Lekhakan News Portal

പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ നിയുക്ത ഗ്രീക്ക് പ്രസിഡൻറ് എകാടെരിനി സാകെല്ലാരോപോളോ.

0

പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ നിയുക്ത ഗ്രീക്ക് പ്രസിഡൻറ് എകാടെരിനി സാകെല്ലാരോപോളോ.
ഏഥൻസ്: ഗ്രീസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എകാടെരിനി സാകെല്ലാരോപോളോ ബൈബിളിൽ തൊട്ട് പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം സാകെല്ലാരോപോളോയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ഏഥൻസ്-മാസിഡോണിയൻ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മതപരമല്ലാത്ത സത്യപ്രതിജ്ഞയുടെ കാര്യം പരിഗണനയില്ലെന്ന് സാകെല്ലാരോപോളോയുടെ അടുത്ത സഹായി പറഞ്ഞതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏഥൻസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ ബൈബിളിൽ തൊട്ട് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഗ്രീസിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പരമ്പരാഗതമായി അധികാരത്തിലേറുന്നത്.

2015-ൽ ഇതിൽ നിന്ൻ വ്യത്യസ്തമായി മുൻ പ്രധാനമന്ത്രിയും നിരീശ്വരവാദിയുമായ അലെക്സിസ് സിപ്രാസ് അധികാരത്തിലേറിയപ്പോൾ ബൈബിൾ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു. “ഭരണഘടനയേയും നിയമങ്ങളേയും സംരക്ഷിക്കാമെന്നും, അവയുടെ വിശ്വസ്തമായ ആചരണം ഉറപ്പുവരുത്താമെന്നും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും, ഗ്രീക്ക് ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാമെന്നും, ജനതയുടെ പൊതുതാൽപ്പര്യത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമെന്നും ഏകവും ദൈവീകവുമായ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ സത്യപ്രതിജ്ഞ ചെയ്യുന്നു” എന്നാണ് ഗ്രീക്ക് സത്യപ്രതിജ്ഞയിൽ പറയുന്നത്.

2018-ലും ചില മന്ത്രിമാർ ഗ്രീക്ക് ഓർത്തഡോക്സ് സഭാ പ്രതിനിധികളുടെ അസാന്നിധ്യത്തിൽ മതനിരപേക്ഷ സത്യപ്രതിജ്ഞയാണ് ചെയ്തത്. 1941-ൽ നിലവിൽ വന്നതിനു ശേഷം ആദ്യമായിട്ടായിരുന്നു അത്തരമൊരു സത്യപ്രതിജ്ഞ അരങ്ങേറിയത്. മുതിർന്ന ജഡ്ജിയും പരിസ്ഥിതി ഭരണഘടനാ നിയമങ്ങളിൽ നിപുണയുമായ എകാടെരിനി സാകെല്ലാരോപോളോയുടെ സത്യപ്രതിജ്ഞ വരുന്ന മാർച്ച് 31-നാണ് നടക്കുക. ഗ്രീസിന്റെ ചരിത്രത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയാണ്‌ സാകെല്ലാരോപോളോ. തങ്ങളുടെ പുതിയ പ്രസിഡന്റ് പാരമ്പര്യമനുസരിച്ച് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന വാർത്ത സന്തോഷത്തോടെയാണ് ഗ്രീക്ക് ജനത വരവേറ്റിരിക്കുന്നത്

Leave A Reply

Your email address will not be published.