് സജീവമായ വിശ്വാസം മുറുകെപ്പിടിക്കുന്നവർ

21. സ്വന്തവിവേകത്തെയും യുക്തിബോധത്തെയും പിന്തുടരാതെ പരിശുദ്ധാത്മാവു കാണിച്ചുതരുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവർ

22. കർത്താവായ യേശുക്രിസ്തുവിനാൽ തന്നെ പരിശുദ്ധാത്മാവിലും തീയിലും സ്നാനമേറ്റവർ; പകരം വ്യാജമായ വികാരാവേശത്താലോ ദൈവശാസ്ത്രപരമായ വാദഗതികളാലോ കബളിപ്പിക്കപ്പെടാത്തവർ

23. നിരന്തരമായ പരിശുദ്ധാത്മാഭിഷേകത്തിൽ ജീവിക്കുന്നവർ; ആ പരിശുദ്ധാത്മാവു നൽകുന്ന പ്രകൃതീതമായ കൃപാവരങ്ങളിൽ സമ്പന്നർ

24. ക്രിസ്തുവിന്റെ ശരീരമായ സഭയെപ്പറ്റി ദൈവികവെളിപ്പാടു ലഭിക്കുകമൂലം ഏതെങ്കിലും മതസമൂഹത്തിന്റെയോ സഭാവിഭാഗമെന്നറിയപ്പെടുന്ന സംഘടനയുടേയോ ഭാഗമാകാതെ ആ യഥാർത്ഥസഭയെ പണിതുയർത്തുവാൻ വേണ്ടി തങ്ങളുടെ എല്ലാ കഴിവുകളും ഭൗതികസമ്പത്തുകളും ആത്മീയവരങ്ങളും വിനിയോഗിക്കുന്നവർ

25. പരിശുദ്ധാത്മസഹായത്താൽ സ്വന്തനാവിനു കടിഞ്ഞാണിടുവാൻ ശീലിച്ചവർ; ഇപ്പോൾ അതേ നാവുതന്നെ ദൈവവചനം കൊണ്ട് ജ്വലിക്കുമാറ് രൂപാന്തരം പ്രാപിച്ചവർ

26. തങ്ങൾക്കുള്ളതെല്ലാം വിട്ടുകളഞ്ഞവർ; പണത്തിന്റെയോ ഭൗതികവസ്തുക്കളുടെയോ ബന്ധത്തിൽനിന്നു സ്വതന്ത്രരായും ദാനങ്ങളാഗ്രഹിക്കാതെയും ജീവിക്കുന്നവർ

27. തങ്ങളുടെ ഭൗതികമായ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി ദൈവത്തിൽ മാത്രം ആശ്രയം വയ്ക്കുന്നവർ; ഒരിക്കലും തങ്ങളുട ഭൗതികാവശ്യങ്ങളെപ്പറ്റി മറ്റുള്ളവർക്കു സൂചന നൽകാത്തവർ; തങ്ങളുടെ സേവനത്തെപ്പറ്റി സംഭാഷണത്തിലോ കത്തുകളിലോ റിപ്പോർട്ടുകളിലോ സ്വയം പ്രശംസിക്കാത്തവർ

28. ദുശ്ശാഠ്യക്കാരാകാതെ സൗമ്യപ്രകൃതികളായും തങ്ങളെക്കാൾ പ്രായവും അറിവുമുള്ള സഹോദരന്മാരുടെ നിയന്ത്രണത്തിനും തെറ്റുതിരുത്തലിനും വിധേയരായും ജീവിക്കുന്നവർ

29. മറ്റുള്ളവരുടെമേൽ അധികാരം ചെലുത്തുവാനോ അവരെ ഉപദേശിക്കുവാനോ താൽപര്യമില്ലാതെയും (ഉപദേശം തേടുന്നവരെ ഉപദേശിപ്പാൻ സന്നദ്ധതയോടും) മൂപ്പന്മാരായോ നായകന്മാരായോ ഗണിക്കപ്പെടുവാൻ ആഗ്രഹിക്കാതെയും സാധാരണസഹോദരന്മാരായും എല്ലാവർക്കും ദാസന്മാരുമാരായും ജീവിക്കുവാൻ ഇച്ഛിക്കുന്നവർ

30. മറ്റുള്ളവരോടു വിഷമം കൂടാതെ ഒത്തിണങ്ങിപ്പോകുന്നവർ; അസൗകര്യങ്ങളും നഷ്ടങ്ങളും സഹിച്ചുകൊണ്ടും മറ്റുള്ളവർക്കു നന്മ ചെയ്യുന്നവർ

31. ലക്ഷപ്രഭുവെന്നോ യാചകനെന്നോ വെള്ളക്കാരനെന്നോ കറുത്തവനെന്നോ ബുദ്ധിജീവിയെന്നോ ബുദ്ധിഹീനനെന്നോ സംസ്ക്കാരസമ്പന്നനെന്നോ അപരിഷ്കൃതനെന്നോ ഭേദം കൂടാതെ എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുന്നവർ

32. ഭാര്യ, മക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെയോ വിശ്വാസികളുടെയോ സ്വാധീനംമൂലം ക്രിസ്തുവിനോടുള്ള തങ്ങളുടെ ഭക്തിയിലും ദൈവകല്പനകളുടെ അനുസരണത്തിലും ഒരുപടി താണും തണുത്തും പോകാതെ ആദ്യസ്നേഹം നിലനിറുത്തുന്നവർ

33. സാത്താൻ വാഗ്ദാനം ചെയ്യുന്ന ധനം, മാനം, മറ്റേതെങ്കിലും പ്രതിഫലം എന്നിവയാൽ സ്വാധീനിക്കപ്പെടാതെ, ഒരിക്കലും ഒത്തുതീർപ്പിനു സന്നദ്ധരാകാതെ, ഉറച്ചുനില്ക്കുന്നവർ

34. മതാധ്യക്ഷന്മാരെയോ രാഷ്ട്രഭരണാധികാരികളെയോ ഭയപ്പെടാതെ നിർഭയം ക്രിസ്തുവിന്റെ സാക്ഷികളായി നിലകൊള്ളുന്നവർ

35. ഭൂമിയിൽ ഏതെങ്കിലും മനുഷ്യവ്യക്തിയെ പ്രസാദിപ്പിക്കുവാനാഗ്രഹിക്കാതെ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതിൽ ഏതൊരാളുടെ പിണക്കവും നേരിടുവാൻ ഒരുക്കമുള്ളവർ

36. തങ്ങളുടെ മാനുഷികമായ ആവശ്യങ്ങളോ സ്വന്തം സുഖസൗകര്യങ്ങളോ ഗണിക്കാതെ ദൈവമഹത്വത്തിനും ദൈവഹിതത്തിനും ദൈവരാജ്യത്തിനും എപ്പോഴും മുൻഗണന നൽകുന്നവർ

37. മറ്റുള്ളവരുടെയോ സ്വന്തം ബുദ്ധിയുടെയോ സമ്മർദ്ദങ്ങൾക്കു വഴങ്ങി നിർജ്ജീവപ്രവൃത്തികൾ അനുഷ്ഠിക്കാതെ തങ്ങളുടെ ജീവിതത്തെപ്പറ്റി ദൈവം വെളിപ്പെടുത്തിയിട്ടുള്ള തിരുഹിതം മാത്രം ചെയ്യുവാൻ വാഞ്ഛയോടെ ആഗ്രഹിക്കുന്നവർ

38. ക്രിസ്തീയവേലയിൽ ദേഹീപരവും (Soulish) ആത്മീയവുമായവയെ (Spiritual) തമ്മിൽ വേർതിരിച്ചറിയുവാൻ പരിശുദ്ധാത്മാവിനാലുള്ള വിവേചനം പ്രാപിച്ചവർ

39. കാര്യങ്ങളെ ഭൗതികമായ കാഴ്ചപ്പാടിലൂടെയല്ല, സ്വർഗ്ഗീയമായ ദർശനത്തോടെ തന്നെ നോക്കിക്കാണുവാൻ കഴിവുള്ളവർ

40. ദൈവത്തിനുവേണ്ടി തങ്ങൾ നടത്തുന്ന അധ്വാനത്തിനു പ്രതിഫലമായി ലഭിക്കാവുന്ന ലൗകികബഹുമതികളെയും സ്ഥാനങ്ങളെയും പരിത്യജിക്കുന്നവർ

41. ഇടവിടാതെ പ്രാർത്ഥിക്കുകയും ആവശ്യം വരുമ്പോൾ ഉപവാസത്തോടെയുള്ള പ്രാർത്ഥനയിൽ ജാഗരിക്കുകയും ചെയ്യുന്നവർ

42. ഔദാര്യമായും രഹസ്യത്തിലും വിവേകത്തോടും സന്തോഷത്തോടുംകൂടി കൊടുക്കുവാൻ ശീലിച്ചിട്ടുള്ളവർ

43. ഏതുവിധത്തിലെങ്കിലും ചിലരെ നേടുവാനായി എല്ലാവർക്കും എല്ലാമായിത്തീരുവാൻ സന്നദ്ധതയുള്ളവർ

44. മറ്റുള്ളവർ രക്ഷിക്കപ്പെടുവാൻ മാത്രമല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാരാകുവാനും സത്യത്തിന്റെ പരിജ്ഞാനത്തിലെത്തുവാനും ദൈവകല്പനകൾ എല്ലാം അനുസരിക്കുന്നവരായിത്തീരുവാനും ആഗ്രഹിക്കുന്നവർ

45. എല്ലാ സ്ഥലത്തും ദൈവത്തിന് വിശുദ്ധമായ ഒരു സാക്ഷ്യം ഉയർന്നുകാണുവാൻ തീവ്രമായ വാഞ്ഛയുള്ളവർ

46. ഒരു കാര്യത്തിലും സ്വാർത്ഥം അന്വേഷിക്കാത്തവർ

47. ആത്മീയാധികാരവും ആത്മീയമായ അന്തസ്സും പാലിക്കുന്നവർ

48. വേണ്ടിവന്നാൽ ദൈവത്തിനു വേണ്ടി ഈ ലോകത്തിൽ ഒറ്റയ്ക്കുനില്ക്കുവാൻ മനസ്സുള്ളവർ

49. ഒത്തുതീർപ്പിനു വഴങ്ങാതെ കഴിഞ്ഞകാലത്തെ അപ്പോസ്തലന്മാരെയും പ്രവാചകന്മാരെയുംപോലെ ഉറച്ചുനില്ക്കുന്നവർ

50. ഈ വിധത്തിലുള്ള ആളുകൾ സംഖ്യയിൽ വളരെ കുറവാകയാൽ ഇന്നും ദൈവത്തിന്റെ വേല നഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നു

51. പാപവും വ്യഭിചാരവുമുള്ള ഒരു തലമുറയിൽ, ഒത്തുതീർപ്പിൽ ജീവിക്കുന്ന ക്രൈസ്തവലോകത്തിന്റെ മധ്യത്തിൽ, ദൈവത്തിനുവേണ്ടി ഇപ്രകാരമുള്ള ഒരുവനായി ജീവിക്കുമെന്ന് പൂർണ്ണഹൃദയത്തോടെ തീരുമാനിക്കുക.ദൈവത്തിനു മുഖപക്ഷമില്ലാത്തതിനാൽ അതിനുവേണ്ടി തീക്ഷ്ണതയോടെ നിങ്ങൾ ആഗ്രഹിക്കുമെങ്കിൽ നിങ്ങൾക്കും അപ്രകാരം ഒരുവനാകുവാൻ സാധിക്കും. ഒരാളിന്റെ ബോധമണ്ഡലത്തിൽ (conscious area) മാത്രം സമർപ്പണവും അനുസരണവും ആവശ്യപ്പെടുന്നവനാണ് ദൈവം.അതിനാൽ ഒരുപക്ഷേ നിങ്ങളുടെ ബോധമണ്ഡലം പരിമിതമാണെങ്കിൽത്തന്നെയും ഈ വിധത്തിലുള്ള ഒരുവനാകുവാൻ നിങ്ങൾക്കു സാധ്യമാണ്.നിങ്ങൾ വെളിച്ചത്തിൽ നടക്കുകയും പരിപൂർണ്ണതയിലേക്കു വളരുകയും ചെയ്യുന്തോറും ഈ ബോധമണ്ഡലം കൂടുതൽ വിശാലമായിക്കൊണ്ടിരിക്കും.അതിനാൽ ഇപ്രകാരമുള്ള ഒരാളാകുവാൻ ‘എനിക്കു സാധിക്കയില്ലല്ലോ’ എന്നു ചിന്തിച്ച് നിങ്ങൾ ക്ലേശിക്കേണ്ട കാര്യമില്ല.

52. നമ്മുടെ ജഡത്തിൽ നന്മയൊന്നും വസിക്കാത്തതിനാൽ മേൽ വിവരിച്ച നന്മകൾ നമ്മിൽ വളർന്നു വരുവാനായി ദൈവകൃപ നാം അന്വേഷിക്കേണ്ടത് ആവശ്യമാണ്.കാലം അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ഈ നാളുകളിൽ ഈ വിധത്തിൽ ജീവിക്കുന്ന ഒരുവനായിത്തീരുന്നതിനുള്ള ദൈവകൃപയ്ക്കായി ദിനംപ്രതി ദൈവസന്നിധിയിൽ നിലവിളിക്കുക.

കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ
(കടപ്പാട്)

Leave A Reply

Your email address will not be published.