Lekhakan News Portal

എനിക്കായ് മരിച്ചവൻ

0

എനിക്കായ് മരിച്ചവൻ

ആ മനുഷ്യൻ മെല്ലെ കണ്ണുകൾ തുറന്നു. മുകളിലുള്ള കിളിവാതിലിൽ കൂടി ഊർന്നിറങ്ങിയ അരുണകിരണങ്ങൾ തടവറയിലെ ഇരുളിനെ കീറിമുറിച്ചു. അരുണ പ്രഭയോട് അങ്കം വെട്ടി അകാല ചരമം അടയുന്ന ഇരുളിനോട്‌ താദാത്മ്യം
പ്രഖ്യാപിച്ചുകൊണ്ട് തടവറയുടെ കരിങ്കൽ ഭിത്തികൾ മുഖം കറുപ്പിച്ച് തങ്ങളുടെ അമർഷം രേഖപെടുത്തി. തടവറയുടെ ഒരു കോണിൽ കല്ലുകൾ കൊണ്ടു തീർത്ത തന്റെ ശയ്യയിൽ നിന്നയാൾ മെല്ലെ എഴുന്നേറ്റു. തല കുനിച്ചു കൈകൾ ഊന്നി ഒരു വില്ല് പോലെ വളഞ്ഞു കിടക്കയിൽ തന്നെ അയാൾ അല്പനേരം ഇരുന്നു. രാത്രിയിൽ തമസ്സിനെ കവചമാക്കി ആ മുറിയിൽ യഥേഷ്ടം വിഹരിച്ച ഇഴജന്തുക്കൾ, പതിവുപോലെ തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് വീണ്ടും മടങ്ങി വരുമെന്ന മുന്നറിയിപ്പോടെ തങ്ങളുടെ രമ്യങ്ങളിലേക്ക് ഓടി മറഞ്ഞു. തടവറയുടെ ബലമുള്ള ഇരുമ്പ് വാതിൽ ഇടനാഴിയിൽ രാത്രി മുഴുവനും എരിഞ്ഞിരുന്ന പന്തങ്ങളിൽ നിന്ന് ഉദ്വമിക്കുന്ന പ്രകാശത്തെ തടഞ്ഞുവച്ചു. എന്നാൽ കത്തി അമരുന്ന പന്തങ്ങളിൽ നിന്ന് വമിക്കുന്ന പുകയ്ക്കും ഗന്ധത്തിനും ഇടനാഴിയിൽ വഴിതെറ്റി അലഞ്ഞിരുന്ന ശബ്ദങ്ങൾക്കും ആ ഇരുമ്പ് വാതിൽ ഒരിക്കലും പ്രവേശനാധികാരം നിരസ്സിച്ചിരുന്നില്ല.

അടുത്ത മുറികളിൽ നിന്നുയരുന്ന തടവുകാരുടെ ബഹളങ്ങൾ അയാളെ തെല്ലും അലട്ടിയില്ല. തടവിൽ ആയ ആദ്യ സമയങ്ങളിൽ പ്രതിഷേധത്തിന്റെ അലറലുകൾ തന്നിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ പിന്നീട് അത് ദുഖത്തിന്റെ രോധനങ്ങളായി മാറി. ദുഖവും നിരാശയും തളർത്തിയ മനസ്സിനെ മരവിപ്പിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് വിടുവിച്ചത് ഭ്രാന്തമായ ആക്രോശങ്ങളായിരുന്നു. പ്രതിഷേധത്തിന്റെ അലർച്ചകളെയും, ദുഖത്തിന്റെ നിലവിളികളെയും, ഭ്രാന്തിന്റെ ആക്രോശങ്ങളെയും കണ്ടനാളത്തിൽ നിന്ന് മനസിന്റെ ഉള്ളറകളിലേക്ക് തള്ളി മാറ്റി മൌനം ഭജിക്കുവാൻ തുടങ്ങിയിട്ടു കാലങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു?

ദിവസവും ഒരു നേരം മാത്രം ലഭിച്ചിരുന്ന ഭക്ഷണവും വെള്ളവും ശരീരത്തിൽ നിന്നും സ്വാതന്ത്രം ആകുവാൻ വെമ്പുന്ന പ്രാണനെ ശരീരത്തോട് ചേർത്ത് ബന്ധിക്കുവാൻ മാത്രമേ ആകുമായിരുന്നുള്ളു. ഒരിക്കൽ കാള കൂറ്റനെ പോലെ ദൃഢഗാത്രനായിരുന്ന താനിപ്പോൾ മെലിഞ്ഞുണങ്ങി ഒരു നായിക്കോലം ആയതിന് ഈ അല്പഭക്ഷണം വലിയ പങ്കു വഹിച്ചിരുന്നു. ക്ഷൗരക്കത്തി തൊടാത് ജട പിടിച്ച തലമുടി മുതുകിലെ തെളിഞ്ഞുനിന്ന നട്ടെല്ലുകലെയും, നീണ്ട താടി രോമങ്ങൾ നെഞ്ചിൽ തെളിഞ്ഞു നിന്ന വാരിയെല്ലുകളെയും മറയ്ക്കുവാൻ മൽത്സരിച്ചു കൊണ്ടിരുന്നു. കടന്നു പോയ കാലങ്ങളും തടവറയിലെ ഏകാന്ത വാസവും അയാളെ തിരിച്ചറിയാൻ കഴിയാത്തത്ര മാറ്റിയിരിക്കുന്നു.

ആഹാരം കൊണ്ടു വരുന്ന പട്ടാളക്കാരന്റെ കാൽ ഒച്ചയും കാത്ത് അയാൾ തൻറെ മനസ്സിൻറെ ചുവർ അലമാരകളുടെ തട്ടുകളിൽ അടുക്കി വച്ചിരുന്ന ഓർമ്മയുടെ പുസ്തകങ്ങളിലെ താളുകൾ മെല്ലെ മറിച്ചു. തൻറെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഭാര്യയുടെയും കുട്ടികളുടെയും നിറം മങ്ങിയ ഛയാചിത്രങ്ങൽ ഓർമ്മയുടെ ഏടുകളിൽ തെളിഞ്ഞു വന്നു. ഒരിക്കൽ അവരെ ത്വജിച്ചു നാടിൻറെ സ്വാതന്ത്ര്യത്തിനായി പൊരുതിയത് അയാൾ ഓർത്തു. എന്തൊരു ആവേശം ആയിരുന്നു അന്ന്. തൻറെ ജന്മ നാടിനെ അടിച്ചമർത്തി വാഴുന്നവർക്ക് എതിരെ ഒളിയുദ്ധം നയിച്ചപ്പോൾ ഒരിക്കലും തൻറെ കുടുംബത്തെ പറ്റി ഓർത്തിരുന്നില്ല. സ്വന്തം ജീവനെ പോലും വകവയ്കാതെ ഉള്ള പോരാട്ടത്തിനു തൻറെ കുടുംബത്തിന്റെ ഓർമകൾ ഒരു വിലങ്ങു തടി ആകുവാൻ താൻ സമ്മതിച്ചിരുന്നില്ല.

നാട്ടിൽ പലയിടത്തും കലാപങ്ങൾ സൃഷ്ട്ടിക്കുവാൻ തനിക്കു കഴിഞ്ഞിരുന്നു. തൻറെ വാക്കുകൾ കേട്ട് തന്നോടൊപ്പം അണി നിരന്ന പോരാളികളെ വീറോടെ നയിക്കുവാൻ താൻ പ്രാപ്തനായിരുന്നു. നാടുവാഴിയുടെ പട്ടാളക്കാരെ കൊന്നൊടുക്കുമ്പോൾ നാട്ടിൽ തനിക്കെതിരെ ഉയർന്ന മിതവാതികളെയും യാതൊരു ദാക്ഷണ്യവും കാണിക്കാതെ ഉന്മൂലം ചെയ്യുവാൻ താൻ ശ്രദ്ധിച്ചിരുന്നു. ഇത് നാട്ടുകാരെ തനിയ്ക്ക് എതിരെ തിരിക്കുവാൻ നാടുവാഴി വിദക്തമായി ഉപയോഗിച്ചു. സ്വന്തം പ്രാണനെക്കാൾ താൻ അധികം വിശ്വസിച്ചിരുന്ന സഹചാരികൾ, നാടുവാഴി അവരുടെ മുന്നിലേക്കിട്ട സ്വർണ നാണയങ്ങൾ കണ്ട് ഉച്ഛിഷ്ടത്തിനായി കടി കൂടുന്ന നായ്ക്കളെ പോലെ കടിപിടികൂടി. അവർ വീതിച്ചെടുത്തത് താൻ കാണാതെ പോയി. തന്നെ ഒറ്റി കൊടുക്കുവാൻ തയ്യാറായ തൻറെ കൂട്ടാളികളുടെ സഹായത്തോടെ നാടുവാഴി ചക്രവർതിയ്ക്കെതിരെ ഉയർന്ന പ്രക്ഷോഭത്തിന്റെ നാമ്പുകളെയും തല്ലി കെടുത്തി.

പിടിയിൽ ആയ താൻ മരണ ശിക്ഷ പ്രതീക്ഷിച്ചെങ്കിലും നാടുവാഴി തന്നെ തുറുങ്കിൽ അടയ്ക്കാൻ ഉത്തരവിടുകയായിരുന്നു. നാട്ടുകാർ തൻറെ മരണത്തിനു വേണ്ടി മുറവിളി കൂട്ടി എങ്കിലും നാടുവാഴി വഴങ്ങിയില്ല. ഒരു നിമിഷം കൊണ്ട് കഴുമരത്തിൽ തന്നെ അവസാനിപ്പിക്കേണ്ട എന്ന് അയാൾ കരുതി കാണും. തടവറയിൽ പതിയെ കാർന്നു തിന്നുന്ന മരണം ഓരോ നിമിഷവും മുന്നിൽ കണ്ടുകൊണ്ടു നരകിച്ചു മരിക്കനായിരിക്കും തനിക്ക് അയാൾ കഴുമരം നിരസിച്ചത്‌. മരണത്തെ തെല്ലും ഭയക്കാതെ ഉറച്ച ഹൃദയവുമായി ജീവിച്ച ആ കാലങ്ങൾ യവനികയ്ക്ക് പിന്നിൽ എന്നോ പോയി മറഞ്ഞിരിക്കുന്നു. താൻ പോലും അറിയാതെ മനസ്സിൻറെ ഏതോ കോണിൽ നുഴഞ്ഞു കയറിയ മരണ ഭീതി ഇന്ന് മനസ്സിനെ മുഴുവൻ ആവരണം ചെയ്തു കഴിഞ്ഞിരിക്കുന്നു.

ദൂരെ ഇടനാഴിയിലൂടെ ആഹാരവുമായി വരുന്ന പട്ടാളക്കാരുടെ തോൽ ചെരിപ്പുകളുടെ ശബ്ദം അയാളെ ഓർമകളിൽ നിന്നും തട്ടി ഉണർത്തി. കിടക്കയിൽ നിന്നും മെല്ലെ എഴുന്നേറ്റ അയാൾ ആഹാരവും വെള്ളവും വാങ്ങാനുള്ള പാത്രങ്ങൾ ഇരു കൈകളിലും എടുത്തുകൊണ്ടു ഇരുമ്പ് വാതിലിനടുത്തേക്ക് നടന്നു നീങ്ങി. ഇരുമ്പ് വാതിലിൽ പുറത്തേക്കു തുറക്കുന്ന ചെറിയ വാതിലിനോടു തൻറെ പാത്രം അയാൾ ചേർത്ത് പിടിച്ചു. തനിക്കായി വിളമ്പുന്ന ആഹാരത്തിന്റെ ഒരു തരിയും ദിവസവും രാത്രിയിൽ അഴുക്കു ചാല്ലിൽ നിന്നും വരുന്ന ഇഴജന്തുക്കളും ആയി പങ്കു വയ്ക്കുവാൻ അയാൾ തയാറല്ലായിരുന്നു.

പട്ടാളക്കാരുടെ കാല്പെരുമാറ്റം പതിവിനു വിപരീതമായി വളരെ പെട്ടെന്ന് അടുത്ത് വരുന്നത് അയാൾ ശ്രദ്ധിച്ചു. സാധാരണ ആഹാരം കൊണ്ട് വരുന്ന പട്ടാളക്കാർ ഓരോ തടവ്‌ മുറിയുടെയും മുമ്പിൽ നില്കുകയും ഇരുമ്പ് വാതിലുകളിലെ കിളിവാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതും കേൾക്കാറുണ്ടായിരുന്നു. എന്നാൽ ഇടനാഴിയിൽ പ്രധിദ്വനിച്ചത് ഒരു ഭംഗവും ഇല്ലാതെ നടന്നു വരുന്നവരുടെ കാല്പെരുമാറ്റം ആയിരുന്നു. അയാൾ കിളിവാതിലിനോട് ചേർത്ത് പിടിച്ചിരുന്ന പാത്രം മാറ്റി തൻറെ ചെവി വാതിലിനോടു അടുപ്പിച്ചു.

ആഹാരവും വെള്ളവും കൊണ്ട് വരുന്ന പട്ടാളക്കാർ അല്ല അതെന്നു അയാൾ തിരിച്ചറിഞ്ഞു. പുതിയ തടവുകാരനെ കൊണ്ട് വരുക ആയിരിക്കും. ആ തടവറയിലെ ആക്രോശങ്ങളിലും കോലാഹലങ്ങളിലും പങ്കു ചേരുവാൻ മറ്റൊരു ഹതഭാഗ്യനും കൂടി. അയാൾ നെടുവീർപ്പിട്ടു. എന്നാൽ ചങ്ങലയിൽ പൂട്ടപ്പെട്ടു ഇടറി നടക്കുന്ന ഒരാളുടെ കാല്പെരുമാറ്റമൊ ചങ്ങലകളുടെ പരിഹാസം നിറഞ്ഞ അട്ടഹാസങ്ങളോ കേൾക്കുന്നില്ല എന്ന വസ്തുത അയാൾ തിരിച്ചറിഞ്ഞു. ഏതോ തടവുകാരനെ മരണത്തിലേക്ക് കൂട്ടികൊണ്ട് പോകുവാൻ വരിക ആയിരിക്കും. സാവധാനമായി നരക യാതന അനുഭവിച്ചു ഈ തടവറകളിൽ ജീവനാശം സംഭവിക്കുന്നതിലും നല്ലത് ഒരു നിമിഷം കൊണ്ടുള്ള മരണം തന്നെ.

പട്ടാളക്കാർ തൻറെ തടവ്‌മുറിയുടെ വാതിൽ കടന്നു പോകുന്നതും കാത്തു നിന്ന അയാളെ ഞെട്ടിച്ചുകൊണ്ട് കാൽ പെരുമാറ്റങ്ങൾ വാതിലിനപ്പുറം നിന്നു. മരണത്തെ തൊട്ടു മുന്നിൽ കണ്ടത് പോലെ അയാൾ വാതിൽക്കൽ നിന്നും നടുക്കത്തോടെ പിന്നിലേക്ക്‌ നീങ്ങി. ഇരുമ്പ് വാതിലിൻറെ കിളിവാതിൽ തുറന്നു തടവറക്കുള്ളിലേക്ക് നോക്കുന്ന പട്ടാളക്കാരന്റെ കണ്ണുകൾ ഒരു മിന്നായം പോലെ അയാൾ കണ്ടു. വർഷങ്ങളായി തുറക്കാതെ ഇരുന്ന ഇരുമ്പ് ഓടാമ്പൽ പ്രധിഷേധം അറിയിച്ചുകൊണ്ട്‌ പതുക്കെ നിരങ്ങി നീങ്ങാൻ തുടങ്ങി. ഇടിമുഴക്കം പോലെ അതിൻറെ ശബ്ദം ഇടനാഴിയിൽ പ്രതിദ്വനിച്ചു. തൻറെ കയ്യിൽ നിന്നു താഴെ വീണ പാത്രങ്ങൾ തുള്ളിച്ചാടി പൊട്ടിച്ചിരിക്കുന്നത് ഒരു ശില പോലെ തരിച്ചു നിന്ന അയാൾ ശ്രദ്ധിച്ചില്ല. പട്ടാളക്കാർ ഇരുമ്പ് വാതിൽ മെല്ലെ തള്ളി തുറന്നു. മൌനം അടക്കി വാണിരുന്ന അയാളുടെ തൊണ്ടയിൽ നിന്ന് ഉയർന്ന തേങ്ങൽ, മനസ്സില്ലാ മനസോടെ തുറന്ന വാതിലിൻറെ പഴകിയ തിരുകുറ്റികളുടെ സീല്കാരത്തിൽ അലിഞ്ഞു പോയി.

ആ തടവറയിലേക്ക് മൂന്ന് പട്ടാളക്കാർ പ്രവേശിച്ചു. നാലാമത് ഒരാൾ തുറന്ന വാതിൽക്കൽ പാറാവ്‌ നിന്നു. പട്ടാളക്കാരുടെ ആജ്ഞ ഓരോന്നും യാന്ത്രികമായി അയാൾ അനുസരിച്ചു. അൽപ സമയത്തിനുള്ളിൽ പട്ടാളക്കാർ അയാളെ പുതിയ വസ്ത്രവും ചങ്ങലയും ധരിപ്പിച്ചു തടവ്‌ മുറിയിൽ നിന്നു ഇടനാഴിയിലൂടെ കാരാഗ്രഹത്തിനു പുറത്തേക്കു നയിച്ചു. ഓരോ കാൽച്ചുവടുകളും തന്നെ മരണത്തിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നു എന്നയാൾ ഓർത്തു. തടവറയുടെ ഏകാന്തതയിൽ പലപ്പോഴും മരണം ആഗ്രഹിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ മനസ്സിന്റെ വിറയൽ കാലുകളിലും കൈകളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.

തെരിവു വീഥികൾ ആ ആണ്ടിലെ ഉത്സവത്തെ വരവേല്ക്കാൻ ഒരുങ്ങികഴിഞ്ഞിരുന്നു. നിരത്തിലൂടെ നാല് പട്ടാളക്കാർ തന്നെ നയിച്ചു കൊണ്ട് പോകുന്നത് ചുറ്റുപാടും ഉള്ളവർ ശ്രദ്ധികുന്നത് അയാൾ അറിഞ്ഞു. ആരും തന്നെ തിരിച്ചറിയുന്നില്ല. വർഷങ്ങൾക്കു മുൻപ് തടവറയിലേക്ക് കൊണ്ടുപോകുമ്പോൾ തൻറെ രക്തത്തിനായി കൊതിച്ചവരിൽ നിന്നും തന്നെ രക്ഷിക്കുവാൻ പട്ടാളക്കാർ ബുദ്ധിമുട്ടിയിരുന്നു. ഉത്സവത്തിൻറെ ഒരുക്കങ്ങളിൽ മുഴുകിയിരുന്നവർ ചെയ്തു കൊണ്ടിരുന്ന പ്രവർത്തികളിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിച്ചു. ഒരു പക്ഷെ തൻറെ അന്ത്യത്തെ ആഘോഷിക്കുവാൻ നാട് ഒരുങ്ങുക ആയിരിക്കും എന്ന് അയാൾ വേദനയോട് ഓർത്തു.

നാടുവാഴിയുടെ ന്യായസനതിനു മുന്നിൽ അയാളെ പട്ടാളക്കാർ നിർത്തി. വർഷങ്ങൾക്കു മുൻപ് തൻറെ വിചാരണയിൽ വന്നത് പോലെ നാട്ടുകാർ അവിടെ തിങ്ങി നിറഞ്ഞു നില്കുന്നത് അയാൾ കണ്ടു. അവരുടെ കണ്ണുകളിൽ പണ്ട് കണ്ട അതേ ആവേശം ഇപ്പോഴും ഉള്ളത് അയാൾ തിരിച്ചറിഞ്ഞു. എന്നാൽ തന്നിൽ അന്നുണ്ടായിരുന്ന ആവേശം എന്നേ ചോർന്നു പോയിരിക്കുന്നു. കടന്നു പോയ കാലങ്ങൾ തന്നിൽ വലിയ വ്യത്യാസങ്ങൾ വരുത്തിയെങ്കിലും കാണികളിൽ സാരമായ മാറ്റങ്ങൾ വന്നിട്ടില്ല. ജീവച്ഛവം ആയ തന്നെ വധിച്ചിട്ടു നാട്ടുകാർക്ക് എന്തു പ്രയോജനം. തൻറെ വലതുവശത്തായി അധികം അകലെ അല്ലാതെ വേറെ ഒരു തടവുകാരനെ കൂടി നിറുത്തിയിരിക്കുന്നത്‌ അയാൾ കണ്ടു. അന്നത്തെ ദിവസം ആഹാരം ലഭികാതിരുന്നതും, തടവറയിൽ നിന്നു അവിടം വരെ ചങ്ങല ധരിച്ചുള്ള നടത്തവും, അതിലുപരി മരണ ഭീതിയും അയാളെ വല്ലാതെ തളർത്തിയിരുന്നു. അയാൾക്ക്‌ തൻറെ കണ്ണുകളിലേക്കു ഇരുട്ട് കയറുന്നത് പോലെയും ചുറ്റുമുള്ളതെല്ലാം തന്നെ വലം വെയ്കുന്നത് പോലെയും തോന്നി. സൂര്യ താപം ഏറ്റുണങ്ങി വീഴുന്ന ഒരു കരിയില പോലെ അയാൾ കുഴഞ്ഞു വീണു.

ഗബദ എന്ന് അറിയപെട്ടിരുന്ന ആ സ്ഥലത്തെ ന്യായാസനത്തിൽ നാടുവാഴിയായ പീലാത്തോസ് ഉപവിഷ്ട്ടനായി. പീലാത്തോസ് ഉച്ചത്തിൽ; ബറബ്ബാസ്സിനെയോ ക്രിസ്തു എന്ന് പറയുന്ന യേശുവിനെയോ, ആരെ കുറ്റവിമുക്തനായി നിങ്ങൾക്കു വിട്ടു തരണം എന്ന് ചോദിച്ചു. ഉൽത്സവസമയതു പുരുഷാരം ഇഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്ക പതിവായിരുന്നു. അവർ അസൂയ കൊണ്ടാകുന്നു യേശുവിനെ ഏല്പിച്ചത് എന്ന് നാടുവാഴി ഗ്രഹിച്ചിരുന്നു. എന്നാൽ ബറബ്ബസ്സിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിചിരുന്നു. നാടുവാഴിയായ പീലാത്തോസ് അവരോടു; ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ട് വന്നുവല്ലോ. ഞാനോ നിങ്ങളുടെ മുൻപാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല. ഹേരോദാവും കണ്ടില്ല. അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ. ഇവൻ മരണ യോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം. അതുകൊണ്ട് ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്ന് പറഞ്ഞു. യേശുവിനെ കൊന്നുകളക ബറബ്ബാസിനെ വിട്ടു തരിക എന്ന് എല്ലാവരും കൂടെ നിലവിളിച്ചു.

നാടുവാഴിയായ പീലാത്തോസ് യേശുവിനെ വിടുവിപ്പാൻ ഇഛിച്ചിട്ടു പിന്നെയും അവരോടു ഈ ഇരുവരിൽ ഏവനെ വിട്ടു തരേണം എന്ന് നിങ്ങൾ ഇഛിക്കുന്നു എന്ന് ചോദിച്ചു. എന്നാൽ നാടുവാഴി ബറബ്ബാസ്സിനെ വിട്ടു കൊടുക്കേണ്ടതിനു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പുരുഷാരമോ യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് വീണ്ടും നിലവിളിച്ചു. പീലാത്തൊസ് മൂന്നാമതും അവരോടു അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ അടുപ്പിച്ചു വിട്ടയക്കും എന്ന് പറഞ്ഞു. അവരോ അവനെ ക്രൂശിക്കെണ്ടതിനു വീണ്ടും അവനെ നിർബദ്ധിച്ചു കൊണ്ടിരുന്നു.. അവരുടെ അപേക്ഷ പോലെ ആകട്ടെ എന്ന് പീലത്തൊസ് വിധിച്ചു. ബറബ്ബാസ്സിനെ അവർക്ക് വിട്ടുകൊടുക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കുകയും ചെയ്തു. അപ്പോൾ ഉൽത്സവത്തിന്റെ ഒരുക്കനാൾ ഏകദേശം ആറാം മണി നേരം ആയിരുന്നു.

ബറബ്ബാസ് മെല്ലെ കണ്ണുകൾ തുറന്നു. തൻറെ ശരീരത്തിൽ നിന്നും പട്ടാളക്കാർ ചങ്ങല അഴിച്ചു മാറ്റുന്നത് അയാൾ അറിഞ്ഞു. മരണം പ്രതീക്ഷിച്ച തന്നെ വെറുതെ വിട്ടിരിക്കുന്നു. താൻ സ്വതന്ത്രൻ ആയി, എന്ന യാഥാര്‍ത്ഥ്യം വിശ്വസിക്കാൻ. അയാൾക്ക് കഴിയുമായിരുന്നില്ല. മരണത്തിൽ നിന്നു ജീവിതത്തിലേക്ക് മടങ്ങി വരുവാൻ ഉണ്ടായ കാരണങ്ങൾ അയാൾ പലരിൽനിന്നും മനസിലാക്കി. കാരാഗ്രഹത്തിൽ മരണത്തെ പ്രതീഷിച്ച, ഒരിക്കലും വിടുതൽ ലഭിക്കാൻ സാധ്യത ഇല്ലാത്ത ആശ അറ്റ തനിക്കു ജീവിതം മടക്കി തന്നത് യേശു ആണ്. ഇന്ന് ആ നീതിമാൻറെ മരണം ആയിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞു. കാലങ്ങൾ കഴിഞ്ഞിട്ടും യേശുവിനെ പറ്റി ഓർക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറയുമായിരുന്നു. ഇടറിയ ശബ്ദത്തോടെ അയാൾ ഇങ്ങനെ പറയുമായിരുന്നു; യേശു എനിക്ക് പകരം മരിച്ചു. അതെ സഹോദരങ്ങളെ അവൻ നമുക്കായി, അല്ല….. അവൻ എനിക്കായ് മരിച്ചു.

ജിജോ പീറ്റർ , ചെന്നൈ

Leave A Reply

Your email address will not be published.