Lekhakan News Portal

രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കർ, കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

0

 

ന്യൂഡൽഹി: രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കർക്കുള്ള പുരസ്കാരം കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപരാഷ്ട്രപതി എം.  വെങ്കയ്യനായിഡുവിൽനിന്ന് സ്വീകരിച്ചു. ഭാരതീയ ഛാത്രസംസദിന്റെ 2019-ലെ മാതൃകാ നിയമസഭാ സ്പീക്കർ പുരസ്കാരമാണ് ഇന്നലെ ഡൽഹിയിൽനടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയത്.
രാഷ്ട്രീയപ്രക്രിയയെ സർഗാത്മകമാക്കുന്നതിൽ യുവജനത ഇടപെടണമെന്നും രാഷ്ട്രീയത്തോട് ഇഴുകിച്ചേർന്ന് ചുമതലകൾ ഏറ്റെടുക്കണമെന്നും പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കവേ ശ്രീരാമകൃഷ്ണൻ പറഞ്ഞു. “ഭരണഘടന എന്നത് ഭരിക്കാനുള്ള ചില ഘടനകൾ മാത്രമല്ല. മൂല്യങ്ങളുടെ സംഭരണി കൂടിയാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിലും മാർഗനിർദേശക തത്ത്വങ്ങളിലും അടിയുറച്ചുവിശ്വസിക്കുകയും അവയെ സംരക്ഷിക്കുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യേണ്ട സമയമാണിത്”. അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ലോക്‌സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ, നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥി, ശാസ്ത്രജ്ഞൻ ഡോ. രഘുനാഥ് അനന്ത് മഷേൽക്കർ, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. വിജയ് ഭട്കർ, പ്രൊഫ. വിശ്വനാഥ് ഡി. കാരാഡ്, ഡോ. രാഹുൽ വി. കാരാഡ് എന്നിവർ പങ്കെടുത്തു .
സ്പീക്കർ ശ്രീരാമകൃഷ്ണൻ, മികച്ച യുവനിയമസഭാംഗത്തിനുള്ള പുരസ്കാരം നേടിയ കെ.എസ്. ശബരീനാഥൻ എം.എൽ.എ. എന്നിവരെ കേരളഹൗസിൽവെച്ച് ഡൽഹിയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Leave A Reply

Your email address will not be published.