Lekhakan News Portal

ക്രൈസ്തവർ അക്രമിക്കപ്പെടാത്ത ഒരു ദിവസം പോലുമില്ല കാമറൂൺ ബിഷപ്പിന്റെ വെളിപ്പെടുത്തൽ

0

കാമറൂണ്‍: നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന കാമറൂണ്‍ ഗ്രാമങ്ങളിലെ ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് കത്തോലിക്ക മെത്രാന്റെ വെളിപ്പെടുത്തല്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) മായി സംസാരിക്കവേ വടക്കന്‍ കാമറൂണിലെ മറൂവ-മൊകോളോയിലെ ബിഷപ്പായ ബ്രൂണോ അടേബായാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സ്വന്തം അതിരൂപതയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിടയില്‍ ഇസ്ലാമിക തീവ്രവാദികളുടെ 13 ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. 2020 ആരംഭിച്ചതു മുതല്‍ കാമറൂണില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബൊക്കോ ഹറാമിന്റെ ആക്രമണങ്ങള്‍ പ്രദേശവാസികളില്‍ ഭീതിവിതച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെളിപാടിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പോലത്തെ ലോകാവസാന നാളിലെ മഹാവിനാശകാരിയായ മൃഗമാണ്‌ ബൊക്കോ ഹറാം. ഒരു തല മുറിച്ചു കളഞ്ഞാലും മറ്റൊരു തല കിളിര്‍ത്തുവരുന്ന ‘ഹൈഡ്ര’യേപോലെ. ബൊക്കോ ഹറാം അവസാനിച്ചു എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ ഭീകരത വടക്കന്‍ കാമറൂണില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദനഹാതിരുനാള്‍ ദിവസം കാമറൂണിലെ ഒരു ദേവാലയത്തില്‍ തീപിടുത്തമുണ്ടായതിന്റെ പിന്നില്‍ ബൊക്കോ ഹറാമാണെന്ന് സംശയിക്കുന്നതായും ബിഷപ്പ് ബ്രൂണോ പറഞ്ഞു. ഇതിനെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഭീകരാക്രമണമാകുവാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമസ് ദിനത്തില്‍ 11 നൈജീരിയക്കാരുടെ ജീവനെടുത്ത ആക്രമണം ഉള്‍പ്പെടെ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുണ്ടായ വിവിധ ആക്രമണങ്ങളുടെ പിന്നിലും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്കാ പ്രോവിന്‍സുമായി ബന്ധമുള്ള ബൊക്കോ ഹറാം വിഭാഗമാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൈജീരിയയില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ബൊക്കോ ഹറാം തങ്ങളുടെ പ്രവര്‍ത്തനമേഖല ഇപ്പോള്‍ കാമറൂണിലേക്കും, ചാഡിലേക്കും മാറ്റിയിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാമറൂണില്‍ തീവ്രവാദി ആക്രമണങ്ങളിലുണ്ടായ വര്‍ദ്ധനവും, ബിഷപ്പ് ബ്രൂണോയുടെ വെളിപ്പെടുത്തലും ഈ വാര്‍ത്തയെ ശരിവെക്കുകയാണ്.

Leave A Reply

Your email address will not be published.