Lekhakan News Portal

കൊറോണയ്ക്കെതിരെ ദൈവത്തിൽ ആശ്രയിച്ച് യു‌എസ് ഭരണകൂടം: നാളെ ദേശീയ പ്രാർത്ഥന ദിനമായി ട്രംപ് പ്രഖ്യാപിച്ചു

0

വാഷിംഗ്‌ടൺ ഡി.സി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നാളെ മാർച്ച് 15 ഞായർ ‘ദേശീയ വാർഷിക പ്രാർത്ഥനാ ദിന’മായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് ജനങ്ങളോട് ദൈവത്തിലേക്ക് തിരിയുവാൻ ആഹ്വാനം ചെയ്തത്. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ചയാണ് സാധാരണ ഗതിയിൽ ദേശീയ വാർഷിക പ്രാർത്ഥനാ ദിനമായി ആചരിക്കുന്നത്. എന്നാൽ കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ദേശീയ വാർഷിക പ്രാർത്ഥനാ ദിനം നാളെ നടത്തുവാൻ ട്രംപ് ഭരണകൂടം ദ്രുതഗതിയിലുള്ള തീരുമാനമെടുക്കുകയായിരിന്നു. രോഗവ്യാപനത്തിനിടെ ദൈവീക അസ്ഥിത്വത്തെ പരിഹസിച്ചു കൊണ്ട് രംഗത്തുള്ള നിരീശ്വരവാദികൾക്കുള്ള മറുപടിയായാണ് ട്രംപിൻറെ പ്രഖ്യാപനത്തെ വിശ്വാസികൾ വിലയിരുത്തുന്നത്.

“ഇതുപോലുള്ള അവസരങ്ങളിൽ സംരക്ഷണത്തിനും, ശക്തിക്കുമായി ദൈവത്തെ നോക്കിക്കൊണ്ടിരുന്ന ഒരു രാജ്യമാണ് നമ്മുടേതെന്ന് ചരിത്രം നോക്കിയാൽ കാണാം. നിങ്ങൾ എവിടെ ആയിരുന്നാലും കുഴപ്പമില്ല, വിശ്വാസത്തോടു കൂടി ദൈവത്തോട് പ്രാർത്ഥിക്കുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മൾ ഒരുമിച്ച് അനായാസമായി ഇതിനെ അതിജീവിക്കും” ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിൽ കുറിച്ചു. ദേശീയ വാർഷിക പ്രാർത്ഥനാ ദിനമായി പ്രഖ്യാപിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരംഗീകാരമാണെന്നും ട്രംപിന്റെ ട്വീറ്റിൽ പറയുന്നുണ്ട്.
വെള്ളിയാഴ്ച പ്രാദേശിക സമയം മൂന്നു മണിക്ക് വൈറ്റ്ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിലൂടെയായിരുന്നു ട്രംപ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റെന്ന നിലയിൽ ദൈവ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഭരണവും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളും ക്രൈസ്തവ സമൂഹത്തിനിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിൽ പ്രാർത്ഥനയിലൂടെ തങ്ങൾ ശബ്ദമുയർത്തുകയും ദൈവമഹത്വത്തിലേക്ക് ദൃഷ്ടികൾ ഉയർത്തുകയും ചെയ്യുമെന്ന് കഴിഞ്ഞ മാസം ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിനിടക്ക് ട്രംപ് പറഞ്ഞിരിന്നു.

Leave A Reply

Your email address will not be published.