Lekhakan News Portal

നിങ്ങളുറങ്ങാനായി നിങ്ങളുടെ മനസ് എന്നും കാത്തിരിക്കുകയാണ്.

0

നിങ്ങളുറങ്ങാനായി നിങ്ങളുടെ മനസ് എന്നും കാത്തിരിക്കുകയാണ്.

നിങ്ങളുറങ്ങിയിട്ടു വേണം നിങ്ങളുടെ കൂടെ കിടന്ന നിങ്ങളുടെ മനസിന് നിങ്ങളുടെ അടുത്തുനിന്നും മെല്ലെ ഉരുണ്ടു മാറാൻ. കണ്ണടച്ചു, തലചരിച്ചു, കിടന്നുറങ്ങുന്ന നിങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിങ്ങളറിയാതെ ഒന്ന് എണീറ്റ് നില്ക്കാൻ. വാ പൊത്തി ചിരിച്ചു കൊണ്ട് “അയ്യോ, പാവം” എന്ന് പറയാതെ പറയാൻ! ഹ, എന്താ സുഖം! മനസിപ്പോൾ ഫ്രീ ആണ്. അതിനു ചിന്തിക്കേണ്ടത് ചിന്തിക്കാം, ഇഷ്ടമുള്ളതിഷ്ട്ടപ്പെടാം, പോകേണ്ടിടത്ത് പോകാം. അങ്ങനെ ചിന്തിക്കേണ്ട, ഇങ്ങനെ ചിന്തിക്കേണ്ട, അതോർക്കണ്ട, ഇതോർക്കണ്ട എന്ന് പറയാൻ ഇപ്പോൾ നിങ്ങളുടെ കൈയിൽ അല്ലല്ലോ മനസിന്റെ കടിഞ്ഞാൺ!

മനസിന് അതറിയാം. അതുകൊണ്ടാണ് കളിപ്പാട്ടം കണ്ട കുട്ടിയെ പോലെ മനസ് ഉറക്കം കൊണ്ട് നിങ്ങളെ എന്നും കൊതിപ്പിക്കുന്നത്. മൊബൈൽ ഓഫ് ചെയ്യൂ, ടി വി നാളെ കാണാം, നാളെ ജോലിക്കു പോകേണ്ടതല്ലേ എന്നൊക്കെ ചിന്തിപ്പിച്ചു കട്ടിലിലേക്ക് ക്ഷണിക്കുന്നത്. സ്വപ്‌നങ്ങൾ കാണിച്ചു സന്തോഷിപ്പിച്ചു നിങ്ങളെ ഉറക്കത്തിലേക്കു വീണ്ടും വീണ്ടും ആഴ്ത്തുന്നത്.

അപ്പോൾ നിങ്ങളുടെ മനസിന് ഒരു വേള നിങ്ങളായി മാറാനാകും. നിങ്ങളാകാതെ നിങ്ങൾ കൊണ്ട് നടക്കുന്ന “യാഥാർത്ഥ” നിങ്ങളായി മാറി അത് ഇഷ്ടമുള്ളത് കാണും, ഇഷ്ടമുള്ളത് ചെയ്യും, പറയും, കേൾക്കും! ഫേസ്ബുക്കിൽ കാണിക്കാത്ത, ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാത്ത, സെൽഫിയിൽ കാണാത്ത യഥാർത്ഥ നിങ്ങൾ. ഭർത്താവിനറിയാത്ത, ഭാര്യയ്ക്ക് തിരിയാത്ത നിങ്ങളാകുന്ന നിങ്ങൾ.

നിങ്ങളോടുള്ള നിങ്ങളുടെ മനസിന്റെ തീവ്രമായ ആഗ്രഹമാണ് നിങ്ങളുടെ ഉറക്കം. പക്ഷെ വിരുതനായ മനസ് അത് നിങ്ങളോടു പറയുന്നില്ല എന്നെ ഉള്ളൂ!

അതുകൊണ്ടു ആരോടും പറയാതെ എന്നും നിങ്ങളുടെ മനസ് നിങ്ങളുറങ്ങാനായി സ്നേഹപൂർവ്വം കാത്തിരിക്കുകയാണ്!

നിങ്ങൾ ഇന്നുറങ്ങുമ്പോൾ അതറിയണം!
—————————————————————
Denis Arackal

Leave A Reply

Your email address will not be published.